ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മല്ലാരിപ്രിയയായ ഭാമ
സമരം ചെയ്തീലയോ?തേർതെളി-
ച്ചില്ലേ പണ്ടു സുഭദ്ര, പാരിതു
ഭരിക്കുന്നില്ലേ വിക്ടോറിയ?
മല്ലാക്ഷീമണികൾക്കു പാടവ-
മിവയ്ക്കേറ്റം ഭവിച്ചീടുകിൽ-
ച്ചൊല്ലെഴും കവിതയ്ക്കുമാത്ര-
മിവരല്ലെന്നു വന്നീടുമോ?

സാഹിത്യരചനയിൽ സ്ത്രീ പുരുഷന്റെ ഒപ്പംതന്നെയെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ പ്രവേശം, സ്ത്രീകൾക്ക് അൽപ്പംമാത്രം ഇടമനുവദിച്ചിരുന്ന ഒരു മേഖലയിൽ അവർക്ക് ന്യായമായ സ്ഥലം ലഭിക്കണമെന്ന പ്രഖ്യാപനംകൂടിയായിരുന്നു.

സാഹിത്യത്തിന്റെ ഈ ഉന്നതമേഖലകളിൽമാത്രം വിഹരിക്കുന്നവരായിരുന്നില്ല, ആദ്യകാല സാഹിത്യകാരികൾ. അവർ സാധാരണമായി ഗൃഹങ്ങളിൽ പാടിയിരുന്ന തിരുവാതിരപ്പാട്ടുകളും കുറത്തിപ്പാട്ടുകളും ഊഞ്ഞാൽപ്പാട്ടുകളുംമറ്റും രചിച്ചിരുന്നു. ഈ ഗാനശാഖകളുടെ പ്രചാരവും ഇരുപതാം നൂറ്റാണ്ടിൽ ക്രമേണ കുറഞ്ഞുവന്നു. ഈ ഗാനങ്ങൾ 'സദാചാരവിരുദ്ധങ്ങളാ'ണെന്ന വിമർശനം 19-ാം നൂറ്റാണ്ടിലെ മിഷണറിമാരും ആധുനിക വിദ്യാഭ്യാസംനേടിയ സമുദായപരിഷ്ക്കർത്താക്കളും ഉയർത്താൻ തുടങ്ങിയിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും കാവ്യനാടകാദികൾ രചിക്കാൻ സഹായകമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് ഗുണമൊന്നും ചെയ്യില്ലെന്ന വാദവും 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പരിചിതമായിത്തീർന്നിരുന്നു. ഈ വിദ്യാഭ്യാസം സ്ത്രീകളെ ഗൃഹഭരണത്തിനു തയ്യാറാക്കുന്നില്ല; പഠിപ്പിന്റെപേരിൽ അഹങ്കരിക്കാൻ അതവരെ പ്രേരിപ്പിക്കുന്നു... ഇങ്ങനെ പല കുറ്റങ്ങളും ഇത്തരം പഠനത്തിനെതിരെ ഉന്നയിക്കപ്പെട്ടു. മീനാക്ഷി (1890) എന്ന നോവലിൽനിന്നുള്ള ഈ പരാമർശം നല്ല ഉദാഹരണമാണ്:

...അനുഭവത്തിലും അവസ്ഥയിലും അറുവഷളായിക്കണ്ട ശൃംഗാരശ്ലോകങ്ങളും തെമ്മാടിപ്പാട്ടുകളും ചൊല്ലിപ്പിടിപ്പിച്ചു ബഹുവാസനയുണ്ടാക്കും. ഗൗതമന്റെ ഭാര്യയായ അഹല്യയെ ദേവേന്ദ്രൻ പണ്ടു വ്യഭിചരിപ്പിച്ചില്ലേ? ചന്ദ്രൻ തന്റെ ഗുരുനാഥന്റെ ഭാര്യയുമായി രമിച്ചില്ലേ?... എന്നിങ്ങനെ അനേകം വഷളത്വങ്ങൾ അടങ്ങിയ പച്ചപ്പാട്ടുകളും രഹസ്യക്കാരേയും സംബന്ധക്കാരേയും വശീകരിച്ചു പാട്ടിലാക്കി പണംതട്ടിപ്പറിക്കാനുള്ള കൗശലങ്ങളെ ഉപദേശിക്കുന്നതായ ചില ശ്ലോകങ്ങളും പെൺകുട്ടികളെ ചെറുപ്പത്തിൽ പഠിപ്പിച്ചുവരുന്നതിനാണ് നമ്മുടെ നാട്ടുകാരിൽ മിക്കപേരും സ്ത്രീവിദ്യാഭ്യാസമെന്നപേർ കൊടുത്തിട്ടുള്ളത്. അതുകൊണ്ടാണ് പെൺകുട്ടികൾ എഴുത്തുപഠിച്ചാൽ വ്യഭിചാരിണിമാരായിപ്പോകുമെന്നും അവരെ എഴുത്തുപഠിപ്പിക്കരുതെന്നും മറ്റും ചില വൃദ്ധന്മാർ പറഞ്ഞുവരുന്നത്.

