ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യന്ത്രണമുള്ളവരും കലാവാസനയുള്ളവരുമാണ്. ഈ ഉത്തമസ്ത്രീകൾക്ക് ഒരു സവിശേഷതയുണ്ട്: സ്വന്തം കലാവാസനയെ, കഴിവുകളെ, പൊതുവേദിയിൽ കയ്യടിനേടാനോ ഒരു തൊഴിലായോ അല്ല അവർ വളർത്തിയെടുക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുംവേണ്ടിമാത്രമേ ഇവർ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാറുള്ളൂ. കലാപ്രകടനംനടത്തി ജീവിക്കുന്ന സ്ത്രീകൾ 'ചീത്തകളാണെ'ന്ന ധാരണ ആധുനികവിദ്യാഭ്യാസം നേടിയവർക്കിടയിലും പരമ്പരാഗതസമൂഹത്തിലും വ്യാപകമായിരുന്നകാലത്തായിരുന്നു ഈ കൃതികൾ രചിക്കപ്പെട്ടതെന്നകാര്യം ഓർക്കേണ്ടതുതന്നെ. ഉത്തമസ്ത്രീകൾ വീടിന്റെ പരിമിതികൾക്കുള്ളിൽ, കുടുംബത്തിന്റെ അതിരുകൾക്കുള്ളിൽ, തങ്ങളുടെ കലാവാസനകളെ പോഷിപ്പിക്കുമെങ്കിലും അവർ 'ആട്ടക്കാരികളാ'കാൻ പുറപ്പെടില്ല എന്ന സന്ദേശമാണ് നോവലുകൾ നൽകിയത്. നൃത്തം - മോഹിനിയാട്ടം - 'ചീത്ത'യാൾക്കാരുടെ വിനോദമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം മീനാക്ഷി (1890) എന്ന നോവലിന്റെ ഒരു കഥാസന്ദർഭത്തിൽ നടക്കുന്നുണ്ട്. 'മോഹിനിയാട്ടം' കലയല്ല, പുരുഷന്മാരെ വശീകരിക്കാനുള്ള വിദ്യയാണെന്നാണ് വാദം: 'പെണ്ണുങ്ങളെക്കൊണ്ടുനടന്നു ജാത്യാചാരവിരുദ്ധമായി ദ്രവ്യം സമ്പാദിപ്പാൻ മലയാളത്തിൽ നായന്മാരായ നാം ഒരു ജാതിക്കാരൊഴികെ ആരും ഒരുങ്ങിവരുന്നില്ല.' ഈ നോവൽ പ്രത്യക്ഷപ്പെട്ടകാലത്തുമാത്രമല്ല, പിന്നെയും വളരെക്കാലത്തോളം മോഹിനിയാട്ടം 'ഉത്തമസ്ത്രീ'കൾക്ക് പാടേ നിഷിദ്ധമായിരുന്നു. പിന്നീട്, ആ തടസ്സം നീങ്ങാൻതുടങ്ങിയപ്പോഴും ഒരു തൊഴിലെന്നനിലയിൽ കലാപ്രവർത്തനംനടത്തിയ സ്ത്രീകൾക്ക് ധാരാളം എതിർപ്പിനെ നേരിടേണ്ടിവന്നിരുന്നു. > കാണുക പുറം 181 <

സാഹിത്യവാസനയുടെ കാര്യമെടുത്താലോ? സാഹിത്യവും കലാപ്രവർത്തനവും ദൈനംദിനജീവിതത്തിൽനിന്ന് വളരെയൊന്നും അകലെയല്ലാത്ത കാലമായിരുന്നു ഇതെന്ന് ഓർക്കേണ്ടതാണ്. വീടുകളിൽ സ്ത്രീകൾ കൈകൊട്ടിക്കളിപ്പാട്ടുകൾ പാടുകയും നിർമ്മിക്കുകയും ചെയ്തിരുന്നു, ഉയർന്ന - ഇടത്തരം ജാതിക്കാരുടെയിടയിൽ. കീഴാളജാതിക്കാരുടെയിടയിലെ ഗാനപ്രപഞ്ചത്തിന്റെ സൂക്ഷിപ്പുകാർ പലപ്പോഴും സ്ത്രീകളായിരുന്നു. എന്നാൽ വരേണ്യസാഹിത്യത്തിന്റെ മേഖലകളിലും ധാരാളം സ്ത്രീകളുണ്ടായിരുന്നു - ഇവിടത്തെ മേലാളജാതികളിലെ സ്ത്രീകളിൽ പലരും സംസ്കൃതത്തിലും മലയാളത്തിലും നല്ല പാണ്ഡിത്യമുള്ളവരായിരുന്നു. അവർ ചമ്പുക്കളും കാവ്യങ്ങളുംമറ്റും രചിക്കുകയും പുരുഷന്മാരായ കവികളുൾപ്പെട്ട സദസ്സുകളിൽ ശ്ലോകങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 18-ാം നൂറ്റാണ്ടിലെ പേരുകേട്ട വിദുഷിയായിരുന്ന 'കോഴിക്കോട്ട് മനോരമ തമ്പുരാട്ടി'യെക്കുറിച്ച് സാഹിത്യചരിത്രപണ്ഡിതർ എഴുതിയിട്ടുണ്ട്. കിളിമാനൂർ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837), കൊച്ചിയിലെ ഇക്കാവമ്മ തമ്പുരാൻ (1844-1921), തിരുവിതാംകൂറിലെ നാഗർകോവിൽ അമ്മച്ചി (1839-1909) (തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യംതിരുനാളിന്റെ ഭാര്യയായിരുന്നു ഇവർ - 'അമ്മച്ചി' എന്നത് ആ സ്ഥാനത്തെക്കുറിക്കുന്ന പേരായിരുന്നു), കുട്ടിക്കുഞ്ഞുതങ്കച്ചി മുതലായവർ പത്തൊമ്പതാംനൂറ്റാണ്ടിൽ സാഹിത്യരചന നടത്തിയിരുന്നു. ഇതുകൂടാതെ മറ്റു പലരുടെയും പേരുകൾ ആദ്യകാലസാഹിത്യചരിത്രങ്ങളിൽ കാണാനുണ്ട് - ഇന്ന് അവരെ നാം അറിയില്ലെങ്കിലും.

