ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യകർമ്മങ്ങളെ ശരിയായി നിർവഹിക്കുന്നതായാൽ ഇരുകക്ഷികൾക്കും ആക്ഷേപത്തിനും വഴിയുണ്ടാവില്ലെന്നുമാത്രമല്ല, വളരെ ഗുണമുണ്ടാകുന്നതുമാകുന്നു.

('പുരുഷധർമ്മം', ശാരദ 1 (8) 1906)


ലക്ഷ്മിയമ്മയെപ്പോലെയുള്ള 'തന്റേടക്കാരി'കൾ ഉണ്ടാകരുതെന്നായിരുന്നു 'സ്ത്രീവിദ്യാഭ്യാസ' ത്തിന്റെ ആരാധകരുടെ ലക്ഷ്യവും! എന്നാൽ വീട്ടമ്മയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസത്തിന് അനുകൂലമായ മുദ്രാവാക്യങ്ങൾക്കിടയിലും വ്യത്യസ്തമായ ചില നിർദ്ദേശങ്ങൾ കേട്ടിരുന്നു. അതിലൊന്ന് ഒ. ചന്തുമേനോൻ രചിച്ച ഇന്ദുലേഖ (1889) എന്ന നോവൽ ഉയർത്തിക്കാട്ടിയ വിദ്യാഭ്യാസാദർശമാണ്. ഇന്ദുലേഖയിലെ (അതേ പേരുള്ള) നായിക ഇംഗ്ളിഷും സംസ്കൃതവും നന്നായി പഠിച്ചവളാണ്. സംഗീതത്തെക്കുറിച്ച് നല്ല ജ്ഞാനവും ശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച് അറിവുമുള്ളവളാണ്. പക്ഷേ പഠിത്തംകൊണ്ട് ഇന്ദുലേഖയ്ക്ക് അറിവുണ്ടായി എന്നതിനുപുറമേ മറ്റു പല ഗുണഗണങ്ങളും സിദ്ധിക്കുന്നുണ്ട്. തെറ്റും ശരിയും വ്യക്തമായി വേർതിരിച്ചറിയാനുള്ള കഴിവ്, നല്ല മനഃസാന്നിദ്ധ്യം, ആത്മനിയന്ത്രണം, ശരിയെന്ന് തിരിച്ചറിഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കാനുള്ള കഴിവ് - ഇതൊക്കെയാണ് അവളുടെ സവിശേഷഗുണങ്ങൾ. ധനികനെങ്കിലും തനിക്കൊട്ടും ചേരാത്ത ഒരു പുരുഷനെ വിവാഹം കഴിക്കാൻ താൻ അത്യധികം സ്നേഹിക്കുന്ന കുടുംബകാരണവർ നടത്തുന്ന ശ്രമങ്ങളെ ഇന്ദുലേഖയ്ക്ക് പ്രതിരോധിക്കാൻ കഴിഞ്ഞത് ഈവക സ്വഭാവഗുണങ്ങൾ അവൾക്കുണ്ടായതുകൊണ്ടാണെന്ന് ഈ നോവൽ നമ്മോട് പറയുന്നു. വീട്ടുജോലി സമർത്ഥമായി നിർവ്വഹിക്കാനുള്ള പഠിപ്പിനെക്കാൾ പ്രധാനം മനഃശക്തി വളർത്തുന്നതരം വിദ്യാഭ്യാസമാണെന്ന് നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് സാരം. തനിക്ക് തെറ്റെന്നു ബോദ്ധ്യപ്പെട്ട ഒരു പ്രവൃത്തിയും തന്നെക്കൊണ്ട് ചെയ്യിക്കാൻ ആർക്കുംകഴിയില്ലെന്ന് ഇന്ദുലേഖ തെളിയിക്കുന്നു. സ്നേഹിക്കുന്ന പുരുഷനോട് അടുപ്പം കാണിക്കുമ്പോഴും തന്റെ വിമർശനബുദ്ധിയും വിവേകവും കൈവെടിയാൻ അവൾ തയ്യാറാകുന്നില്ല. ഇതൊക്കെയാണ് ഇന്ദുലേഖയ്ക്ക് വിദ്യാഭ്യാസംകൊണ്ടുണ്ടായ ഗുണം. തനിക്കു ചുറ്റുമുള്ള ലോകത്തെ വിമർശനദൃഷ്ട്യാ വീക്ഷിച്ച് തെറ്റുംശരിയും വേർതിരിച്ചുകണ്ട് ശരിയിൽ ഉറച്ചുനിൽക്കാനുള്ള തന്റേടം - ഇതേ തന്റേടമാണ് ഏതാണ്ടിതിനടുത്തകാലത്ത് കോളിൻസ് മദാമ്മ എഴുതിയ ഘാതകവധം (1877) എന്ന നോവലിലെ മറിയം എന്ന കഥാപാത്രവും പ്രകടിപ്പിക്കുന്നത്. ക്ഷിപ്രകോപിയായ അപ്പനെ അവൾ പേടിക്കുന്നില്ല. അവൾക്കിഷ്ടമില്ലാത്ത ഒരു വിവാഹാലോചന അദ്ദേഹം ഉറപ്പിച്ചതിനെ അവൾ നഖശിഖാന്തം എതിർക്കുന്നു. വിദ്യാഭ്യാസത്തിലൂടെ ശരിതെറ്റുകളെപ്പറ്റി അറിവുണ്ടായ തനിക്ക് ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ലെന്ന ആത്മവിശ്വാസമാണ് മറിയം പ്രകടിപ്പിക്കുന്നത്.

