ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയോഗ'മായിരുന്നു. തിരുവിതാംകൂർ സർക്കാർ ഈ ശ്രമങ്ങളെ പിന്താങ്ങുകയും ചെയ്തു. 1891ലെ തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിന്റെ കർത്താവായ വി. നാഗം അയ്യ എന്ന ഉദ്യോഗസ്ഥൻ ഇവിടെ 'സ്ഥിതിഗതികൾ' മെച്ചപ്പെട്ടുവരുന്നുവെന്ന് നിരീക്ഷിച്ചു: 'തെക്കുഭാഗത്തുനിന്ന് [അതായത്, മിഷണറിസ്വാധീനം ശക്തമായ തെക്കൻ തിരുവിതാംകൂറിൽനിന്ന്] സംസ്കാരം അടിവച്ച് മുന്നേറുന്നു; തിരുവനന്തപുരത്ത് അതിന്റെ ഫലം ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു', അദ്ദേഹമെഴുതി, '[ഇവിടെ] മേൽമുണ്ടുധരിക്കാതെ പുറത്തിറങ്ങാൻ തയ്യാറുള്ള ഒറ്റ നായർപെൺകുട്ടിപോലുമില്ല.' (തിരുവിതാംകൂർ സെൻസസ്, 1891, പുറം 768-69) 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽത്തന്നെ തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന്റെ എഴുന്നള്ളത്തിൽ നായർയുവതികൾ മാറുമറയ്ക്കാതെ വിളക്കെടുക്കുന്ന പതിവിനെ പത്രങ്ങൾ നിശിതമായി വിമർശിച്ചുതുടങ്ങിയിരുന്നു. 1905ൽ ഈ പതിവു മാറി.


സ്ത്രീകളുടെ വസ്ത്രധാരണവും സാമൂഹികപരിഷ്ക്കരണവും

ഈ മാറ്റങ്ങളോട് ഇക്കാലങ്ങളിലെ സ്ത്രീകൾ എങ്ങനെയാണ് പ്രതികരിച്ചത്? സ്ത്രീകളെ പുതിയരീതികൾ പഠിപ്പിക്കാനും പരിഷ്ക്കരിക്കാനുമുള്ള പരിശ്രമം ശക്തിപ്രാപിച്ച കാലമായിരുന്നു ഇത്. സ്കൂൾ വിദ്യാഭ്യാസംനേടി സർക്കാരിലും പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും മറ്റും ജോലിനോക്കാൻ തുടങ്ങിയ പുരുഷന്മാർ പഴയകുടുംബങ്ങളിലും തറവാടുകളിലും പ്രചാരത്തിലുണ്ടായിരുന്ന ഉടുപ്പുംനടപ്പും ഉപേക്ഷിച്ച് പുതിയശീലങ്ങൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. അവരോടൊപ്പം കഴിയേണ്ട സ്ത്രീകൾമാത്രം പഴഞ്ചൻ ഉടുപ്പും അലങ്കാരവും കൊണ്ടുനടക്കുന്നത് ഉചിതമായിരിക്കില്ലെന്ന് സാമൂഹ്യപരിഷ്ക്കർത്താക്കൾ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് സ്ത്രീകളുടെ വസ്ത്രധാരണത്തെ കാലോചിതമായരീതിയിൽ പരിഷ്ക്കരിക്കണമെന്ന് വാദിച്ച വളരെപ്പേർ അക്കാലത്തുതന്നെയുണ്ടായി. തറവാട്ടിൽ താമസിക്കുമ്പോഴുണ്ടായിരുന്ന ഉടുപ്പും ശീലങ്ങളും ഭർത്താവിനോടൊപ്പം പോകുമ്പോൾ ഉപേക്ഷിക്കേണ്ടിവന്ന ഭാര്യമാരെപ്പറ്റി നിരവധി കഥകളുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന എം. കൃഷ്ണൻനായരുടെ ഭാര്യയെപ്പറ്റിയുള്ള കഥ അതിലൊന്നാണ്. തിരുവനന്തപുരത്തെ പരിഷ്ക്കാരികളുടെ ലോകത്ത് സാരിയും ബ്ലൗസുമിട്ടുകഴിഞ്ഞിരുന്ന സ്ത്രീ സ്വന്തം തറവാട്ടിലേക്കുപോകുംവഴി - വള്ളത്തിൽ കയറുംമുമ്പുതന്നെ - ബ്ലൗസും സാരിയും അഴിച്ചുമാറ്റി മുണ്ടും മേൽമുണ്ടും മാത്രമാക്കിയിരുന്നത്രെ! പല തറവാടുകളിലും സ്ത്രീകൾക്ക് പരിഷ്ക്കാരികളായ ഭർത്താക്കന്മാർ സ്വന്തം ചെലവിലാണ് റൗക്കയും ജമ്പറും മറ്റും തുന്നിക്കൊടുത്തിരുന്നത് - ആ സ്ത്രീകളുടെ കാരണവന്മാർക്ക് ഈ വസ്ത്രധാരണത്തോട് യോജിപ്പില്ലായിരുന്നതുകൊണ്ട്!