പരമ്പരാഗതസാഹിത്യരംഗത്തുനിന്ന് ആധുനികസാഹിത്യത്തിലേക്കുള്ള മാറ്റത്തിൽ സ്ത്രീകളുടെ സാഹിത്യപ്രവർത്തനം ഏതുവിധമായിരിക്കണമെന്ന ചർച്ച 1890കളിലേ ആരംഭിച്ചുകഴിഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ സുഭദ്രാർജ്ജുനം നാടകത്തിന്റെ രചയിതാവെന്നനിലയിൽ പ്രശസ്തയായിത്തീർന്ന തോട്ടയ്ക്കാട്ട് ഇക്കാവമ്മയ്ക്കും ഇതേകാലത്ത് സാഹിത്യരചനയിലേർപ്പെട്ടിരുന്ന (ഇതിനുമുമ്പുതന്നെ സാഹിത്യപരിശ്രമം ആരംഭിച്ചിരുന്ന) കുട്ടിക്കുഞ്ഞുതങ്കച്ചിയും സാഹിത്യരംഗത്ത് സ്ത്രീകൾക്ക് ഇടം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായക്കാരായിരുന്നു. അവരുടെ അജ്ഞാതവാസം നാടകത്തിന്റെ ആരംഭത്തിൽ നടിയും സൂത്രധാരനും തമ്മിൽ നടക്കുന്ന സംഭാഷണം ആ വിഷയത്തെക്കുറിച്ചാണ്. അജ്ഞാതവാസം നാടകം അഭിനയിച്ച് സദസ്യരെ സന്തോഷിപ്പിക്കാമെന്ന് നടി സൂത്രധാരനോടു പറയുന്നു. സൂത്രധാരൻ ഇതിനോട് യോജിക്കുന്നെങ്കിലും 'അനേകം കവിശ്രഷ്ഠന്മാരുടെ കവനങ്ങളിരിക്കെ ഒരു സ്ത്രീയുടെ കവിതയെ അത്ര ശ്ലാഘ്യമായി വിചാരിച്ചത് ഭവതിയും ഒരു സ്ത്രീയാകയാലുള്ള ജാത്യാഭിമാനത്താലല്ലയോ' എന്ന് നടിയോട് ചോദിക്കുന്നു. അത്തരം ശങ്ക 'ദുശ്ശങ്ക'യാണെന്നും 'പ്രബന്ധത്തിലെ കലാചാതുര്യത്തെമാത്രം നോക്കിയാൽ മതിയല്ലോ' എന്നും നടി പ്രതിവചിക്കുന്നു. സൂത്രധാരൻ യോജിക്കുന്നു; 'മറ്റുള്ള സ്ത്രീകൾക്കും കവിതാരചനയിൽ ഉത്സാഹത്തെ ജനിപ്പിക്കുന്നതിന് ഇത് ഒരു മാർഗ്ഗമായിത്തീരു'മെന്ന് സമ്മതിക്കുന്നു! ('അജ്ഞാതവാസം', കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കൃതികൾ, തൃശൂർ, 1979, പുറം 239-40)

ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനം നാടകത്തിന്റെ പ്രാരംഭംതന്നെ ധീരമായ പ്രഖ്യാപനമായിരുന്നു:


171


പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/171&oldid=162807" എന്ന താളിൽനിന്ന് ശേഖരിച്ചത്