(ചെറുവലത്തു ചാത്തുനായർ, മീനാക്ഷി, തൃശൂർ (1890) 1990, പുറം. 126)


ആധുനികസ്ത്രീവിദ്യാഭ്യാസത്തിൽ കലയും സാഹിത്യവും ഉൾപ്പെടുത്തണമെന്നു വാദിക്കുമ്പോഴും കുടുംബത്തിന് ആനന്ദം നൽകാനുള്ള സ്ത്രീയുടെ കഴിവ് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗമായിട്ടാണ് ആദ്യകാലനോവൽരചയിതാക്കൾ അതിനെ കണ്ടത്. സ്ത്രീകളുടെ വായനയും ഇപ്രകാരം കുടുംബിനിയെന്ന നിലയ്ക്ക് യോജിച്ചതായിരിക്കണമെന്നും അവർ നിഷ്ക്കർഷിച്ചു. അല്ലാത്തപക്ഷം അവർ പഴയ വിദുഷികളുടെ പുതിയ പതിപ്പായിത്തീരുമെന്നായിരുന്നു ആക്ഷേപം. ഇന്ദുലേഖയെ പരിഹസിച്ചുകൊണ്ട് എഴുതപ്പെട്ട പറങ്ങോടീപരിണയം (1892) എന്ന കൃതിയിൽ 'ലണ്ടൻ ടൈംസ്'

മലബാറിലെ മാപ്പിളപ്പാട്ടെഴുത്തുകാരികൾ
മലബാർ മാപ്പിളസ്ത്രീക്ക് വിദ്യാഭ്യാസപ്രവേശനം വൈകിമാത്രമേ ലഭിച്ചിരുന്നുള്ളുവെന്നു പറയുമ്പോൾ അവർ ആധുനികവിദ്യാഭ്യാസം നിലവിൽവരുംമുമ്പ് മാപ്പിളമാരുടെയിടയിൽ പ്രചാരത്തിലുണ്ടായിരുന്ന 'അറബിമലയാളം' സ്ത്രീകൾക്കു വശമായിരുന്നുവെന്നകാര്യം നാം പലപ്പോഴും ഓർമ്മിക്കാറില്ല. ഈ ഭാഷയിൽ ധാരാളം കൃതികളും പത്രമാസികകളുമുണ്ടായിരുന്നുവെന്ന് ഓർക്കേണ്ടതാണ്; അതുകൊണ്ട് മാപ്പിളസ്ത്രീ 'വിദ്യയില്ലാത്തവളാ'യിരുന്നു എന്ന അവകാശവാദം ശരിയല്ല. ഗവേഷകയായ ഷംഷാദ്ഹുസൈൻ പറയുന്നു: 'ഈ സംസ്ക്കാരത്തിന്റെ ഭാഗമായിത്തന്നെ പാട്ടുകാരികളും പാട്ടെഴുത്തുകാരും ഉണ്ടായിരുന്നു. വിവിധ ചടങ്ങുകളിൽ ഇവർ സ്വന്തമായുണ്ടാക്കിയ പാട്ടുകൾ പാടിയിരുന്നു.' എല്ലാ വിഭാഗക്കാരും ഇതിലുൾപ്പെട്ടിരുന്നുവെന്ന് ഷംഷാദ് ചൂണ്ടിക്കാട്ടുന്നു. കൊണ്ടോട്ടിയിലെ മാളുതാത്ത എന്ന പാട്ടുകാരി താരതമ്യേന ദരിദ്രകുടുംബത്തിൽനിന്നായിരുന്നെങ്കിൽ, പ്രശസ്തയായ ജമീലാബീവി ഉയർന്ന വിഭാഗത്തിൽപ്പെട്ടവരാണ്. മുൻതലമുറകളിൽ ധാരാളം പാട്ടുകാരികളുണ്ടായിരുന്നു. പാട്ടുമേഖലയിൽ മാത്രമല്ല, മതാദ്ധ്യാപനരംഗത്തും സ്ത്രീകളുണ്ടായിരുന്നു. സ്ത്രീകൾ നടത്തിയിരുന്ന ഓത്തുപള്ളികൾ പലയിടത്തും ഉണ്ടായിരുന്നു - മദ്രസകൾ വ്യാപകമായ കാലത്ത് ഇവ അപ്രത്യക്ഷമായി. (ഷംഷാദ് ഹുസൈൻ, ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയിൽ, തിരുവനന്തപുരം, 2009) > കാണുക പുറം 38 <


172

പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/172&oldid=162808" എന്ന താളിൽനിന്ന് ശേഖരിച്ചത്