മാനത്തെ രക്ഷിക്കുന്നതിനോ വേറെ എന്തെങ്കിലും കാര്യത്തിനുവേണ്ടി അപ്രകാരം പറഞ്ഞിരിക്കാം. അതുകൊണ്ട് നിങ്ങൾ ഇപ്രകാരം സിദ്ധാന്തിച്ചു പറയുന്നതു ശരിയല്ല.
യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ ഗുരുവിനെ സ്തുതിക്കുന്നതിനായിട്ട് യേശു മരിച്ചു എത്രയോ സംവൽസരങ്ങൾ കഴിഞ്ഞതിനുശേഷം എഴുതിയ കള്ളക്കഥകളെ എങ്ങനെയാണ് വിശ്വസിക്കുന്നത്?
ആകയാൽ മറിയം പുരുഷനോട് ചേരാതെ പുത്രനെ പ്രസവിചു എന്നുള്ളത് ശുദ്ധമേ കള്ളമാകകൊണ്ട് അതുഹേതു വായിട്ട് യേശുവിന് ദൈവത്വം സാധിച്ചുകൂടാ. അതൊരുവേള സത്യമെന്നു കരുതികൊണ്ടാലും മനുഷ്യരിൽവച്ച് ഒരു വിശേഷമനുഷ്യൻ എന്നല്ലാതെ ജനിപ്പിക്കപ്പെട്ടവനെ മഹാദൈവമെന്നു പറയുന്നത് ചേരാത്തതാകുന്നു.
ഇനി യേശുനാഥൻ ജന്മപാപസംബന്ധം കൂടാതെ ജനിച്ചു എന്നു നിങ്ങൾ പറയുന്നല്ലോ. ആദി മനുഷ്യൻ ചെയ്ത പാപം വിട്ടുപോകാതെ അവന്റെ സന്തതികളിൽ ചേരുമെന്ന് ദൈവനിയമം ഇരിക്കകൊണ്ടും യേശു എന്ന ആളും ആ ആദിമനുഷ്യന്റെ സന്തതിയിൽ നിന്നുണ്ടായ മറിയത്തിന്റെ ഉദരത്തിൽ അവളുടേ ശോണിതകാര്യശരീരിയായി ജനിച്ചവനാകകൊണ്ട് ജന്മപാപം സംബന്ധിക്കുമെന്നുള്ളതിലേയ്ക്ക് സന്ദേഹമില്ല. അദ്ദേഹം പരിശുദ്ധനാകയാൽ പാപം സംബന്ധിക്കയില്ലായെങ്കിൽ ജനിക്കുന്നതിനുമുൻപേ പരിശുദ്ധന്മാരായിരിക്കുന്ന ജീവന്മാരെ എല്ലാവരെയും ജനിക്കുമ്പോൾ ജന്മപാപം പടികൂടുമെന്നതുകൊണ്ടും, ദൈവം പക്ഷപാതി അല്ലാത്തവനാകകൊണ്ടും ജന്മപാപം സംബന്ധിക്കില്ല എന്നു പറയുന്നതു തീരെ യുക്തമാകുന്നില്ല. “ദൈവമേ എന്നെ കൈവിട്ടോ” എന്നു നിലവിളിച്ചതും “എന്റെ ജീവനെ നിന്റെ കൈകളിൽ ഏല്പിക്കുന്നു” എന്നു പറഞ്ഞും മരിച്ചതുകൊണ്ട് അദ്ദേഹം ദൈവത്തിന്റെ കൃപയെ അപേക്ഷിച്ചിട്ടുള്ള ഒരുവനാകുന്നു. താൻ ദൈവമാകുന്നു എന്ന് യേശു തന്നത്താനെ പറഞ്ഞിട്ടുണ്ടോ എന്നറിയുന്നതിനു ബൈബിളിനെ ആയിരം പ്രാവശ്യം മറിച്ചും തിരിച്ചൂം നോക്കിയാലും ഒരിടത്തും ഒരു മരുന്നിനെങ്കിലും അല്പം കാണുകയില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് ഏതു പ്രമാണത്തെ അനുസരിച്ചാണു യേശുവിനെ ദൈവമെന്നു നിങ്ങൾ പറയുന്നത്?
താൻ ദൈവമാണെന്ന് തന്നത്താനെ പറയുന്നതിലേയ്ക്കു യേശുവിനു പ്രിയമില്ലാത്തതുകൊണ്ട് അപ്രകാരം പറയാതിരുന്നു എങ്കിൽ യേശുവിനു പ്രിയമില്ലാത്തതും വിരോധവും താൻ പറഞ്ഞിട്ടില്ലാത്തതുമായ ഈ വിഡ്ഢിത്തം എന്തിനാണ് മറ്റുള്ളവർ ഉണ്ടാക്കിപറഞ്ഞുകൊണ്ട് നടക്കുന്നത്?