എന്നാൽ, സ്ത്രീകൾ മാറുമറച്ചിരിക്കണം, വസ്ത്രം ധരിച്ചിരിക്കണം എന്ന് നിർബന്ധംപിടിച്ചിരുന്ന പരിഷ്ക്കർത്താക്കൾ സ്ത്രീകൾ 'അമിതമായി' വസ്ത്രാഭരണങ്ങളിൽ താത്പര്യംകാണിച്ചുകൂടെന്നും വിധിയെഴുതി. അണിഞ്ഞൊരുങ്ങാൻ താൽപര്യമുള്ള സ്ത്രീകൾ പൊതുവെ ഉറപ്പില്ലാത്ത സ്വഭാവക്കാരും ശൃംഗാരം കുറെ കൂടിപ്പോയവരുമാണെന്ന വിമർശനം പരിഷ്ക്കർത്താക്കൾ ഇടയ്ക്കിടെ ഉന്നയിച്ചിരുന്നു. അക്കാലത്തെ സ്ത്രീമാസികകളിലുംമറ്റും ഈ വിഷയത്തെക്കുറിച്ച് ഒരുപാടു ലേഖനങ്ങൾ സാമൂഹ്യപരിഷ്ക്കരണത്തിൽ താൽപര്യമുള്ളവർ എഴുതിയിട്ടുണ്ട്. അക്കാലത്തെ നോവലുകളിലും അണിഞ്ഞൊരുങ്ങിനടക്കുന്ന പെണ്ണുങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നതുകാണാം. ഇന്ദുലേഖയിലെ നായിക അതിസുന്ദരിയാണെങ്കിലും അവളുടെ മഹത്വം അതിലൊന്നുമല്ലെന്നാണ് നോവൽകർത്താവായ ചന്തുമേനോൻ പറഞ്ഞിരിക്കുന്നത് - വിദ്യാഭ്യാസത്തിലൂടെ ഇന്ദുലേഖ നേടിയെടുത്ത മനഃപരിഷ്ക്കാരമാണ് അവളുടെ മഹത്വമെന്നും, ശരീരത്തെയും വികാരങ്ങളെയും ഒരുപോലെ നിയന്ത്രിച്ച് വരുതിക്കുനിർത്താൻ അവൾക്കു കഴിഞ്ഞുവെന്നും അദ്ദേഹം നോവലിലൂടെ സ്ഥാപിക്കുന്നു. ഈ നിലപാട് മിക്ക സാമൂഹ്യപരിഷ്ക്കർത്താക്കളും പങ്കിട്ടിരുന്നു. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ 'സ്ത്രീകൾ വസ്ത്രംധരിക്കണം, എന്നാൽ വസ്ത്രത്തോട് അമിതതാൽപര്യം അവർക്കുണ്ടായിക്കൂട' - ഇതായിരുന്നു സാമൂഹ്യപരിഷ്ക്കർത്താക്കളുടെ അഭിപ്രായം.

ഇക്കാലത്ത് ആധുനികവിദ്യാഭ്യാസംനേടിയ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മേൽവസ്ത്രം ധരിക്കൽ കേവലം 'നാണംമറയ്ക്കൽ' മാത്രമായിരുന്നില്ല. പരമ്പരാഗതമായ പുരുഷാധികാരത്തിൽനിന്ന് സ്വന്തം ശരീരത്തെ വീണ്ടെടുക്കുന്ന പ്രവൃത്തിയായിട്ടാണ് അവരിൽ പലരും വസ്ത്രധാരണത്തെ കണ്ടത്. 1920കളിലും 1930കളിലും കേരളത്തിലെ നമ്പൂതിരിസമുദായത്തിൽ വളർന്നുവന്ന സമുദായപരിഷ്ക്കരണപ്രസ്ഥാനം നമ്പൂതിരിസ്ത്രീകളുടെ - അന്തർജനങ്ങളുടെ - വസ്ത്രം പരിഷ്ക്കരിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. പുതിയ വിദ്യാഭ്യാസവും പരിഷ്ക്കാരവും ഉദ്യോഗവുംനേടിയ നമ്പൂതിരിയുവാക്കളുടെ എണ്ണം കൂടിവരുന്നെന്നും

140

സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/140&oldid=162773" എന്ന താളിൽനിന്ന് ശേഖരിച്ചത്