1723വരെ കൊച്ചിയിൽ താമസിച്ചിരുന്ന ജേക്കബ്സ് കാന്റർ വിസ്ചർ (Jacobus Canter Visscher) അന്നത്തെ കൊച്ചീരാജസദസ്സിനെക്കുറിച്ച് ഇങ്ങനെ എഴുതി:
... കൊച്ചീരാജാവിന്റെ സാമന്തർ (മങ്ങാട്, പുറക്കാട് മുതലായവ) അദ്ദേഹത്തോട് ബഹുമാനം പ്രകടിപ്പിക്കണം; അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അവർ മേൽവസ്ത്രമഴിക്കണം; മേൽവസ്ത്രം ധരിക്കാൻ അദ്ദേഹം അനുവദിക്കുംവരെ അവർ നഗ്നങ്ങളായ ചുമലുകളോടെ അങ്ങനെ നിൽക്കണം... സ്ത്രീകളും പുരുഷന്മാരെപ്പോലെതന്നെയാണ് നമസ്ക്കരിക്കുന്നത് - മേൽമുണ്ട് താഴേയ്ക്കിട്ട്, കൈകൾ മുന്നിൽകെട്ടിവച്ചുകൊണ്ട്.
ഇതേ പുസ്തകത്തിൽ മറ്റൊരിടത്ത് പത്മനാഭമേനോൻ കുറേക്കൂടി സമീപമായകാലത്ത് - 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ - കൊച്ചിയിൽ നടന്ന ഒരു സംഭവവും വിവരിക്കുന്നുണ്ട്. തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിൽ കൊച്ചീക്കോവിലകത്തെ ഒരു തമ്പുരാട്ടി ദർശനത്തിനായി എത്തിയവേളയിൽ ബ്ലൗസ് ധരിച്ച ഒരു നായർയുവതി അവരുടെ മുന്നിലൂടെ കടന്നുപോയതിനെച്ചൊല്ലിയുണ്ടായ കോലാഹലത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട്. മേൽവസ്ത്രം അഴിച്ച് തമ്പുരാട്ടിയോടുള്ള ബഹുമാനം പ്രദർശിപ്പിക്കണമെന്ന് രാജഭടന്മാർ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിനു വഴങ്ങിയില്ല. ഭടന്മാർ ബലപ്രയോഗത്തിലൂടെ യുവതിയുടെ വസ്ത്രമഴിച്ചു - ഇതിനെക്കുറിച്ച് യുവതിയുടെ കുടുംബക്കാരണവർ മഹാരാജാവിനു പരാതി നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലത്രെ! ഇതുകൂടാതെ ആറ്റിങ്ങൽറാണിയുടെ മുന്നിൽ കുപ്പായം ധരിച്ചെത്തിയ നാട്ടുകാരിയായ സ്ത്രീയുടെ മുലകൾ മുറിച്ചുകളയാൻ ഉത്തരവുണ്ടായിയെന്ന് അക്കാലത്തെ ഒരു നിരീക്ഷകൻ രേഖപ്പെടുത്തിയതും മേനോൻ ഉദ്ധരിക്കുന്നുണ്ട്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ മേൽവസ്ത്രം ധരിക്കാത്തവരായിരുന്നെന്നും ഇക്കാര്യത്തിൽ മഹാരാജാവും ഏറ്റവും എളിയ സേവകനും ഒരുപോലെയായിരുന്നെന്നും വെളിവാക്കുന്ന നിരവധി രേഖകൾ മേനോൻ ഹാജരാക്കുന്നുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും നഗ്നമായ മാറിടം വെറും സാധാരണ കാഴ്ചയായിരുന്നുവെന്ന് സാരം - ഇന്ന് നാം കൈകാലുകളെ കാണുന്നതുപോലെ. അക്കാലത്ത് കേരളത്തിലെത്തിയ യൂറോപ്യൻ നിരീക്ഷകരിലൊരാളായിരുന്ന ജോൺ ഹെൻറി ഗ്രോസ് (John Henry Grose) ഇപ്രകാരമെഴുതി:
ഈ രാജ്യത്തെ സ്ത്രീകൾക്ക് മാറിടത്തിന്റെ ഒരുഭാഗവും മറയ്ക്കാൻ അനുവാദമില്ല; അതു നഗ്നമായി വയ്ക്കുന്നതിൽ എന്തെങ്കിലും കുറച്ചിലുണ്ടെന്ന് അവർ കരുതുന്നുമില്ല; ആ തോന്നൽതന്നെ ഈ കാഴ്ച പഴകുന്തോറും ഇല്ലാതാവുകയും ചെയ്യും. മിക്ക യൂറോപ്യന്മാർക്കും ആദ്യത്തെ കാഴ്ചയിൽ പ്രലോഭനം തോന്നും. [പക്ഷേ] വളരെ പെട്ടെന്നുതന്നെ ആ തോന്നൽ അവസാനിക്കും; ഇവിടത്തുകാരെപ്പോലെ അവരും ഇതിനെപ്പറ്റി അധികമൊന്നും വികാരംകൊള്ളാതെയാകും. അല്ലെങ്കിൽ ഈ ശരീരഭാഗങ്ങളെ മുഖം, കൈകാലുകൾ മുതലായവയെപ്പോലെ കണ്ടുതുടങ്ങും.
