ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാം അധ്യായം

ഒന്നാംപ്രകരണം. വിദ്യാസമുദ്ദേശം
ആന്യീക്ഷികീസ്ഥാപന.


വിദ്യകളെന്നാൽ ആന്വീക്ഷികി, ത്രയി, വാൎത്ത, ദണ്ഡനീതി എന്നിവയാണു്.

ത്രയിയും വാൎത്തയും ദണ്ഡനിതീയുമാണ് വിദ്യകളെന്നു മനുശിഷ്യന്മാർ പറയുന്നു. അവരുടെ പക്ഷത്തിൽ ആന്വീക്ഷികി ത്രയിയുടെതന്നെ ഒരുവകഭേദമാണ്.

വാൎത്തയും ദണ്ഡനിതീയും എന്ന രണ്ടേ വിദ്യയുളളു എന്നു ബൃഹസ്പതിശിഷ്യന്മാർ അഭിപ്രായപ്പെടുന്നു. അവരുടെമതത്തിൽ, ത്രയി എന്നതു ലോകയാത്രയറിയുന്നവന്നു് ഒരു സംവരണം (രക്ഷ) മാത്രമാകുന്നു.

ദണ്ഡനിതീയൊന്നേ വിദ്യയുളളു എന്നു ശുക്രശിഷ്യന്മാർ. ദണ്ഡനിതീയിൽത്തന്നെ എല്ലാ വിദ്യകളുടെയും സാരങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് അവരുടെ പക്ഷം.

വിദ്യകൾ നാലുംതന്നെയുണ്ടെന്നാണ് കൌടില്യമതം. വിദ്യകളുടെ വിദ്യാത്വമെന്നത് അവകൊണ്ടു ധൎമ്മാൎത്ഥങ്ങളെ അറിയാമെന്നുളളതുതന്നെയാണല്ലോ.

സാഖ്യം, യോഗം, ലോകായതം ഇവയാണ് ആന്വീക്ഷികി. ധൎമ്മാധൎമ്മങ്ങൾ ത്രയിയിലും, അൎത്ഥാനൎത്ഥങ്ങൾ വാൎത്തയിലും, നയാപനയങ്ങൾ ദണ്ഡനിതീയിലും പറഞ്ഞിരിക്കുന്നു. ഇവയിലെ ധൎമ്മാധൎമ്മാദികളുടെ ബലാബലങ്ങളെ യുക്തികളാൽ അന്വീക്ഷണം ചെയ്തുകൊണ്ട് ആന്വീക്ഷികി ലോകത്തിന്നുപകാരം ചെയ്യുന്നു; വ്യസനം വരുമ്പോഴും അഭ്യുദയം വരുമ്പോഴും വികാരം ഭവിക്കാത്തവിധം ബുദ്ധിയെ നിലനിൎത്തുന്നു. പ്രജ്ഞ, വാക്കു, പ്രവൃത്തി ഇവയ്ക്കു നൈപുണ്യമുണ്ടാക്കുകയും ചെയ്യുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/17&oldid=202130" എന്ന താളിൽനിന്ന് ശേഖരിച്ചത്