ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൮൬
ധൎമ്മസ്ഥീയം മൂന്നാമധികരണം


ബന്ധമില്ലാത്ത ഗൃഹങ്ങൾക്കു മറ്റേ ഗൃഹത്തിന്റെ ചുമരിൽനിന്നു രണ്ടരത്നിയോ മൂന്നു പദമോ വിട്ടിട്ടു പാദത്തിങ്കൽ (അടിയിൽ) ബന്ധനം ഉണ്ടാക്കിക്കണം. ഗൃഹോചിതമായിട്ടുള്ള അവസ്കരം (കുപ്പ), ഭ്രമം (വെള്ളം പോകാനുള്ള ഓവു്), ഉദപാനം (കിണറു്) എന്നിവ അവയ്ക്കു പറ്റിയ സ്ഥാനങ്ങളില്ലാതെ ഉണ്ടാക്കിക്കരുതു്. എന്നാൽ ഇതു്, പ്രസവിച്ചു പത്തുദിവസം കഴിയുന്നതുവരെയുള്ള സൂതികാകൂപത്തെ (വേതുവെള്ളക്കുഴി) ഒഴിച്ചുള്ളവയ്ക്കു മാത്രമേ ബാധകമാകയുള്ളൂ. ഈ വിധിയെ തെറ്റിച്ചുനടന്നാൽ പൂൎവ്വസാഹസം ദണ്ഡം.

ഇപ്പറഞ്ഞതുകൊണ്ടുതന്നെ കല്യാണകൃത്യങ്ങളിൽ (വിവാഹം മുതലായ അടിയന്തരങ്ങളിൽ) ഉണ്ടാക്കുന്ന വിറകുപുര, ആചാമം (വെള്ളക്കുണ്ടു്), ജലമാൎഗ്ഗം മുതലായവയുടെ കാൎയ്യവും പറഞ്ഞുകഴിഞ്ഞു.

അയൽഗൃഹത്തിന്റെ ഭിത്തിയിൽനിന്നു മൂന്നു പദമോ ഒന്നര അരത്നിയോ വിട്ടു വേണം ഉദകമാൎഗ്ഗം (ഓവു്) നിൎമ്മിക്കുവാൻ. അതു ഗാഢപ്രസൃതമായോ (തടസ്ഥം കൂടാതെ ഒഴുകത്തക്കതു്) പ്രസ്രവണത്തിൽ (വരിവെള്ളച്ചാലിൽ) ചെന്നു വീഴത്തക്കതോ ആയിരിക്കണം. ഇതിനെ അതിക്രമിച്ചു നടന്നാൽ അയ്‌മ്പത്തിനാലു പണം ദണ്ഡം.

അയൽഗൃഹത്തിന്റെ ഭിത്തിയിൽനിന്നു ഒരു പദമോ ഒരരത്നിയോ വിട്ടിട്ടുവേണം ചക്രിസ്ഥാനം (കോഴി മുതലായവയുടെ കുണ്ട), ചതുഷ്പദസ്ഥാനം (നാൽക്കാലികളുടെ തൊഴുത്തു്), അഗ്നിഷ്ഠം (അടുപ്പ്), ഉദഞ്ജരസ്ഥാനം (വെള്ളപ്പീപ്പയുടെ സ്ഥാനം), രോചനി, കുട്ടനി എന്നിവയെ സ്ഥാപിക്കുവാൻ. ഇതിനെ അതിക്രമിച്ചാൽ ഇരുപത്തിനാലുപണം ദണ്ഡം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/297&oldid=204936" എന്ന താളിൽനിന്ന് ശേഖരിച്ചത്