പക്ഷേ, മാറിവരുന്ന കുടുംബവ്യവസ്ഥയ്ക്കുള്ളിൽ മാതൃത്വവും മാറുന്നുണ്ടെന്നാണ് ചരിത്രഗവേഷണം നമുക്കുതരുന്ന അറിവ്. കൂട്ടുകുടുംബവ്യവസ്ഥ നിലനിന്നപ്പോഴുണ്ടായിരുന്ന മാതൃസങ്കൽപ്പം, ലേശവും മാറാതെ, അണുകുടുംബങ്ങൾ സാർവ്വത്രികമായിത്തീർന്നിരിക്കുന്ന ഇന്നും നിലവിലുണ്ടെന്ന് വിചാരിക്കുന്നതിൽത്തന്നെ അൽപ്പം പന്തികേടില്ലേ? അതുപോലെ മരുമക്കത്തായകുടുംബങ്ങളും മക്കത്തായകുടുംബങ്ങളും ഇവരണ്ടും ചേർന്നുണ്ടായ "മിശ്രദായ'കുടുംബങ്ങളും നിലവിലുണ്ടായിരുന്ന കേരളത്തിൽ എല്ലാവരുടെയും മാതൃസങ്കൽപ്പം ഒന്നുതന്നെയായിരുന്നിരിക്കാൻ ഇടയില്ലല്ലോ?
എന്തായാലും മരുമക്കത്തായ കുടുംബങ്ങളിൽ 'അമ്മ' എന്ന സ്ഥാനത്തിന് പ്രത്യേകം വിലയും മാന്യതയുമുണ്ടായിരുന്നുവെന്ന് കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി പഠനം നടത്തിയ നരവംശശാസ്ത്രജ്ഞരുടെ രചനകളും മരുമക്കത്തായ കൂട്ടുകുടുംബങ്ങളിൽ ജനിച്ചുവളർന്ന പലരുടെയും ആത്മകഥകളും സാക്ഷ്യപ്പെടുത്തുന്നു. കാരണവർക്ക് ഒപ്പംതന്നെ തറവാട്ടിലെ മൂത്തസ്ത്രീക്കു പ്രാധാന്യമുണ്ടായിരുന്നുവെന്ന് ഈ ലേഖകർ ചൂണ്ടിക്കാണിക്കുന്നു. തറവാടുമായി ഓരോ വ്യക്തിയും ബന്ധപ്പെട്ടിരുന്നത് അമ്മവഴിയായിരുന്നതിനാൽ മാതാവും സന്താനങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമായ ഒന്നായിരുന്നു. ഇന്നത്തെ അണുകുടുംബത്തിൽ ഭർത്താവ് വീട്ടിനുപുറത്തദ്ധ്വാനിച്ച് ഭാര്യയേയും മക്കളേയും പോറ്റുന്ന രീതിയാണല്ലോ നടപ്പിലുള്ളത്. എന്നാൽ പഴയ കൂട്ടുകുടുംബങ്ങളിൽ ഇതായിരുന്നില്ല പതിവ്. കുടുംബത്തിനാവശ്യമായ ഭൗതികവിഭവങ്ങൾ സമ്പാദിക്കുന്നതിന് കുടുംബം നേരിട്ടു നടത്തുകയോ നടത്തിക്കുകയോ ചെയ്ത കൃഷി മുതലായ പ്രവർത്തനങ്ങളിൽ മൂത്തസ്ത്രീകൾ പങ്കാളികളായിരുന്നു; അവർ പണം കൈകാര്യം ചെയ്തിരുന്നു. ഇന്നു നമ്മൾ വീട്ടുജോലി എന്നു തിരിച്ചറിയുന്നതിനേക്കാൾ വളരെ വിപുലമായ പ്രവർത്തനങ്ങളാണ് അക്കാലത്ത് വീട്ടുകാരുടെ ദൈനംദിനനിലനിൽപ്പിനാവശ്യമായിരുന്നത് (മുമ്പൊരദ്ധ്യായത്തിൽ ഇതു വിശദമാക്കിയിട്ടുണ്ട്). ഇങ്ങനെ കുടുംബജീവിതത്തിന്റെ എല്ലാവശങ്ങളിലും മൂത്തസ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നു. 'തറവാട്ടിലമ്മ'യുടെ സ്ഥാനം കേവലം 'സ്നേഹത്തിന്റേ'തായിരുന്നില്ല എന്നർത്ഥം! അത് ഭൗതികമായ അധികാരമുള്ള സ്ഥാനംതന്നെയായിരുന്നു. സ്വത്തുബന്ധവും കുടുംബബന്ധവും അച്ഛൻവഴിക്കു കണക്കാക്കിയ മക്കത്തായകുടുംബങ്ങളിൽപ്പോലും പ്രായമുള്ള സ്ത്രീകൾ - വിശേഷിച്ച് മൂത്തപുരുഷന്റെ അമ്മ - വളരെ വലിയ സ്വാധീനം ചെലുത്തിയിരുന്നുന്നെന്നും രേഖകൾ സൂചിപ്പിക്കുന്നു. ഭൗതികകാര്യങ്ങളിലും കുടുംബകാര്യങ്ങളിലും അവരുടെ അഭിപ്രായം പലപ്പോഴും പ്രധാനമായിരുന്നു.
മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, പഴയ കൂട്ടുകുടുംബങ്ങളിൽ പെറ്റമ്മയ്ക്കു കൽപ്പിച്ച പ്രാധാന്യം അവരുടെ സ്വഭാവത്തിലെയോ പെരുമാറ്റത്തിലെയോ നന്മതിന്മകളെ അധികം ആശ്രയിച്ചിരുന്നില്ല. അതെന്തായാലും മാതാവിന്റെ സ്ഥാനം പൂജനീയമായിരുന്നു, വിശേഷിച്ചും മരുമക്കത്തായകുടുംബങ്ങളിൽ. നേരത്തെ പറഞ്ഞതുപോലെ, കുടുംബത്തിന്റെ ഘടനയിലേക്ക് ഓരോ വ്യക്തിയെയും ചേർക്കുന്നത് മാതാവായതുകൊണ്ട് അവരുടെ സ്ഥാനത്തിന് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടോടുകൂടി ഈ വിശ്വാസത്തിൽ മാറ്റംവന്നു. കൂട്ടുകുടുംബം എന്ന ആദർശത്തിനുപകരം ആധുനിക അണുകുടുംബമാതൃക ഉന്നയിക്കപ്പെട്ട കാലമായിരുന്നു അത്. കുട്ടികളെ ഏറ്റവും നന്നായി വളർത്തിയെടുക്കാനാവുന്നത് അണുകുടുംബത്തിലാണെന്നും അച്ഛനമ്മമാരുടെ നേരിട്ടുള്ള ശ്രദ്ധയും പരിചരണവുമാണ് കുട്ടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമെന്നും 19-ാം നൂറ്റാണ്ടിൽ മിഷണറിമാരും, ആധുനികവിദ്യാഭ്യാസം നേടിയ നാട്ടുകാരുടെ ചെറുസംഘവും വാദിച്ചു. ഇത് ക്രമേണ അമ്മയുടെ ഉത്തരവാദിത്വമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. 'മാതാവ്' എന്ന പേരിന് അർഹയാകണമെങ്കിൽ പ്രസവിച്ചാൽമാത്രം പോര, ഏറ്റവും നന്നായി വളർത്തുകകൂടി ചെയ്യണമെന്ന ആവശ്യമായിരുന്നു ഈ നവമാതൃത്വാദർശത്തിന്റെ കാതൽ. മക്കളുടെ നന്മയ്ക്കുവേണ്ടി ജീവിതവും ജീവനും ഉഴിഞ്ഞുവയ്ക്കന്ന മാതാവാണ് ഉത്തമമാതാവ്; കുട്ടികളെ സമർത്ഥമായി നിയന്ത്രിച്ചും നേർവഴിക്കു നടത്തിയും വിദ്യാഭ്യാസം ചെയ്യിച്ചും, അതുപോലെ അവരുടെ ശാരീരികവളർച്ചയെ പരമാവധി പോഷിപ്പിച്ചുമാണ് അമ്മ തന്റെ കടമ നിർവ്വഹിക്കേണ്ടത്; ഇങ്ങനെ സ്വന്തം കർത്തവ്യം അറിഞ്ഞുചെയ്യുന്ന അമ്മമാർ വീടിനുമാത്രമല്ല, രാജ്യത്തിനുതന്നെ വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നവരാണ് - 19-ാം നൂറ്റാണ്ടിൽനിന്നുള്ള നിരവധി രേഖകളിൽ - ആദ്യകാല നോവലുകളിൽ, മിഷണറിമാരുടെ എഴുത്തുകുത്തുകളിൽ, സർക്കാർരേഖകളിൽ, പത്രമാസികകളിൽ - ഈ ആശയങ്ങൾ നിറഞ്ഞുനിൽക്കുന്നുവെന്ന് കാണാം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പ്രസവമെന്ന ശാരീരികപ്രക്രിയയെക്കാളധികം വളർത്തുക എന്ന സാമൂഹ്യവൽക്കരണപ്രക്രിയയ്ക്ക് നവമാതൃത്വത്തിൽ പ്രാധാന്യമേറി.
114