യൂറോപ്പ്ഖണ്ഡത്തിൽ ഈ വാക്യത്തെ സത്യമെന്നു വിശ്വസിച്ച് ക്രിസ്ത്യന്മാരിൽ അനേകം പേർ ക്രിസ്തു ജനിച്ച് ആയിരാം സംവത്സരത്തിൽ ലോകാവസാനകാലം വന്നു പോയെന്നു ഭയപ്പെട്ട് പത്രങ്ങളെഴുതി എങ്ങും പ്രസിദ്ധപ്പെടുത്തി വന്നതിൽ ഏറെക്കുറെ ടി. ഖണ്ഡം മുഴുവനും അക്കാലത്ത് ഇതുതന്നെ ഒരു വലിയ ഘോഷമായിരുന്നു. ഇതിനെ കേട്ടവരെല്ലാം ബന്ധപ്പെട്ട പാതിരിമാരുടെ അടുക്കൽ ചെന്ന് അഭയംവീണ് ശുശ്രൂഷചെയ്തുവന്നു. അക്കാലത്ത് സൈന്യത്തോടുകൂടി പോയിക്കൊണ്ടിരുന്ന ഒരാൾ സൂര്യഗ്രഹണമുണ്ടായതിനെക്കണ്ട് "ഓഹോ ലോകാവസാനം ആരംഭിചു പോയി. അതുകൊണ്ടുതന്നെയാണ് സൂര്യൻ മറയുന്നത്. ഇനി ചെറുതു ചെറുതായിട്ട് സമസ്തവും മറഞ്ഞുപോകും" എന്നു നിശ്ചയിച്ച് ഏറ്റവും ഭയപ്പെട്ട് ആ മനുഷ്യനും സൈന്യവും അങ്ങോട്ടുമിങ്ങോട്ടും കണ്ട ദിക്കുകളിലേയ്ക്ക് ഓടി. ആ സമയത് അനേകജനങ്ങൾ അവരവരുടെ ബന്ധുക്കളെയും സ്വത്തുക്കളേയും ഉപേക്ഷിച്ചിട്ട് പാലസ്തീനിൽ ക്രിസ്തുവന്നു രക്ഷിക്കുമെന്നു വിശ്വസിച്ചുകൊണ്ട് അവിടേയ്ക്ക് ഓടിപ്പോയി. ആയിടയിൽ സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടായാൽ ലോകാവസാനം വന്നുപോയെന്നും ചൊല്ലി ദിക്കുവിട്ടോടി ഗുഹകളിലും മറ്റും ഒളിച്ചിരിക്ക വഴക്കമായിരുന്നു. ഭൂഗോളഖഗോള ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവില്ലാതിരുന്നതു കൊണ്ടും ക്രിസ്തുവിനെ ദൈവമെന്നു വിചാരിച്ച് അദ്ദേഹം പറഞ്ഞ മൊഴികളെ സത്യമെന്നു വിശ്വസിച്ചതുകൊണ്ടും ആകുന്നു ഈ അനർത്ഥം വന്നത്. അതെല്ലാം എന്തിനു പറയുന്നു! നാഗരികമുള്ള ഇക്കാലങ്ങളിലും ചില ക്രിസ്ത്യന്മാർ 1881-ആം വർഷം ആ വാക്യത്തെ വിശ്വസിച്ചു ഭയപ്പെട്ടതിനെ എല്ലാവരും അറിഞ്ഞിരിപ്പാനിടയുണ്ടല്ലോ. ഇപ്പോഴും ചില ചെറിയ പത്രികകളിൽ ക്രിസ്തു ഇതാവരുന്നു! അതാവരുന്നു! മേഘത്തിൻ നടുവേ വരുന്നു! കള്ളനെപ്പോലെ വരുന്നു! ഇതാ വന്നുപോയ്യി എന്നിങ്ങനെ എഴുതി ഭയപ്പെടുത്തുന്നുണ്ട്. വിശ്വസിപ്പാൻ ആരുമില്ലെങ്കിലും അവർ അല്പവും ലജ്ജ́കൂടാതെ എഴുതുന്നതിൽ നിന്നും പിന്മാറുന്നില്ല. അതുമിരിക്കട്ടെ. മേൽകാണിച്ച ന്യായങ്ങളെക്കൊണ്ട് യേശുക്രിസ്തു ദൈവമല്ലെന്നും അദ്ദേഹം മുഖാന്തിരം മനുഷ്യർക്ക് ഇഹപരസുഖങ്ങൾ യാതൊന്നും സിദ്ധിപ്പാൻ ഇടയില്ലെന്നും നിശ്ചയമായിരിക്കുന്നു.
ഇനി ഈ വിഷയത്തെപ്പറ്റി യേശുവിന്റെ അഭിപ്രായം എങ്ങനെയെന്നുകൂടി ഒന്നു നോക്കിക്കളയാം.
(മത്തായി 7-അ. 21-വാ.) എന്നോടു കർത്താവേ! കർത്താവേ എന്നു പറയുന്നവർ എല്ലാം സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ. ഇതിനാൽ താൻ ദൈവമല്ലെന്നും തന്നെ കർത്താവ് എന്നു പറയുന്ന ഒരുവനും സ്വർഗ്ഗത്തു എത്തുകയില്ലെന്നും യേശു തന്നത്താനെ സമ്മതിച്ചുകൊണ്ടതായി തെളിയിക്കുന്നു.