ഈ വിദ്യാഭ്യാസാദർശത്തിന് വളരെ അനുകൂലികളുണ്ടായില്ല. എങ്കിലും 'തന്റേടക്കാരികൾ' പലരും ഉണ്ടായിക്കൊണ്ടേയിരുന്നു. ആധുനികവിദ്യാഭ്യാസം നേടിയ മലയാളിസ്ത്രീകളുടെ ആദ്യ തലമുറയിൽപ്പെട്ടവരും സ്ത്രീയുടെ അവകാശങ്ങൾക്കായി വാദിച്ചവരുമായ പലർക്കും 'തന്റേടക്കാരി' എന്ന വിശേഷണം ചേരും. ഇക്കൂട്ടരെ ആധുനികപുരുഷന്മാർ എത്രത്തോളം ഭയന്നിരുന്നുവെന്ന് അറിയണമെങ്കിൽ അക്കാലത്തെ ഹാസ്യരചനകൾ പരിശോധിച്ചുനോക്കിയാൽ മതി. 1950കളിൽ പ്രസിദ്ധ ഹാസ്യസാഹിത്യകാരനായിരുന്ന പി.കെ. രാജരാജവർമ്മയെഴുതിയ 'അവിവാഹിതയായ ബി.ഏക്കാരി' എന്ന ഹാസ്യലേഖനത്തിൽ ഒരു ചിത്രമുണ്ട് - സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി കിട്ടാവുന്ന എല്ലാ വേദികളിലും ഇടിച്ചുകയറിച്ചെന്ന് മനുസ്മൃതി കത്തിച്ചുചാമ്പലാക്കണമെന്ന് വാദിക്കുന്ന ചൂടത്തിയുടെ ചിത്രം. മലബാറിൽ സഞ്ജയനും തിരുവിതാംകൂറിൽ ഇ.വി. കൃഷ്ണപിള്ളയും (രണ്ടുപേരും മലയാളത്തിലെ അതിപ്രശസ്തരായ ഹാസ്യസാഹിത്യകാരന്മാർ) 'പ്രസംഗക്കാരികളെ' അത്യധികം ഭയപ്പെട്ടിരുന്നുവെന്നാണ് അവരുടെ എഴുത്തിൽനിന്നും കിട്ടുന്ന സൂചന. എന്നാൽ ഇവർ നിർമ്മിച്ച ഈ 'ഭയങ്കരി'യുടെ ചിത്രം കേവലം സങ്കൽപ്പസൃഷ്ടിയാണെന്നു പറയാനുംവയ്യ. അക്കാലത്തെ പല സ്ത്രീകളും ഇതും ഇതിനപ്പുറവും ചെയ്തവരായിരുന്നു. 1928ൽ യുവ അഭിഭാഷകയായിരുന്ന അന്നാചാണ്ടി 'സ്ത്രീകൾക്ക് സർക്കാർ ജോലിനൽകിയാൽ അത് സാമൂഹ്യവിപത്തിനിടവരുത്തു'മെന്ന് പ്രസ്താവിച്ചുകൊണ്ട് ലേഖനമെഴുതിയ അന്നത്തെ വലിയ പ്രമാണിയായിരുന്ന ടി.കെ. വേലുപ്പിള്ളയെ നേരിട്ടത് ഇങ്ങനെയൊരു ഇടിച്ചുകയറ്റത്തിലൂടെയാണ്. തിരുവനന്തപുരത്തെ വിദ്യാഭിവർദ്ധിനിസഭ ഒരു പൊതുയോഗം കൂടിയ വേളയിലാണ് ഇതുണ്ടായത്. അന്നത്തെ തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായിരുന്ന പി.കെ.നാരായണപിള്ളയായിരുന്നു അദ്ധ്യക്ഷൻ. 'സ്ത്രീകൾ തങ്ങൾക്ക് അർഹതയില്ലാത്ത സർക്കാരുദ്യോഗം തട്ടിയെടുക്കുന്നു' എന്ന വേലുപ്പിള്ളയുടെ ആരോപണത്തെ സ്ത്രീകൾക്കെതിരെ ഫയൽചെയ്ത അന്യായമായി 'ബഹുമാനപ്പെട്ട കോടതി' കണക്കാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇങ്ങനെ പ്രതിസ്ഥാനത്തായ


159


വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/159&oldid=162793" എന്ന താളിൽനിന്ന് ശേഖരിച്ചത്