ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'മാറുമറയ്ക്കൽ കലാപം' കീഴ്ജാതിക്കാരികളെ ലൈംഗിക അടിമകളായി നിലനിർത്തുന്നതിനെതിരെയുള്ള പൊട്ടിത്തെറിയായിരുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1822മുതൽ 1860കൾവരെയുണ്ടായ ലഹളകളിൽ കുപ്പായംധരിച്ച ചാന്നാർസ്ത്രീകൾ ആക്രമണവിധേയകളായിയെന്നത് വാസ്തവംതന്നെ - അവരുടെ മേൽവസ്ത്രത്തെ ബലപ്രയോഗത്തിലൂടെ അഴിച്ചുനീക്കാനാണ് ഉന്നതജാതിക്കാരായ അക്രമികൾ ശ്രമിച്ചത്. പക്ഷേ, കേരളത്തിലെ സ്ത്രീകൾ പണ്ടുകാലത്ത് മാറുമറയ്ക്കാതിരുന്നത് അവർ മേൽജാതിക്കാരുടെ ലൈംഗിക അടിമകളായിരുന്നതുകൊണ്ടാണെന്ന വാദം ശരിയാണോ? പുനഃപരിശോധിക്കേണ്ട കാര്യമാണിത്. കീഴ്ജാതിസ്ത്രീകളെ ഉന്നതജാതിക്കാരായ പുരുഷന്മാർ ലൈംഗികചൂഷണത്തിനു വിധേയരാക്കിയിരുന്നുവെന്നത് നേരുതന്നെ. എന്നാൽ മാറുമറയ്ക്കാത്ത വസ്ത്രധാരണം ഈ ചൂഷണത്തിന്റെ ഭാഗമായിരുന്നോ? അല്ലെന്നു സൂചിപ്പിക്കുന്ന തെളിവുകൾ കുറവല്ല. കേരളത്തിൽ മുസ്ലിം, സുറിയാനി ക്രിസ്തീയവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ പണ്ടുമുതൽക്കേ കുപ്പായം ധരിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാൽ ശരീരത്തെക്കുറിച്ചുള്ള 'പാപബോധം' ഉള്ളതുകൊണ്ടോ അല്ലെങ്കിൽ ലൈംഗിക അടിമത്തം ഇല്ലാത്തതുകൊണ്ടോ മാത്രമല്ല അവർ മാറുമറച്ചിരുന്നത്. യഥാർത്ഥത്തിൽ മാറുമറയ്ക്കൽകാര്യത്തിൽ അത്രവലിയ കടുംപിടിത്തമൊന്നും ക്രിസ്തീയസ്ത്രീകൾക്കുണ്ടായിരുന്നില്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തിരുവിതാംകൂർ ബ്രിട്ടീഷിനു കീഴ്പെട്ടയുടൻ ഇവിടത്തെ പ്രകൃതിവിഭവങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ബ്രിട്ടീഷ് അധികാരികൾ വാർഡ്, കോണർ എന്നീ രണ്ടു ബ്രിട്ടീഷുകാരെക്കൊണ്ട് ഇവിടെ ഒരു സർവ്വേ നടത്തിയിരുന്നു. ഇവിടത്തെ സുറിയാനിസ്ത്രീകൾ കുപ്പായംധരിക്കുമെങ്കിലും ഇടയ്ക്കും മുറയ്ക്കുമൊക്കെ അതു മാറ്റിവയ്ക്കാനും മറ്റുസ്ത്രീകളെപ്പോലെ നടക്കാനും അവർക്കു മടിയില്ലെന്നും ഇവർ തങ്ങളുടെ റിപ്പോർട്ടിൽ നിരീക്ഷിച്ചിരുന്നു!

തന്നെയുമല്ല, മേൽജാതിയിൽപ്പെട്ട ഏതൊരു വ്യക്തിയുടെയും മുന്നിൽ കീഴ്ജാതിയിൽപ്പെട്ടവർ - പുരുഷനായാലും സ്ത്രീയായാലും - മേൽവസ്ത്രം മാറ്റിപ്പിടിച്ച് വന്ദിച്ചുനിൽക്കണമെന്നായിരുന്നു നിയമം - അതായത് സ്ത്രീകൾക്കുമാത്രം ബാധകമായ നിയമമല്ലായിരുന്നു ഇത്. 1717മുതൽ


135


സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/135&oldid=162767" എന്ന താളിൽനിന്ന് ശേഖരിച്ചത്