ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരംശംകൊണ്ടു ചേതനത്വവും ഒരംശംകൊണ്ടു അചേതനത്വവും ഉള്ളവനെന്നു വരികിൽ,

1സാവയവത്വം[1] ഉണ്ടായി 2ഘടപടാദികൾക്ക്[2] എന്നപോലെ 3കാര്യത്വം[3] വന്നു 4പരമകാരണത്വഭംഗം[4] ഭവിക്കും. "യദ്യദ് സാവയവം തത്തൽ കാര്യം യഥാ ഘടപടാദി" - ഏതെല്ലാം അവയവത്തോടു കൂടിയതോ അതെല്ലാം കാര്യമാകുന്നു. ഘടം, പടം മുതലായവ എങ്ങനെയോ അപ്രകാരം ഇതല്ലയോ ന്യായം.

ഇനിയും ദൈവം സ്വതന്ത്രത്വമുള്ളവനാകയാൽ വേറൊന്നിനെ അപേക്ഷിക്കാതെ സ്വേച്ഛാപ്രകാരം ലോകത്തെ നിർമ്മിച്ചുവെന്നു അനുവദിക്കാമെങ്കിൽ, അതു ചേരുകയില്ല. സ്വതന്ത്രത്വം ഉള്ളതുകൊണ്ട് ന്യായത്തെ നോക്കാതെയോ നോക്കിയോ കൃത്യത്തെ ചെയ്യുന്നത്?

നോക്കാതെ ചെയ്യുമെങ്കിൽ ജീവന്മാരുടെ പുണ്യപാപങ്ങളാകുന്ന കാരണങ്ങൾ വേണ്ടെന്നും തോന്നിയപോലെ നിയമം കൂടാതെ സുഖദുഃഖങ്ങളെ കൊടുക്കുമെന്നും കാര്യത്തിനു തക്കതായ കാലം, ദേശം മുതലായ സാമാന്യകാരണങ്ങളെയും നോക്കാതെ യഥേഷ്ടം കൃത്യം ചെയ്യുമെന്നും 5ധർമ്മിധർമ്മഭാവസംബന്ധന്യായം[5] നോക്കാതെ കാഠിന്യമുള്ളതായ ഭൂമിയെ ദ്രവത്വമുള്ളതാക്കുകയും ദ്രവത്വമുള്ള ജലത്തെ കാഠിന്യവും ഗന്ധവും ഉള്ളതാക്കുകയും അഗ്നിയെ രസമുള്ളതാക്കുകയും വായുവിനെ രൂപമുള്ളതാക്കുകയും ഇനിയും തോന്നിയ പ്രകാരമെല്ലാം ചെയ്യുമെന്നും ന്യായം നോക്കിത്തന്നെയാണെങ്കിൽ കാര്യകാരണസ്വഭാവസംബന്ധന്യായത്തെയും [6] 6സൽകാര്യവാദന്യായത്തെയും[7] അനുസരിച്ച് ഉപദാനകാരണത്തെ അപേക്ഷിച്ച് കൃത്യം ചെയും എന്നലയോ സമ്മതിക്കേണ്ടത്.

അങ്ങനെയാണെങ്കിൽ ഉപാദാനകാരണം മുതലായവയെ അപേക്ഷിച്ച് കൃത്യം ചെയ്യുന്നതുകൊണ്ട് ദൈവം സ്വതന്ത്രത്വം ഇല്ലാത്തവനാകുമല്ലോ. എന്നാൽ അങ്ങനെ അല്ല. ദൈവത്തിന്റെ സ്വാതന്ത്യ്രമായത് സ്വതന്ത്രമായ വേറെ ഒന്നിനാൽ പ്രര്യമാണമല്ലാതെ ഇരുന്ന് സാധനം മുതലായവയെ നിയമിച്ചു നടത്തുന്ന ശക്തിയാകുന്നു. അല്ലാതെ ജീവകർമ്മം മുതലായവയെ അപേക്ഷിക്കാതെ ഇരിക്കുന്നതല്ല. ഭണ്ഡാഗാരം മുതലായവയെ അപേക്ഷിച്ചു ദാനം മുതലായ കൃത്യങ്ങളെ ചെയ്യുന്ന രാജാവിനു സ്വാവധി സ്വതന്ത്രത്വം കുറയാത്തതുപോലെ നിമിത്തം, ഉപാദാനകാരണം, ജീവകർമ്മം മുതലായവയെ അപേക്ഷിച്ചു കൃത്യം ചെയ്യുന്ന ദൈവത്തിനും സ്വാതന്ത്യ്രത്തിനു യാതൊരു കുറവും ഇല്ല.

ഇങ്ങനെ ഉപാദാനകാരണത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു കണ്ടിരിക്കുന്നു.

  1. സാവയവത്വം = അവയവങ്ങളോട് കൂടിയ അവസ്ഥ
  2. ഘടപടാദികൾ = കുടം, വസ്ത്രം മുതലായവ.
  3. കാര്യത്വം = അവയവം അഥവാ രൂപം ഉള്ള അവസ്ഥ.
  4. പരമകാരണത്വഭംഗം = പരമപ്രധാനമായ അഥവാ ഏറ്റവും അടിസ്ഥാനപരമായ കാരണം എന്ന തത്വത്തിന്റെ ഭംഗം
  5. ധർമ്മിധർമ്മഭാവസംബന്ധന്യായം = വസ്തുവിനെയും അതിന്റെ ധർമ്മത്തെയും നോക്കി ബന്ധിപ്പിക്കുന്ന ന്യായം.ഭൂമിയുടെ ധർമ്മം കാഠിന്യവും ഗന്ധവുമാണ്. ജലത്തിന്റെ ധർമ്മം ദ്രവത്വം. ഭൂമിയ്ക്കു കാഠിന്യവും, ഗന്ധവും ധർമ്മങ്ങളാകുന്നു. ജലത്തിന്റെ "ധർമ്മം" രസവും, ദ്രവത്വവുമാണ്. ഭൂമിയും, ജലവും "ധർമ്മി" എന്നറിയപ്പെടുന്നു. ഇവ തമ്മിലുള്ള സംബന്ധമാണ് ധർമ്മിധർമ്മഭാവസംബന്ധം.
  6. കാര്യകാരണസ്വഭാവസംബന്ധം. = കാരണത്തിന്റെ സ്വഭാവം കാര്യത്തിൽ അനുവർത്തിക്കും എന്നതാണ് കാര്യകാരണസ്വഭാവസംബന്ധം.
  7. സൽകാര്യവാദന്യായത്തെയും = കാര്യകാരണ ബന്ധത്തിലൂടെയുള്ള സത്യാന്വേഷണം.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/22&oldid=162544" എന്ന താളിൽനിന്ന് ശേഖരിച്ചത്