ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കശുവണ്ടിമേഖലയിലെ തൊഴിലാളിസ്ത്രീകളെക്കുറിച്ച് അന്നാ ലിൻഡ്ബർഗ് രചിച്ച ചരിത്രപഠനത്തിൽനിന്ന് ലഭിക്കുന്നുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി അവർ 1920ൽ ജനിച്ച കുറവസമുദായാംഗമായ ഒരു തൊഴിലാളിസ്ത്രീയുമായി നടത്തിയ അഭിമുഖത്തിൽ ഇതു നന്നായി തെളിയുന്നുണ്ട്:

പതിനഞ്ചാംവയസ്സിലായിരുന്നു എന്റെ വിവാഹം (1935ൽ). ഞങ്ങൾ പാവപ്പെട്ടവരായിരുന്നു; വരനും വരന്റെ വീട്ടുകാരും അങ്ങനെതന്നെ. എന്റെവീട്ടിൽവച്ചായിരുന്നു കല്യാണം. എനിക്ക് ഒരു കോടിവാങ്ങി; സമ്മാനങ്ങളോ സ്വർണ്ണോ ഒന്നും ഇല്ലായിരുന്നു. കുറച്ചു പൂവും പിന്നെ കറുത്ത ചരടിൽക്കോർത്ത താലിയുംമാത്രം. അന്നൊക്കെ നമ്മുടെയിടയിൽ ആർക്കും സ്വർണ്ണമാലയൊന്നും ഇല്ലായിരുന്നു. ഇന്നത്തെ ചെറുപ്പക്കാരികൾക്ക് ഇതു കൂടിയേതീരൂ... സ്ത്രീധനമെന്ന ഏർപ്പാടേ ഇല്ലായിരുന്നു. വളരെപ്പണ്ട് ചെറുക്കൻവീട്ടുകാർ പെൺവീട്ടുകാർക്ക് കല്യാണസമയത്ത് ചെറിയൊരു തുക കൊടുക്കുമായിരുന്നു. ഇത് ഇപ്പോഴില്ല... എന്റെ അമ്മയ്ക്ക് അതറിയുമായിരുന്നു. അമ്മയെ കല്യാണംകഴിച്ചപ്പോൾ അമ്മയുടെ അച്ഛന് ആ തുക കിട്ടിയത്രെ. ഇന്നാണെങ്കിൽ നേരെതിരിഞ്ഞു, നമ്മൾ ചെറുക്കൻ വീട്ടുകാർക്ക് വലിയതുക സ്ത്രീധനമായിക്കൊടുക്കുന്നു.

(Anna Lindberg, Experience and Identity, 2001, പുറം 286-87).


നിധീരിക്കൽ മറിയം അഥവാ ശ്രീമതി ഐ.സി. ചാക്കോ
വിവാഹത്തിനുശേഷം ശ്രീമതി ഐ.സി ചാക്കോ എന്നിറിയപ്പെട്ട മറിയം ആലപ്പുഴയിലെ അഭിജാതകുടുംബമായിരുന്ന നിധീരിക്കൽവീട്ടിൽ ജനിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസത്തിനുശേഷം പതിനേഴാംവയസ്സിൽ സമുന്നത ശാസ്ത്രപണ്ഡിതനും ഗവേഷകനും സമുദായപ്രമാണിയുമായിരുന്ന ഐ.സി. ചാക്കോയെ വിവാഹം കഴിച്ചു. അനുജത്തിമാരായ തെരേസ നിധീരി, അന്നാ നിധീരി എന്നിവർ അദ്ധ്യാപികമാരെന്ന നിലയിൽ പ്രശസ്തരായെങ്കിലും മറിയം വിദ്യാഭ്യാസം തുടർന്നില്ല. 1930കളിൽ ക്രിസ്തീയവനിതകൾക്കുവേണ്ടി ശബ്ദമുയർത്തിയ സ്ത്രീയെന്ന നിലയിൽ പ്രസിദ്ധയായിരുന്നു.


