ഇല്ലാത്തവനായും സർവ്വലോകവ്യാപകനായും ഇരിക്കുന്ന ദൈവം ചിലർക്കു സ്നേഹം കൊണ്ടു സുഖത്തെയും ചിലർക്കു ദ്വേഷം കൊണ്ടു ദുഃഖത്തെയും കൊടുത്തു എന്നു പറയുന്നതിനെ ലോകരു കൈക്കൊള്ളുമോ?
അല്ലാതെയും കൂന്, കുരുട്, ചെകിട്, മുടന്ത് മുതലായ ഏതെങ്കിലും ഒരു കുറവുള്ള പൈതൽ ദൈവത്തെ നോക്കിക്കൊണ്ട് അയ്യയ്യോ! എന്റെ രക്ഷിതാവേ എന്റെ ജ്യേഷ്ഠനെ അതിസുന്ദരനായും ആരോഗ്യശാലിയായും സകലസൽഗുണ സമ്പന്നനായും അടിയനെ കുരൂപിയായും രോഗിയായും ദുർഗ്ഗുണനിമഗ്നനായും നിന്തിരുവടി സൃഷ്ടിച്ചല്ലോ. എന്റെ ജ്യേഷ്ഠൻ നിന്തിരുവടിക്കു ചെയ്ത ഉപകാരമെന്താണ്? അടിയൻ ചെയ്ത അപകാരമെന്താണ്? എന്റെ ദൈവമേ! എന്നു പറഞ്ഞു നിലവിളിച്ചാൽ ആ ദൈവം അതിനെക്കുറിച്ച് നീ ചോദിച്ചു പോകരുതെന്നു പറയുമോ? എന്റെ മനസ്സുപോലെ ചെയ്തു. നീ ഇനി അതിനെക്കുറിച്ച് എന്തിനായിട്ടു ചോദിക്കുന്നു എന്ന് ചോദിക്കുമോ? വലിപ്പമെന്നും ചെറുപ്പമെന്നും ഇല്ലാതെയിരുന്നാൽ ലോകത്തെ ശരിയായി നടത്തുന്നതിലേയ്ക്കു നമ്മാലേ കഴികയില്ല. അതുകൊണ്ടിങ്ങനെ ചെയ്തിരിക്കയാണ് എന്നു പറയുമോ? ആദത്തിന്റെ വിനവഴിയായി ജനിച്ചതുകൊണ്ട് നിങ്ങൾക്കു രണ്ടുപേർക്കും അങ്ങനെ സംഭവിച്ചു എന്നു പറയുമോ? ഒരു കുശവൻ മൺപാത്രങ്ങളെ ഉണ്ടാക്കുമ്പോൾ ചില പാത്രങ്ങൾ ദോഷപ്പെട്ടുപോകുന്നില്ലയോ? അതുപോലെ ഞാനും സൃഷ്ടിച്ചപ്പോൾ പ്രമാദംകൊണ്ടു സംഭവിച്ചുപോയതിലേയ്ക്കു ഇനി എന്തു ചെയ്യാം എന്നു പറയുമോ? ആ ബാലൻ ഇപ്രകാരമെല്ലാം കിടന്നു നിലവിളിക്കുന്ന ശബ്ദത്തെ ആ ദൈവം കേൾക്കതന്നെയില്ലയോ? അതല്ല കേട്ടുംകൊണ്ടു മനൗമായിരുന്നുകളയുമോ? എന്തോന്നു ചെയ്യും? എങ്ങനെയായാലും ഇതുകളിൽ ഒന്നുംതന്നെ ചേരുകയില്ലല്ലോ. അതുകൊണ്ട് ദൈവത്തിനാൽ ജീവന്മാർ ഇങ്ങനെയുള്ള ഭേദഗതികളോടുകൂടി സൃഷ്ടിക്കപ്പെടുന്നതിലേയ്ക്കു കാരണം ഉണ്ടായിരിക്കണം.ആ കാരണവും ആ ജീവന്മാർക്ക് അനാദിയായിട്ട് അടങ്ങിക്കിടന്ന വിഷമഫലകർമ്മം തന്നെയെന്നും വരും. അപ്പോൾ ജീവന്മാരും അനാദിയായിട്ടുള്ളവരാകുന്നു എന്നല്ലാതെ ഇടക്കാലത്തു സൃഷ്ടിക്കപ്പെട്ടവരല്ലെന്നുതന്നെ സാധിക്കയും അതുനിമിത്തം. ജീവന്മാരെ ഇടയ്ക്കു സൃഷ്ടിച്ചു എന്നു നിങ്ങൾ പറയുന്നത് അൽപവും ചേരുകയില്ലെന്നു തെളിവാകയും ചെയ്യും.
ഇങ്ങനെ ഉത്പത്തിയെക്കുറിച്ച് വിചാരിച്ചതിലും ജീവലക്ഷണമില്ലെന്നു സാധിക്കപ്പെട്ടിരിക്കുന്നു.