അമേരിക്കൻ ഐക്യനാടുകളിലെ വിസക്കൊൻസി കെവാനി നഗരത്തിലെ ജനങ്ങൾ റൊമാ മതവിശ്വാസത്തെ ഉപേക്ഷിച്ചു അന്ത്യോക്യാ സഭയോട് ചേരുവാൻ ആഗ്രഹിച്ചപ്പോൾ അവരെ ഭരിച്ചുകൊള്ളുന്നതിന് ഒരു മെത്രാപ്പോലീത്താ ആവശ്യപ്പെട്ടതിനാൽ അവരുടെ പട്ടക്കാരനായ റേനി വിലാത്തി എന്ന പാദ്രി മലങ്കര ഇടവകയുടെ മാർ ദിവന്നാസ്യോസു മെത്രാനൊടും ഇൻഡ്യ സിലോൻ ഗോവ ഇടവകയുടെ മാർ യൂലിയോസ് മെത്രാപ്പോലീത്തായോടും വിവരം അറിയിച്ചതിനാൽ അവർ പാത്രിയർക്കീസു ബാവ തിരുമനസിലേക്ക് അപേക്ഷ അയച്ച് റെനി വിലാത്തിയെ മെത്രാനായി വാഴിക്കുന്നതിന് കല്പന വരുത്തുകയും അദ്ദേഹം കൊളംബിൽ എത്തി താമസിയ്ക്കുകയും ചെയ്യുമ്പോൾ മാർ അത്തനാസ്യോസ് മെത്രാപ്പോലീത്തായും മാർ ഗ്രീഗോറിയോസു മെത്രാപ്പോലീത്തായും മാർ യൂലിയോസ് അൽവാറീസ് മെത്രാപ്പോലീത്തായും കൂടെ കോട്ടയത്ത് സിമ്മനാരിയിൽ നിന്നും ക്രിസ്താബ്ദം 1892 കൊല്ലം 1067 ഇടവം 3 ന് ഞായറാഴ്ച രാത്രി 12 മണിയ്ക്ക് യാത്ര പുറപ്പെട്ടു.
മാർ അത്തനാസ്യോസു മെത്രാപ്പോലീത്തായോടു കൂടെ കുമരകത്ത് കളത്തിൽപറമ്പിൽ യൗസെപ്പു ശെമ്മാശും വാകത്താനത്ത് കാരുചിറ ഗീവറുഗീസ് ശെമ്മാശും മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായോട് കൂടെ കാരിച്ചാൽ കൊച്ചു കോശി കത്തനാരും തുമ്പമൺകാരൻ യാക്കോബ് ശെമ്മാശും അൽവാറിസ് മെത്രാപ്പോലീത്തായോട് കൂടെ ഗോവാക്കാരൻ കൈത്താൻ എന്ന ഒരു അയ്മേനിയും വാലിയക്കാരായി ഇട്ടീരാ-തോമാ എന്നവരും വിശേഷാൽ ശീമക്കാരൻ സ്ലീബാ ശെമ്മാശനും അതു കൂടാതെ ശീമയ്ക്ക് പോകുന്നതിനായി മല്ക്കി എന്നൊരു ശീമക്കാരനും ഉണ്ടായിരുന്നു. ഇവർ എല്ലാവരും യാത്രയ്ക്ക് ഒരുങ്ങി, അപ്പോൾ സിമ്മനാരിയിൽ മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും മൂക്കഞ്ചെരിൽ ഗീവറുഗീസ് റമ്പാച്ചനും കോനാട്ട് മാത്തൻ മൽപ്പാനച്ചനും മറ്റും ഉണ്ടായിരുന്നു.