(പത്മനാഭമേനോൻ ഉദ്ധരിച്ചത്, History of Kerala വാള്യം 3, 1984, പുറം 201-2)
മാത്രമല്ല, മാറുമറയ്ക്കുന്ന സ്ത്രീകൾ അഭിസാരികമാരാണെന്ന വിശ്വാസംപോലുമുണ്ടായിരുന്നു! എലിക് റെക്ലസ് (Elic Reclus) എന്ന ബ്രിട്ടീഷുകാരൻ 19-ാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ പരിചയപ്പെട്ട തീയ്യവനിതകളെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കുക:
ഈ സ്ത്രീകൾ എത്രതന്നെ അടക്കമൊതുക്കവും ഔചിത്യവുമുള്ളവരായാലുംശരി, അരയ്ക്കുമുകളിൽ യാതൊരു വസ്ത്രവും ധരിക്കില്ല: മാറുമറയ്ക്കാൻ ഞങ്ങൾ വേശ്യകളല്ല, അവർ പറയും. ഇവരെ ആയമാരായി വീട്ടിൽ നിയമിച്ച ഇംഗ്ലീഷ് വനിതകൾ ബ്രിട്ടീഷ്മാന്യതയുടെപേരിൽ മാർക്കച്ചയെങ്കിലും ധരിക്കാൻ ഇവരെ പ്രരിപ്പിക്കാറുണ്ട്; പക്ഷേ, ഓരോതവണയും വാശിയേറിയ എതിർപ്പിനെയാണ് അവർ നേരിടുന്നത്. [ഇംഗ്ലീഷ് സ്ത്രീകളോട്] പെരുവഴിയിലൂടെ നഗ്നരായി നടക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവർ ഏതു വാശിയോടെ എതിർക്കുമോ, അതേ വാശിയാണ് [തീയ്യസ്ത്രീകൾ മേൽവസ്ത്രത്തിനെതിരെ] പ്രദർശിപ്പിക്കുന്നത്.
19-ാം നൂറ്റാണ്ടിൽ മിഷണറിമാരുടെ വരവ് വർദ്ധിക്കുകയും ബ്രിട്ടീഷ് ഭരണം നടപ്പാവുകയും ചെയ്തകാലത്ത് ഈ മനോഭാവം മാറാൻ തുടങ്ങിയിരുന്നു. ക്രിസ്തീയമൂല്യങ്ങളനുസരിച്ച് സ്ത്രീശരീരത്തിന്റെ നഗ്നത പാപമാണ്; അത് അമിതമായ ലൈംഗികവിചാരത്തിനിടവരുത്തുന്നു. അങ്ങനെ ഒരു പ്രതികരണം ഇവിടെ സാധാരണമല്ല എന്ന് 13-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെയുള്ള യൂറോപ്യൻ സഞ്ചാരികൾ തുടർച്ചയായി രേഖപ്പെടുത്തിയെങ്കിലും മിഷണറിമാർക്ക് ബോദ്ധ്യമായില്ല! ഇവിടത്തെ സ്ത്രീകളുടെ നഗ്നത 'സംസ്ക്കാര ശൂന്യ'തയുടെയും 'അമിതലൈംഗികാസക്തി'യു ടെയും അടയാളമായി. മാറുമറയ്ക്കാത്ത സ്ത്രീകൾ
136