ടി. 10-ആമതു നൂറ്റാണ്ടിൽ റഷ്യാദേശത്തെ രാജാവ് ഗ്രീസ്സ് ദേശത്തെ ക്രിസ്ത്യാനിസ്ത്രീയെ കല്യാണം കഴിച്ച് അവളുടെ നിർബന്ധത്തിൻ പേരിൽ താനും അതുനിമിത്തം ജനങ്ങളും ക്രിസ്തുമതത്തെ അനുസരിച്ചു. ടി. പത്താമതു നൂറ്റാണ്ടിൽ ഒട്ടോ എന്നവൻ ഡെന്മാർക്ക് ദേശക്കാരെ ജയിക്കയും അനന്തരം ജനങ്ങളോടു നിങ്ങൾ എല്ലാവരും ക്രിസ്ത്യന്മാരാകുമെങ്കിൽ സമാധാനപ്പെട്ടുകൊള്ളാം എന്നു പറകയും ചെയ്കയാൽ മറ്റൊരാശ്രം ഇല്ലാത്ത ആ ജനങ്ങളെല്ലാവരും ക്രിസ്ത്യന്മാരായി. ഇപ്രകാരം നാർവ്വെ ദേശക്കാരും ക്രിസ്ത്യന്മാരായി.
6-ആമതു നൂറ്റാണ്ടിൽ ചിൽട്ടെരിക് എന്നവൻ ഫ്രാൻസ് ദേശത്തെ യഹൂദന്മാരെ നിർബന്ധിച്ചു ക്രിസ്ത്യന്മാരാക്കി.
5-ആമതു നൂറ്റാണ്ടിൽ എഫീയസ്സ് എന്ന ദിക്കിൽ നടന്ന വലുതായ പാതിരിസമൂഹത്തിൽ ക്രിസ്തുവിനു വിരോധമായി പറഞ്ഞവനായ പ്ളെവിയാസ് എന്ന പാതിരിയെ കൊല്ലുകയും അയാളുടെ കക്ഷിയിൽ ചേർന്നവരെ തല്ലുകയും ചെയ്തു.
1129-ആം വർഷം ടുലോസ് എന്ന ദേശത്തുനിന്നു വലിയ മീറ്റിങ്ങിൽ ദേശങ്ങൾ തോറും സഭകളും സഭ ഒന്നിനു ഒരു ഗുരുവും രണ്ടു ശിഷ്യന്മാരും ആ സഭക്കാർ അതാതു ദിക്കിലെ ക്രിസ്ത്യന്മാരാകാത്ത എല്ലാവരെയും ബലാൽക്കാരമായി പിടിച്ചു ക്രിസ്ത്യന്മാരാക്കുകയും തീരെ ആകയില്ല എന്നു പറയുന്നവരെ കൊല്ലുകയും വേണമെന്നു തീരുമാനിച്ചു. ഇതിന്നു മേൽ വിചാരണക്കാരൻ ഒമ്പതാമതു ഗ്രിഗറിയും ആയിരുന്നു. ക്രിസ്ത്യന്മാരാകാത്തവരെ നഗ്നന്മാരായിട്ടു നിർത്തുക. മൊട്ട യടിക്കുക, മഹാവേദനപ്പെടുത്തുന്ന യന്ത്രത്തിൽ കിടത്തി കെട്ടുക. അതിൽതന്നെ കാൽ കൈകളെ വിടർത്തി കെട്ടുക. മാംസം ഉടഞ്ഞ് അരയത്തക്കവണ്ണം ദേഹത്തെ യന്ത്രത്തിൽവച്ച് അമർത്തുക മുതലായ കഠിനകൃത്യങ്ങളെ ടി. സഭക്കാരും അവരോടു പിന്നെ ചേർന്നവരും ചെയ്തു എന്ന് സിവിലി എന്ന ദിക്കിന്റെ വിചാരണകർത്താവായിരുന്ന ആളിന്റെ കൈപുസ്തകത്തിൽ എഴുതിയിരുന്നു. ഇതിനെ വിസ്താരമായിട്ട് അറിയണമെങ്കിൽ ഡാക്ടർ റൂൾ എന്ന ആളിനാൽ എഴുതപ്പെട്ട ടി. വിചാരണ ചരിതപുസ്തകത്തിൽ കാണാം. (Appendix Vol. I.P. 339 to 359 Fd. in 1874). മനുഷ്യരെ വച്ച് അമർത്തികൊല്ലുവാനുള്ള ചിവോലെറ്റ് (Chevolet) എന്ന യന്ത്രത്തിൽ നല്ലതിൻവണ്ണം അമർത്തി തൊണ്ടവരെയും തുണിയെ ചെലുത്തി കൊല്ലുകയും മറ്റു ചെയ്തു. ടി. സഭക്കാർ സ്പാനീയാ ദേശത്തിൽ 31912 പേരെ പച്ച ഉയിരോടെ തീയിലിട്ടു കൊന്നു. 291450 പേരെ അതിക്രൂരമായിട്ട് ദണ്ഡിപ്പിച്ച് അനേകം കുടുംബങ്ങളെ ഇല്ലായ്മ ചെയ്തു.