പറയുന്നത് അന്യായമാണ്. അതിനാൽ ഭയപ്പെട്ടു ഒളിച്ചുനടന്ന തന്നെ കാണിച്ചുകൊടുത്തതിലുണ്ടായ സങ്കടം കൊണ്ടു മനസ്സെരിഞ്ഞു ശപിച്ചതുതന്നെയാണ്. ഈ ന്യായങ്ങളെക്കൊണ്ട് "ക്രിസ്തു പാപബലിയായിട്ടല്ല മരിച്ചതെ"ന്ന് തെളിയുന്നു.
ഇതിനു മുമ്പിൽ യേശു മരിച്ചതിന്റെ ശേഷം ദൈവത്താൽ ജീവിക്കപ്പെട്ടതല്ലാതെ താനേ ജിവിച്ചല്ലോ എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ ദൈവവും ജീവിപ്പിച്ചില്ല എന്നും മരിച്ചവൻ മരിച്ചവൻതന്നെ എന്നും സ്ഥാപിക്കാം. (1 കൊരിന്തിയർ 15-അ. 17-വാ.) ക്രിസ്തു എഴുന്നേറ്റില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വൃഥാ ആയിരിക്കുമെന്ന് പലോസ് പറയുന്നു. ക്രിസ്ത്യന്മാരുടെ വിശ്വാസത്തിനു ക്രിസ്തു ഉയിർത്തെഴുന്നു എന്നുള്ളതു മുഖ്യകാരണമായിരിക്കയാൽ ആ വിഷയത്തെപ്പറ്റി പ്രത്യേക ഒരു പുസ്തകം എഴുതിവരുന്നു. അതുകൊണ്ട് ആയതിനെ ഇവിടെ ചുരുക്കിപ്പറയുന്നു. യേശു ഉയിർത്തെഴുന്നോ ഇല്ലയോ എന്നുള്ളതിനെക്കുറിച്ച് വിചാരിക്കണമെങ്കിൽ അപ്പോൾ ഉണ്ടായിരുന്നവരിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നു നോക്കേണ്ടത് അത്യാവശ്യമാണ്. അപ്പോഴിരുന്ന യഹൂദന്മാരെല്ലാവരും ക്രിസ്തു ഉയിർത്തെഴുന്നു എന്നു ഘോഷിക്കുന്നത് ശുദ്ധമേ അസത്യമാണെന്നു പറഞ്ഞിരിക്കുന്നു. ഇപ്പോൾ പറഞ്ഞുവരുന്നു. ഇനി ക്രിസ്തുവിനു സാധകമായി പറയുന്ന ബൈബിൾകൊണ്ടു നോക്കാം. ബൈബിളാചാര്യന്മാരിൽ ഒരുത്തരും യേശു ഉയിർത്തെഴുന്നതിനെ നേരെ കണ്ടതായി പറയുന്നില്ല. പിന്നെയൊ? അവൻ കണ്ടു ഇവൾ കണ്ടു എന്നെല്ലാം അന്യന്മാരുടെമേൽ പഴിചുമത്തുന്നേയുള്ളൂ. ഹോ! ശരിതന്നെ, അവർ കാണാത്തതിനെ എങ്ങനെയാണ് കണ്ടതായിട്ടു പറയുന്നത്? (മത്തായി 28-അ. 17-വാ.) പതിനൊന്നു ശിഷ്യന്മാരും യേശുവിനെ ഗെലീലായിൽ കണ്ടുവന്ദിച്ചു. എന്നാൽ ചിലർ സന്ദേഹപ്പെടുകയും ചെയ്തു. ഈ പതിനൊന്നുപേരിൽ മത്തായിയും ഒരുവനാണ്, ഇയാൾ സന്ദേഹപ്പെട്ടവരിൽ ഒരുത്തൻതന്നെയോ അല്ലയോ എന്ന് അറിയുന്നില്ല. ഇയാൾ വാസ്തവത്തിൽ കണ്ടിരുന്നു എങ്കിൽ താൻ കണ്ടു എന്ന് എന്തുകൊണ്ട് പറഞ്ഞുകൂടാ? അതിനാൽ ഇയാളും സന്ദേഹിച്ചതിൽ ഒരുവൻ തന്നെയാണ്. എന്നാൽ ചില ശിഷ്യന്മാരെങ്കിലും സംശയിപ്പാൻ എന്ത്? കണ്ടത് യേശുവിനെ അല്ലയോ? വളരെനാൾ ശുശ്രൂഷയും ചെയ്തുകൊണ്ടു യേശുവിനോടുകൂടി സഞ്ചരിച്ച പ്രധാന ശിഷ്യന്മാരുപോലും സംശയിച്ചും വിശ്വസിക്കാതെയും ഇരിക്കുന്ന സ്ഥിതിക്ക് 1855 സംവത്സരത്തിനുമുമ്പ് ക്രിസ്തു ഉയിര്ത്തെന്നു പറയുന്നതിനെ നാം എങ്ങനെയാണ് വിശ്വസിക്കുന്നത്? അല്ലാതെയും യേശു ഉയിർത്തെഴുന്നേറ്റു എന്നു പറഞ്ഞവരായ മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