അതിനെ അപേക്ഷിച്ചാണ് നിൽക്കുന്നതെന്ന ബോദ്ധ്യം അവർക്കുണ്ടായിരുന്നു.
എന്നാലിന്ന് ജോലികൾ വിരളമാണ്. ജോലിഭാരം പലപ്പോഴും അധികമാണ്. എങ്കിലും മലയാളിസ്ത്രീയുടെ സ്വപ്നമാണത് — പരിമിതമായ സ്വാതന്ത്ര്യമെങ്കിലും കിട്ടാനുള്ള വഴി. പക്ഷേ ആത്മാഭിമാനം നൽകുന്ന പഠിപ്പും സ്വന്തംകാലിൽ നിൽക്കാനുള്ള കഴിവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് മറ്റാരും മനസിലാക്കിയില്ലെന്നുവന്നാലും സ്ത്രീകളെങ്കിലും മനസിലാക്കണം! ആധുനികവിദ്യാഭ്യാസം നമ്മുടെ വ്യക്തിബോധത്തെ ശക്തിപ്പെടുത്തുമെന്ന് തീർച്ചയാണ്. പത്താംക്ലാസ് വരെ പിടിച്ചുനിൽക്കുന്നതധികവും പെൺകുട്ടികളായതുകൊണ്ട് അവരിൽ വ്യക്തിബോധത്തിന്റെ വളർച്ച കൂടാനാണിട. എന്നാൽ ഈ വികാസം നടക്കുന്ന അതേവേളയിൽ പെൺകുട്ടികളോട് നൂറ് പെരുമാറ്റച്ചട്ടങ്ങളും അതിരുകളും ആദരിക്കേണ്ട ആവശ്യത്തെക്കുറിച്ച് നാം പറഞ്ഞുകൊണ്ടിരിക്കുന്നു! ഒരുവശത്തുകൂടി ആൺകുട്ടികൾക്കൊപ്പം പഠിത്തത്തിൽ ശുഷ്കാന്തികാണിക്കാനും ജോലിതേടാനും പ്രോത്സാഹനം ലഭിക്കുന്ന പെൺകുട്ടിയോട് (ഇന്ന് പഠിത്തത്തിൽ പിന്നിലായാൽ ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേ ശകാരംതന്നെയാണ് വീട്ടിലും സ്കൂളിലും കിട്ടുന്നത്) നീ പെണ്ണാണെന്ന ഓർമ്മ വേണമെന്ന് നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത് പെൺകുട്ടിയിൽ സൃഷ്ടിക്കുന്ന മാനസികസംഘർഷത്തെക്കുറിച്ച് നാം ഓർക്കാറുണ്ടോ? പഠിത്തത്തിൽ എത്ര മിടുക്കുകാട്ടിയാലും വിവാഹമാണ് അവളെ സംബന്ധിച്ചിടത്തോളം ജീവിതവിജയത്തിലേക്കുള്ള മാർഗ്ഗമെന്ന സന്ദേശം അവളിൽ മടുപ്പുളവാക്കിയാൽ അത്ഭുതമെന്തിരിക്കുന്നു? ഇത്ര കടുത്ത സാഹചര്യങ്ങളോടു മല്ലടിച്ചു മടുക്കുമ്പോൾ ജീവിതം അവസാനിപ്പിച്ചുകളയാമെന്ന് വിചാരിച്ചാൽ അവളെ കുറ്റപ്പെടുത്താനാകുമോ? വിമർശനബോധം വളർത്തിയെടുത്ത് ആത്മാഭിമാനവും ധൈര്യവും വിദ്യാർത്ഥിനിക്ക് പകർന്നുകൊടുക്കുന്ന വിദ്യാഭ്യാസരീതി മാത്രമേ സ്ത്രീകളെ ഈ കുരുക്കിൽ നിന്ന് രക്ഷിക്കൂ. ആത്മാഭിമാനവും ജീവിതവിജയവും തമ്മിൽ ബന്ധമുണ്ടെന്നു പറഞ്ഞത് ഇതുകൊണ്ടാണ്.
കൂടുതൽ ആലോചനയ്ക്ക്
വിദ്യയെന്നാൽ സ്വാതന്ത്ര്യത്തിലേക്കുള്ള പാസ്പോർട്ട് - ഈ ആശയം നാം വളരെ കേട്ടിട്ടുണ്ട്. അതേ, ഏതു രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തെക്കുറിച്ചു പഠിക്കുമ്പോൾ അവിടത്തെ സാക്ഷരതാനിരക്ക്, പ്രത്യേകിച്ച് സ്ത്രീസാക്ഷരത, പരിശോധിക്കുന്നത് സാധാരണമാണ്. പക്ഷേ, വിദ്യാഭ്യാസമുണ്ടായാൽ പൂർണ്ണസ്വാതന്ത്ര്യം പിന്നാലെ വന്നുകൊള്ളുമെന്ന തോന്നൽ അസ്ഥാനത്താണെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണെന്ന് ഈ അദ്ധ്യായത്തിൽ പരാമർശിച്ചത്. പുരുഷന്മാരുടെ അനുഭവത്തെ എല്ലാവർക്കും ബാധകമാക്കിയതിന്റെ ഒരുദാഹരണമല്ലേ, ഇത്? പുരുഷന്മാരുടെ കാര്യത്തിൽ ഇത് ശരിയായിരിക്കാം - പഠിച്ചവൻ സ്വതന്ത്രനാകാറുണ്ട്, പലപ്പോഴും. പഠിപ്പ്, തൊഴിൽ, കൂലി എന്നിവ നേടിക്കഴിഞ്ഞാൽ അടുത്തപടി സ്വാതന്ത്യ്രത്തിലേക്കുള്ള കുതിച്ചുചാട്ടമാണെന്ന സാമാന്യബോധം പുരുഷന്മാരുടെമാത്രം ചരിത്രാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലേ നിലനിൽക്കുന്നത്? ⚫