സ്വന്തം ശരീരത്തെക്കുറിച്ച് എപ്പോഴും ബോധവതികളാകാൻ നിർബന്ധിതകളായിരിക്കുന്നത് ഇതിനാലാണ് - സമൂഹത്തിന്റെ സദാചാരക്കണ്ണുകൾ അവരെ സദാ പിന്തുടരുന്നതുകൊണ്ട്. ഇന്നാണെങ്കിൽ കൂടുതൽ സൗകര്യപ്രദമായ വസ്ത്രംധരിക്കാൻ സ്ത്രീകൾ തയ്യാറാണ്. ആ വഴി എളുപ്പമല്ല. കേരളത്തിന്റെ വിയർപ്പിലും ചൂടിലും കയ്യില്ലാത്ത വസ്ത്രം ധരിക്കുന്നതാണ് ആരോഗ്യകരമെങ്കിലും അതിനുള്ള സാഹചര്യം ഇവിടെ പലയിടത്തുമില്ല! ശരീരം മറച്ചുവച്ചതുകൊണ്ട് കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരാണോ? ആണെന്ന് യാതൊരു തെളിവുമില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ ധാരാളമുണ്ടാകുന്നുവെന്നും അവയുടെ തോത് ഉയർന്നിരിക്കുന്നുവെന്നുമാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്.
ശരീരംമുഴുവനും മൂടുന്നത് മതത്തോടുള്ള ആഭിമുഖ്യം വിളിച്ചറിയിക്കുന്നതുമായ വസ്ത്രം (ബുർഖ) ധരിക്കുന്നതിലൂടെ പൊതുവിടങ്ങളിൽ കൂടുതൽ സ്വതന്ത്രരാകാൻ കഴിഞ്ഞിട്ടുണ്ടെന്ന് പല മുസ്ലിംസ്ത്രീകളും പറഞ്ഞുകേൾക്കാറുണ്ട്. വാസ്തവത്തിൽ കേരളത്തിലെ ഹൈന്ദവജാതികളിൽപ്പെട്ട സ്ത്രീകൾ ഒരു നൂറ്റാണ്ടുമുമ്പ് ഈ അനുഭവത്തിലൂടെ കടന്നുപോയവരാണ്. ശരീരത്തെ 'മെരുക്കി' 'ഒതുക്കി' നിർത്തുന്നതിലൂടെയാണ് സ്ത്രീകൾക്ക് മാന്യതയും പൊതുവ്യക്തിത്വവും (ഒരളവുവരെയെങ്കിലും) ഉണ്ടാവുക എന്ന വിശ്വാസം ബുർഖയിലൂടെയാണ് ഇവിടെ വന്നതെന്ന് കരുതുന്നത് തെറ്റാണ്. മുസ്ലിംസ്ത്രീകൾ പുതിയ സാഹചര്യങ്ങളിൽ ഈ വിശ്വാസത്തെ അഭിമുഖീകരിക്കുന്നുവെന്നുമാത്രം. പല സ്ത്രീകളും ഒരുപരിധിവരെയെങ്കിലും ഇതിലൂടെ 'മാന്യത'നേടുന്നുമുണ്ട്. പക്ഷേ, സ്ത്രീശരീരത്തെ 'കാമമുണർത്തുന്ന വസ്തു'വായി ചുരുക്കിക്കളയുന്ന, അപമാനിക്കുന്ന വിശ്വാസമാണിത്. ഈ വിശ്വാസത്തിൽ പതിയിരിക്കുന്ന അപകടം കെ. സരസ്വതിയമ്മ തിരിച്ചറിഞ്ഞിരുന്നു. 'കാമമുണർത്തുന്ന വസ്തു'വെന്നു പറഞ്ഞ് സ്ത്രീശരീരത്തെ പുച്ഛിക്കുമ്പോൾ സ്വന്തം ശരീരത്തിൽ ആനന്ദം കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശം ഹനിക്കപ്പെടുന്നുവെന്ന് അവർ കണ്ടു. ഒന്നുകിൽ ശരീരത്തെ മൂടിപ്പൊതിഞ്ഞ് 'പാപകര'മായ വസ്തുവെന്നു വിളിച്ച് അപമാനിക്കുക, അല്ലെങ്കിൽ ആണിന്റെ സന്തോഷത്തിനായി ഒരുക്കിക്കെട്ടി പ്രദർശിപ്പിക്കുക - ഈ രണ്ടറ്റങ്ങളിലൂടെയല്ലാതെ ഒരു മദ്ധ്യമാർഗ്ഗം സ്ത്രീകൾക്ക് സ്വയംസൃഷ്ടിച്ചുകൂടേ എന്ന അവരുടെ ചോദ്യം ഇന്നും പ്രസക്തമാണ്.
സാമൂഹ്യജീവിതത്തിൽ മുസ്ലിംസ്ത്രീകൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് ഞാൻ പർദ്ദാസമ്പ്രദായമെന്നു പറയുന്നത്. അതിൽ വസ്ത്രധാരണത്തിനും ഒരു പങ്കുണ്ടെന്നുമാത്രം. ഞാനിത് ആദ്യമേപറയുന്നത് മറ്റൊന്നുംകൊണ്ടല്ല. പർദ്ദ എന്ന പദം കേൾക്കുമ്പോഴേക്കും വിറളിയെടുക്കുന്ന ബുദ്ധിജീവികളുണ്ട്... ഇന്ന് പർദ്ദയുടെ പേരിൽ ചില മുസ്ലിങ്ങളുടെ ഇടയിൽക്കാണുന്ന ചില ആചാരങ്ങളെയാണ് അവർ വിമർശിക്കുന്നത്. സ്ത്രീപുരുഷന്മാർ തമ്മിൽ കാണുന്നതോ സംസാരിക്കുന്നതോ പരസ്പരം കൊള്ളക്കൊടുക്കലുകൾ നടത്തുന്നതോ പഠിക്കുന്നതോ പഠിപ്പിക്കുന്നതോ ഇസ്ലാം തടയുന്നില്ല. പക്ഷേ, സ്ത്രീകളും പുരുഷന്മാരും തമ്മിൽ ബന്ധപ്പെടുമ്പോൾ ഇരുകൂട്ടരും പാലിക്കേണ്ട ചില മര്യാദകൾ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്. അവയ്ക്കാണ് ഇസ്ലാമിൽ പർദ്ദാസമ്പ്രദായമെന്നു പറയുന്നത്.
146