ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിനുശേഷവും നിലനിന്നുവെന്ന് സാരം. രണ്ടാമതായി, 'മുറച്ചെറുക്ക'നെയോ 'മുറപ്പെണ്ണി'നെയോ (അമ്മാവന്റെ മകൻ, മകൾ അങ്ങനെയുള്ളവരെ) വിവാഹംചെയ്യുന്ന രീതി ഇക്കൂട്ടർക്കിടയിൽ നിലവിലുണ്ടായിരുന്നതുകൊണ്ട് പലപ്പോഴും കല്യാണംകഴിക്കുന്ന പുരുഷൻ അന്യനായിരുന്നില്ല. തന്നെയുമല്ല, വിവാഹമോചനവും വിധവാവിവാഹവും സാധാരണകാര്യങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നു. ഭാര്യയുടെ സംരക്ഷണത്തിന്റെ ചുമതല അധികവും അവളുടെ സ്വന്തം വീടിനുതന്നെയായിരുന്നതുകൊണ്ട് വിവാഹമോചനംമൂലം സ്ത്രീ തകർന്നുപോകുന്ന ഇന്നത്തെയവസ്ഥ ഉണ്ടായിരുന്നില്ല. കീഴ്ജാതിക്കാർക്കിടയിലാകട്ടെ, വിവാഹസമയത്ത് ചെറുക്കൻവീട്ടുകാർ പെൺവീട്ടുകാർക്ക് 'പെൺപണം' കാഴ്ചവയ്ക്കുന്നരീതി 19-ാം നൂറ്റാണ്ടിലുണ്ടായിരുന്നു. പരമ്പരാഗത മരുമക്കത്തായ കുടുംബങ്ങളിലെ സ്ത്രീകൾ എല്ലാവിധത്തിലും സ്വതന്ത്രകളായിരുന്നു എന്നല്ല പറഞ്ഞുവരുന്നത്. അമ്മാവന്മാരുടെയും ആങ്ങളമാരുടെയും വാക്കിനു കീഴ്വഴങ്ങിയാണ് സ്ത്രീകൾ കഴിഞ്ഞത്; പ്രായമേറിയ സ്ത്രീകൾക്ക്, വിശേഷിച്ച് അമ്മമാർക്ക്, പക്ഷേ, വളരെ മാന്യമായ സ്ഥാനവും കുടുംബത്തിന്റെ സ്വത്തുക്കൾ, പണമിടപാടുകൾ, വരുമാനം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ വലിയ പങ്കുമുണ്ടായിരുന്നു. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, ഇന്നത്തെപ്പോലെ 'സ്നേഹത്തിന്റെ അധികാരം' മാത്രമായിരുന്നില്ല അമ്മമാരുടേത്. മലബാറിൽ 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഗവേഷണം നടത്തിയ എഫ്. ഫാസറ്റ് (F. Fawcett) എന്ന നരവംശശാസ്ത്രജ്ഞൻ തന്റെ Nayars of Malabar (1901) എന്ന പുസ്തകത്തിൽ ഇവിടെ നിലവിലുണ്ടായിരുന്ന 'സംബന്ധവ്യവസ്ഥ'യെക്കുറിച്ച് ഇങ്ങനെയാണ് നിരീക്ഷിച്ചത്:

എല്ലാ ലൈംഗികകാര്യങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യസ്വാതന്ത്ര്യം അനുവദിക്കുന്നുവെന്നത് മരുമക്കത്തായവ്യവസ്ഥയുടെ അപൂർവ്വഗുണങ്ങളിലൊന്നുതന്നെ. ഒറ്റരാത്രിമാത്രമേ ഒന്നിച്ചു കഴിഞ്ഞുള്ളു എന്നാലും ഇരുകൂട്ടർക്കും പിരിഞ്ഞുപോകാൻ അനുവാദമുണ്ട്. ലൈംഗികതാത്പര്യം ഇല്ലാതിരിക്കുകയോ മറ്റുവിധത്തിലുള്ള മനഃപൊരുത്തം നഷ്ടമാവുകയോ ചെയ്താൽ ഇരുകൂട്ടർക്കും ബന്ധം വേർപെടുത്തി മറ്റുബന്ധങ്ങളിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത് നിത്യവും ബന്ധം പിരിയാനുള്ള പ്രവണതയിൽ കലാശിക്കില്ലേ എന്ന സംശയമുണ്ടാകിനിടയുള്ളതുകൊണ്ട്, അത്തരത്തിലുള്ള യാതൊന്നും ഉണ്ടാവില്ലെന്നകാര്യം ഇവിടെ എടുത്തുപറയട്ടെ. വെറുതെയുള്ള വിവാഹമോചനം അപൂർവ്വമാണ്. സ്ഥിരവിവാഹമാണ് പതിവുരീതി. തറവാട്ടുസ്വത്ത് സ്ത്രീകളെയും അവരുടെ സന്തതികളെയും സംരക്ഷിക്കാനായി നീക്കിവയ്ക്കുന്ന രീതിയാണ് ഈ സമ്പ്രദായത്തിന്റെ അടിത്തറ എന്നു തോന്നുന്നു.

