ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെഡൽ ലഭിച്ചു. എന്നാൽ സമുദായം കോരിച്ചൊരിഞ്ഞ ആ ആദരവിന് അത്ര നല്ലതല്ലാത്ത വശംകൂടിയുണ്ടായിരുന്നു. 'ഉത്തമ കുടുംബിനികൾ' ആണ് സമുദായത്തിന്റെ നെടുംതൂൺ എന്ന ആ ധാരണയാണ് മിക്ക സമുദായനേതാക്കളും പ്രചരിപ്പിച്ചത്. വിജയിനികൾ എപ്പോഴും 'നിയമത്തിന് അപവാദം' മാത്രമായിരുന്നു. ബിരുദധാരിണികളിൽ അധികമാരും സമുദായനേതൃത്വത്തിലേക്ക് ഉയർന്നുമില്ല. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്‌സ്ത്രീകളിൽനിന്ന് കോളേജ് ബിരുദം നേടിയ ആദ്യ വനിതയായിരുന്ന ദാക്ഷായണി വേലായുധനായിരിക്കണം ഇതിനൊരപവാദം. 1945ൽ അവർ കൊച്ചി നിയമനിർമ്മാണകൗൺസിലിലേക്ക് നാമനിർദ്ദേശംചെയ്യപ്പെട്ടു. സമുദായത്തിന്റെ മൊത്തം താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. > കാണുക പുറം 49, 50 <

1920കളിൽ സ്ത്രീപ്രതിനിധിയായി കൊച്ചിനിയമനിർമ്മാണകൗൺസിലിൽ അംഗമായിരുന്ന തോട്ടയ്ക്കാട്ടു മാധവിയമ്മ നായർസമുദായസംഘടനാപ്രവർത്തനത്തിലും മറ്റും വ്യാപൃതയായിരുന്നെങ്കിലും കഴിവുള്ള വനിതയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും സമുദായനേതൃത്വത്തിലേക്കുയർന്നില്ല. 1947ലെ തിരുവിതാംകൂർ നായർമഹാസമ്മേളനത്തിൽ പ്രസംഗിച്ച മലബാറിൽനിന്നുള്ള നായർ നേതാവ് മച്ചിങ്ങൽ കൃഷ്ണമേനോൻ 'എല്ലാ അതിരുകളെയും ഭേദിച്ചു' എന്നുതന്നെ പറയണം! അദ്ദേഹത്തിന് കിട്ടിയ കണക്കനുസരിച്ച് നായർ വിദ്യാർത്ഥിനികളിൽ സ്കൂൾഫൈനൽ കഴിഞ്ഞവരിൽ 50 ശതമാനവും വിവാഹംകഴിച്ചുവെങ്കിൽ ഇന്റർമീഡിയറ്റ്തലം (ഇപ്പോഴാണെങ്കിൽ പ്ലസ് ടു) കഴിഞ്ഞവർ 40 ശതമാനംമാത്രമേ വിവാഹം കഴിച്ചുള്ളു. ബി.എക്കാരികളിൽ 20 ശതമാനംപേർ മാത്രമേ വിവാഹംകഴിച്ചുള്ളു. ഇതൊരു വലിയ വിപത്താണെന്നായിരുന്നു മേനോന്റെ അഭിപ്രായം. അദ്ദേഹം പറഞ്ഞു: "അവിവാഹിതകളായ സ്ത്രീകൾ സമുദായത്തിനൊരു ഭാരമാണ്. സദാചാരപരമായി നോക്കിയാലും ആ നില ആദരണീയമാകുന്നില്ല." (ദീപിക, 14 സെപ്തംബർ, 1949)

ദാക്ഷായണി വേലായുധൻ.

പല ബഹുമതികളും നേടിക്കൊണ്ടാണ് ദാക്ഷായണി വേലായുധൻ പൊതുരംഗത്തേക്കുയർന്നു വന്നത്. കൊച്ചിയിൽനിന്ന് ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ പട്ടികജാതി പെൺകുട്ടി, ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണി എന്നിങ്ങനെ പലതും. 1913ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജിൽനിന്നും പിന്നീട് മദ്രാസിൽനിന്നുമാണ് അവർ ബിരുദങ്ങൾ നേടിയത്. കൊച്ചിവിദ്യാഭ്യാസവകുപ്പിൽ ജോലിനോക്കിയെങ്കിലും 'പുലയത്തിട്ടീച്ചർ' എന്ന പരിഹാസം സഹിക്കേണ്ടിവന്നത്രേ! അദ്ധ്യാപികയായി ജോലിനോക്കവെ ആർ. വേലായുധനെ വിവാഹംകഴിച്ചു. 1945ൽ അവർ കൊച്ചി നിയമസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ കോൺഗ്രസ് ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി. എന്നാൽ 1950കളിൽ അവർ രാഷ്ട്രീയജീവിതത്തിൽനിന്ന് അൽപ്പമൊന്നു പിൻവാങ്ങി, എൽ.ഐ.സിയിൽ ഉദ്യോഗസ്ഥയായി. 1971ൽ രാഷ്ട്രീയത്തിലേക്കു മടങ്ങാൻ ശ്രമിച്ചു. ആ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർ അടൂർ മണ്ഡലത്തിൽനിന്ന് ഭാർഗ്ഗവി തങ്കപ്പനെതിരെ മത്സരിച്ചു പരാജയപ്പെട്ടു. ചരിത്രകാരിയായ മീരാ വേലായുധൻ മകളാണ്.

(ചെറായി രാമദാസ്, അയ്യൻകാളിക്ക് ആദരത്തോടെ, എറണാകുളം, 2009, പുറം 103-107)


എങ്കിലും സമുദായങ്ങളിലെ പുരുഷന്മാരിൽ പുരോഗമനപക്ഷവും യാഥാസ്ഥിതികപക്ഷവും പലപ്പോഴുമുണ്ടാവുകയും അവ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. 1920കളുടെ അവസാന വർഷങ്ങളിൽ നമ്പൂതിരിസമുദായപ്രസ്ഥാനത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/161&oldid=162796" എന്ന താളിൽനിന്ന് ശേഖരിച്ചത്