ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൩
അറുപത്താറാം പ്രകരണം പതിന്നാലാം അധ്യായം


സംഘഭൃതന്മാർ, സംഭൂയസമുത്ഥാക്കൾ (സംഘമായിച്ചേൎന്നു കൃഷി, കച്ചവടം മുതലായവ ചെയ്യുന്നവർ) എന്നിവർ അന്യോന്യം പറഞ്ഞു നിശ്ചയിച്ചപോലെയോ, എല്ലാവരും സമമായിട്ടോ ലാഭത്തെ വിഭജിക്കണം.

കൎഷകന്മാരും കച്ചവടക്കാരും, സസ്യങ്ങളുടേയോ പണ്യങ്ങളുടേയോ ആരംഭത്തിന്നും അവസാനത്തിന്നുമിടയിൽ ഒരുവൻ സന്ന(വ്യാധിതൻ)നായിത്തീൎന്നാൽ അവൻ ചെയ്തേടത്തോളമുള്ള കൎമ്മത്തിന്റെ പ്രത്യംശം കൊടുക്കണം. അവൻ തന്റെ പകരത്തിന്നു മറ്റൊരാളെ ആക്കിയിട്ടുണ്ടെങ്കിൽ മുഴുവൻ അംശവും കൊടുക്കണം. പണ്യങ്ങളെല്ലാമെടുത്തു യാത്ര പുറപ്പെടുവാൻ ഭാവിക്കുമ്പോൾ ഒരുവൻ സന്നനായെങ്കിൽ അവന്റെ പ്രത്യംശം അപ്പോൾത്തന്നെ കൊടുക്കണം. എന്തുകൊണ്ടെന്നാൽ, വഴിയിൽ പണ്യങ്ങളുടെ സിദ്ധിയുമസിദ്ധിയും അനിശ്ചിതമാണല്ലോ. കൂട്ടായിട്ടുള്ള കൎമ്മം ആരംഭിച്ചതിന്നുശേഷം സ്വസ്ഥനായിട്ടുള്ള ഒരുവൻ വിട്ടുപോയാലാകട്ടേ അവന്നു പന്ത്രണ്ടു പണം ദണ്ഡം. സംഭൂയസമുത്ഥാക്കളിൽവച്ചു് ഒരുവന്നു കൂട്ടത്തിൽനിന്നു പിരിഞ്ഞു പോകുവാൻ സ്വാതന്ത്ര്യമില്ല.

കൂട്ടമായിച്ചേൎന്നു ചോരവൃത്തി ചെയ്യുന്നവരിൽവച്ചു് ഒരുവനെയാകട്ടെ, അവന്ന് അഭയവും കൂട്ടക്കാർ കൊടുപ്പാൻ നിശ്ചയിച്ചിട്ടുള്ള പ്രത്യംശം കൊടുക്കാമെന്നു പറഞ്ഞു പരിഗ്രഹിച്ചു് അവൻമുഖേന മറ്റു ചോരന്മാരെ പിടിക്കുകയും, അവന്നു നിശ്ചയപ്രകാരം പ്രത്യംശവും അഭയവും നൽകുകയും വേണം. അവൻ പിന്നീടു ചോരകൎമ്മം ചെയ്കയോ അന്യദേശത്തേക്കു പോകയോ ചെയ്താൽ പ്രവാസനം (നാടുകടത്തൽ) ചെയ്യണം, മഹാപരാധങ്ങൾ ചെയ്തലാകട്ടെ ദൂഷ്യരെപ്പോലെ വധിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/334&oldid=206543" എന്ന താളിൽനിന്ന് ശേഖരിച്ചത്