(Nayars of Malabar, New Delhi. 1985, പുറം 236-37)


'താലികെട്ടി അമ്മയായി'
മരുമക്കത്തായികൾക്കിടയിൽ വിവാഹച്ചടങ്ങിനെക്കാളധികം പ്രാധാന്യം 'താലികെട്ടുകല്യാണം' എന്ന ചടങ്ങിനായിരുന്നു. മാസമുറയെത്തുംമുമ്പ് പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്ന ചടങ്ങായിരുന്നു നായന്മാർക്കിടയിലുണ്ടായിരുന്നത്. ഇതുകൊണ്ട് പെൺകുട്ടി അയാളുടെ ഭാര്യയായി എന്നർത്ഥമാകുന്നില്ല - ബാല്യത്തിൽനിന്ന് യൗവ്വനത്തിലേക്ക് അവൾ കടന്നുവെന്ന് പ്രഖ്യാപിക്കുന്ന ചടങ്ങുമാത്രമായിരുന്നു ഇത്. എന്നാൽ വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട് തറവാട്ടിൽ ആ പ്രായത്തിനടുത്തെത്തിയ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതി പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. മക്കത്തായികളായ ഈഴവർക്കിടയിൽ താലികെട്ട് നിർവ്വഹിച്ചിരുന്നത് അന്യപുരുഷന്മാരായിരുന്നില്ല; ഏതെങ്കിലും സ്ത്രീയായിരുന്നു അത് നിർവ്വഹിച്ചിരുന്നത്. സാമ്പത്തികസ്ഥിതി ഇല്ലാത്ത കുടുംബങ്ങൾ അതു ചെറിയതോതിൽ നടത്തിയിരുന്നു- പെൺകുട്ടിയുടെ അമ്മതന്നെ താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിൽവന്നു. മാസമുറയാകുന്ന അവസരത്തെ ആഘോഷപൂർവ്വം കൊണ്ടാടുന്ന 'തിരണ്ടുകുളി' എന്ന ചടങ്ങും മക്കത്തായ-മരുമക്കത്തായ കുടുംബങ്ങളിൽ നടത്തിയിരുന്നു.
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർത്താക്കൾ 'കെട്ടുകല്യാണ'ത്തെ രൂക്ഷമായി വിമർശിച്ചുതുടങ്ങി. അത് 'അസന്മാർഗ്ഗിക'മാണ്, അത് ബ്രാഹ്മണരോട് വിധേയത്വംകാട്ടുന്നു, ഭാരിച്ച ചിലവിനിടയാക്കുന്നു മുതലായ വിമർശനങ്ങൾ ഉയർന്നുവന്നു. 'കെട്ടുകല്യാണം' അവസാനിപ്പിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെക്കാലത്ത് നമ്മുടെ നാട്ടിൽ നടന്നുവരുന്ന, ഭാരിച്ച ചിലവുവരുന്ന വിവാഹാഭാസങ്ങളെ എതിർക്കാനുള്ള ശക്തി പഴയ സമുദായപരിഷ്ക്കർത്താക്കളുടെ പിന്മുറക്കാർക്കില്ലെന്നതാണ് കൗതുകകരമായ കാര്യം!


തറവാട്ടിലെ കാരണവരും മൂത്തവരും ചേർന്നുറപ്പിച്ചിരുന്ന വിവാഹങ്ങളിൽ ഫാസറ്റ് വിവരിക്കുംപ്രകാരമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നോ എന്നു

100

'വരവില' എന്ന നുകം രൂപമെടുക്കുന്നു


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/100&oldid=162729" എന്ന താളിൽനിന്ന് ശേഖരിച്ചത്