1990കളായപ്പോഴേക്കും കീഴാളസമുദായസ്ത്രീകൾക്കിടയിൽ വിവാഹത്തെക്കുറിച്ചും സ്ത്രീത്വത്തെക്കുറിച്ചുമുള്ള മേലാളസങ്കല്പങ്ങൾക്ക് നല്ല വേരോട്ടമുണ്ടായിക്കഴിഞ്ഞുവെന്ന് ഈ ചരിത്രകാരി നിരീക്ഷിക്കുന്നു. നല്ല തുകകൊടുത്ത് 'യോഗ്യത'യുള്ള പുരുഷനെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നതാണ് പെണ്മക്കളുടെ സുരക്ഷിതത്വം ഉറപ്പിക്കാനുള്ള നല്ല മാർഗ്ഗമെന്ന് വിചാരിക്കുന്നതുകൊണ്ട് വർഷങ്ങളോളം ഫാക്ടറിയിൽ പണിയെടുത്തുകിട്ടിയ ആനുകൂല്യങ്ങൾപോലും പെണ്മക്കൾക്കു സ്ത്രീധനമായി കൊടുക്കാൻ അവർ തയ്യാറാണ്. എന്നാൽ ഇതുകൊണ്ട് ആ പെൺകുട്ടികൾ സുരക്ഷിതരാകുന്നുണ്ടോ? ഇല്ല എന്നതാണ് ദുഃഖസത്യം. ഇത്രയും വരവില കൊടുക്കുന്നുണ്ടെങ്കിലും, കശുവണ്ടിമേഖലയിലെ സ്ത്രീകളുടെ വിവാഹം പലപ്പോഴും അസ്ഥിരമാണ്. വരവിലയുടെ പേരുപറഞ്ഞാണ് ഇവിടെ പല ഭർത്താക്കന്മാരും ഭാര്യമാരെ ഉപേക്ഷിക്കുന്നത്!


എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?

20-ാം നൂറ്റാണ്ടിലെ കേരളത്തിൽ വരവില വിജയിച്ചുമുന്നേറിയതിന്റെ ചിത്രമാണ് ഇതുവരെ വരച്ചിട്ടത്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. 'ഓഹരിമാത്രം മതി' എന്നു പറയുന്നവരും വധുവിന്റെ സ്വത്ത് കൈകാര്യംചെയ്യേണ്ടത് ഭർത്തൃകുടുംബമോ ഭർത്താവോ ആണ് എന്ന പൊതുസമ്മതത്തെ ആശ്രയിക്കുന്നവർതന്നെ. അതുപോലെ സ്ത്രീയെ പരിപാലിക്കാനുള്ള ചെലവാണ് സ്ത്രീധനമെന്നു പറയുന്നവരുണ്ട്; പക്ഷേ, 'പരിപാലനം' ആവശ്യമില്ലാത്ത, നല്ല ജോലിയും വരുമാനവുമുള്ള, സ്ത്രീകൾവരെ വരവില കൊടുക്കുന്നുണ്ട്. ഗൾഫ്നാടുകളിലും മറ്റുപലയിടത്തും ജോലിചെയ്ത് നന്നായി പണമുണ്ടാക്കുന്ന മലയാളിസ്ത്രീകളിൽ വലിയൊരുശതമാനം നേരിട്ടോ അല്ലാതെയോ വരവില നൽകുന്നവരാണ്.

ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ഉണ്ടാകേണ്ടതാണ്; ചില കാര്യങ്ങൾ ചർച്ചയ്ക്കായി ഇവിടെ സൂചിപ്പിക്കുന്നെന്നുമാത്രം. തീർച്ചയായും വരവിലയുടെ വളർച്ചയെ കേരളത്തിൽ 19-ാം നൂറ്റാണ്ടിനുശേഷം വളർന്നുവന്ന മുതലാളിത്തവ്യവസ്ഥയുമായി ബന്ധപ്പെടുത്തണം. മുതലാളിത്തവ്യവസ്ഥയിൽ സ്വത്തുക്കൾ സ്വകാര്യമായി സമ്പാദിക്കാനുള്ള സാദ്ധ്യത വളരെ വർദ്ധിച്ചുവെന്നുമാത്രമല്ല, ജീവിതത്തിന്റെ സമസ്തമേഖലകളിലും കച്ചവടം, ലാഭം എന്നിവയുടെ കണക്കുകൂട്ടൽ അധികമായി. കുടുംബം 'പരിപാവന'മാണ്, 'എല്ലാക്കാലത്തും നിലനിൽക്കുന്ന'താണ് എന്നൊക്കെ നാം പറയുമെങ്കിലും, ആ സ്ഥാപനവും ഈ മുതലാളിത്തമൂല്യങ്ങൾക്ക് കീഴ്പ്പെട്ടാണ് നിൽക്കുന്നത്. അവിടെയുള്ള ബന്ധങ്ങളും കച്ചവടയുക്തിക്കു കീഴ്വഴങ്ങി - സ്ത്രീകൾക്ക് അനുകൂലമായ രീതിയിലല്ലെന്നുമാത്രം. ആൺകോയ്മയും കച്ചവടയുക്തിയും ഒന്നിച്ചുകൂടുന്നിടത്ത് വരവിലപോലുള്ള സ്ത്രീവിരുദ്ധസ്ഥാപനങ്ങൾ തഴച്ചുവളരുകതന്നെചെയ്യും.

108

'വരവില' എന്ന നുകം രൂപമെടുക്കുന്നു


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/108&oldid=162737" എന്ന താളിൽനിന്ന് ശേഖരിച്ചത്