ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

൫. കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ


ഇങ്ങനെ ൬൪ ഗ്രാമത്തിൽ ബ്രാഹ്മണരും പെരുമാക്കളും കൂടി സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശേഷം ൬൪ ഗ്രാമവും കൂടി യോഗം തികഞ്ഞു, തൃക്കാരിയൂർ ക്ഷേത്രത്തിൽ തിരുനാവായി മണപ്പുറത്ത കൂടി തല തികഞ്ഞു അടിയന്തരസഭയിങ്കന്നു നിരൂപിച്ചു "ഈവണ്ണം കല്പിച്ചാൽ മതി അല്ല; നാട്ടിൽ ശിക്ഷാരക്ഷ ഇല്ലാതെ പോം. ബ്രാഹ്മണർ നാടു പുറപ്പെട്ടു പോകേണ്ടിവരും; ഒരു രാജാവു വേണം" എന്നു കല്പിച്ചു ഐകമത്യപ്പെട്ടു പരദേശത്തു ചെന്നു (ആനകുണ്ടി കൃഷ്ണരായരുമായി കണ്ടു, പന്തീരാണ്ടു ൧൨ ആണ്ടു കേരളം പരിപാലിപ്പാൻ ഒരുത്തരെ അയക്കണം എന്ന അവധി പറഞ്ഞു, പല സമയവും സത്യവും ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ ആദി രാജാ പെരുമാളെയും; പിന്നെ പാണ്ടിപ്പെരുമാളെയും കല്പിച്ച അയക്കയും ചെയ്തു. അവരുടെ വാഴ്ച കഴിഞ്ഞ ശേഷം ക്ഷത്രിയനായ ചേരമാൻ പെരുമാളെ കല്പിച്ചു നിശ്ചയിച്ചു. അങ്ങനെ ചേരമാൻ പെരുമാളെ കൂട്ടി കൊണ്ടുപോരുമ്പോൾ, വാസുദേവമഹാഭട്ടത്തിരിയെ ശകുനം കണ്ടു, നടകൂടി കൊണ്ടു പോന്നു തൃക്കാരിയൂർ പൊന്മാടത്തിങ്കീഴ് അടിയന്തരം ഇരുന്നു. ൬൪ ഗ്രാമത്തിൽ ബ്രാഹ്മണർ കേരളരാജ്യം ൧൬0 കാതം അടക്കി, വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു, ഏകഛത്രാധിപതിയായി അവരോധിച്ചു കൊൾവാന്തക്കവണ്ണം പൂവും നീരും കൊടുത്തു, ചേരമാൻ പെരുമാൾ കേരളരാജ്യം, ൧൬0 കാതം നീർ വാങ്ങുകയും ചെയ്തു.






"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/47&oldid=162278" എന്ന താളിൽനിന്ന് ശേഖരിച്ചത്