മനുഷ്യരുണ്ടെന്നും അവർക്കൊപ്പം നിൽക്കുന്നതാണ് ധന്യജീവിതമെന്നും വാദിക്കുന്നവരുടെ എണ്ണം ഇത്രയും കുറഞ്ഞുപോകില്ലായിരുന്നു!
അവസാനവാക്ക്
ഈ അദ്ധ്യായത്തിന്റെ അവസാനവാക്ക് 1912ൽ വരവിലയ്ക്കു പരിഹാരം പെൺകുട്ടിയുടെ ആത്മാഭിമാനവും ജീവിതത്തിൽ പിടിച്ചുനിൽക്കാനുള്ള ധൈര്യവുമാണ് എന്നു തിരിച്ചറിഞ്ഞ ചെറുവാരി രുഗ്മിണിയമ്മയ്ക്കാണ്. കെ. പത്മാവതിയമ്മ ഇവരുടെ വാക്കുകളെ സ്വന്തം ലേഖനത്തിൽ കടമെടുത്ത് ഉപയോഗിച്ചു. അതുതന്നെ ഇവിടെയും ചെയ്യുന്നു:
ഇച്ഛയ്ക്കും യോഗ്യതയ്ക്കും തക്കതായ വരനെ ലഭിക്കാത്തപക്ഷം തങ്ങളെ സർവ്വാരിഷ്ടങ്ങളിൽ [സർവ്വകഷ്ടപ്പാടുകളിൽ]നിന്നും ത്രാണനംചെയ്തു തീറ്റിപ്പോറ്റിയ മാതാപിതാക്കളുടെ ശുശ്രൂഷയെ ചെയ്തു പുണ്യം സമ്പാദിക്കുകയോ, അവരവരുടെ ബുദ്ധിശക്തിക്കും സൗകര്യത്തിനും അനുസരിച്ചതായ വിദ്യാഭ്യാസവും സമ്പാദിച്ച് അവസ്ഥാനുസരണമായ വല്ല ജോലികളിൽ ഏർപ്പെടുകയോ ചെയ്യുന്നതാണ് ശ്രേയസ്കരം... ഇപ്രകാരം സുഖാനുഭവത്തിനും ധർമ്മസമ്പാദനത്തിനും മോക്ഷത്തിനും പലേ പന്ഥാവുകളോടു [വഴികളോടു]കൂടിയ ഈ പ്രപഞ്ചത്തിൽ പത്നിത്വം [ഭാര്യാപദവി] ഒന്നുമാത്രമാണ് സ്ത്രീധർമ്മം എന്ന മൂഢവിശ്വാസത്തോടുകൂടി ആധിവ്യാധിദാരിദ്ര്യാദിപൂർണ്ണമായ [കഷ്ടപൂർണ്ണമായ] ഭവാംബുധിയിൽ [ലോകമാകുന്ന സാഗരത്തിൽ] മുഴുകി കരകാണാതെ ഉഴന്നു ജന്മം നശിപ്പിക്കുന്നത് മഹാപാതകമാകുന്നു. (ലക്ഷ്മീഭായിയിൽ 1912ൽ എഴുതിയ ഒരു ലേഖനത്തിൽനിന്ന് പത്മാവതിയമ്മ ഉദ്ധരിച്ച വാക്കുകൾ.)
കൂടുതൽ ആലോചനയ്ക്ക്
'കേരളീയനവോത്ഥാന'ത്തെക്കുറിച്ച് നിലവിലുള്ള പല ചരിത്രപുസ്തകങ്ങളും മുന്നോട്ടുവയ്ക്കുന്ന മനോഹരചിത്രത്തിന് അല്പം മങ്ങലേല്പിക്കുന്ന കാര്യങ്ങളാണ് ഈ അദ്ധ്യായത്തിൽ ചർച്ചചെയ്തത്. ചരിത്രരചനയുടെ രാഷ്ട്രീയത്തെക്കുറിച്ച് നാമെന്താണ് ഇതിൽനിന്ന് പഠിക്കുന്നത്? 'പുരോഗമനപരം' എന്ന് പൊതുവെ വാഴ്ത്തപ്പെടുന്ന സാമൂഹ്യമാറ്റങ്ങൾ സ്ത്രീപക്ഷത്തുനിന്നു പരിശോധിക്കുമ്പോൾ ലഭിക്കുന്നത് മറ്റൊരു ചിത്രമാണ്! ⚫