കേരളത്തിലെ ജൂതർക്കിടയിൽ സ്ത്രീകൾ പാടിയിരുന്ന പാട്ടുകൾ ധാരാളമുണ്ടായിരുന്നു. 'പെൺപാട്ടു'കൾ എന്നറിയപ്പെടുന്ന ഇവയെ ശേഖരിക്കാൻ ഉത്സാഹിച്ചത് റൂബി ദാനിയേൽ എന്ന കേരളജൂതസ്ത്രീയാണ്. ഇസ്രായേലിലേക്ക് കുടിയേറിയശേഷം ബാർബറാ ജോൺസൺ എന്ന ഗവേഷകയുമായി സഹകരിച്ച് അവർ പെൺപാട്ടുകളുടെ തർജ്ജമകൾ തയ്യാറാക്കി. ഈ പാട്ടുകളിൽ പ്രത്യേകിച്ച് സ്ത്രീപക്ഷവീക്ഷണമൊന്നുമില്ലെന്നാണ് കാർകുഴലി എന്ന സമാഹാരത്തിന്റെ മുഖവുരയിൽ സ്കറിയാ സക്കറിയ പറയുന്നത്. പക്ഷേ, സംവേദനതന്ത്രങ്ങളിൽ 'പെണ്മയുടെ അടയാളങ്ങൾ' കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. 'പറച്ചിലിലാണ് പുതുമയും പെണ്മയും' (പുറം 27). പല ജൂതസമൂഹങ്ങളിലും പുരുഷന്മാർ സന്നിഹിതരാകുന്ന സദസ്സുകളിൽ സ്ത്രീകൾക്ക് പാടാൻ അനുവാദമില്ലായിരുന്നെങ്കിലും കേരളത്തിലെ ജൂതസമൂഹത്തിൽ ഈ നിയമം നിലവിലില്ലായിരുന്നുവെന്ന് ബാർബറാ ജോൺസൺ പറയുന്നു.
(കാർകുഴലി: ജൂതരുടെ മലയാളം പെൺപാട്ടുകൾ, ജറുസലം, 2005)
പത്രം വായിക്കുന്നവളും പരിഷ്കൃതമനസ്ക്കയുമായ സ്ത്രീയുടെ ഹാസ്യചിത്രമായി 'പറങ്ങോടിക്കുട്ടി' എന്ന നായികയെ നോവൽകർത്താവ് അവതരിപ്പിക്കുന്നുണ്ട്. പറങ്ങോടിക്കുട്ടിക്ക് സ്ത്രീകളുടെ നാടൻകലാവിനോദങ്ങളോട് - കൈകൊട്ടിക്കളി മുതലായവയോട് - ബഹുവിരോധമാണ്. സർവ്വത്ര ഇംഗ്ലിഷ്മയമായ സംസ്ക്കാരത്തോടാണ് പ്രതിപത്തി. ഈ പറങ്ങോടിക്കുട്ടിയെക്കൊണ്ട് ഗൃഹഭരണത്തിനുകൊള്ളില്ല - അതായത്, ഗാർഹികജോലികളിൽ വലിയ താൽപ്പര്യമൊന്നുംകാണിക്കാതെ വായനയിലുംമറ്റും ശ്രദ്ധപതിപ്പിക്കുന്നു - എന്നാണ് പരാതി.
മലയാളത്തിലെ ആദ്യ നോവലുകൾ
19-ാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ മലയാളഭാഷയിൽ ആദ്യമായി നോവലുകൾ രചിക്കപ്പെടുകയുണ്ടായി. അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887)യാണ് ആദ്യമുണ്ടായതെങ്കിലും ഒ. ചന്തുമേനോന്റെ ഇന്ദുലേഖയാണ് (1889) 'ലക്ഷണമൊത്ത ആദ്യമലയാളനോവലാ'യി കരുതപ്പെടുന്നത്. തുടർന്ന് ഇന്ദുലേഖയുടെ ഇതിവൃത്തത്തോട് സാമ്യംപുലർത്തിയ നിരവധി നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടു - ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടിൽ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ ശാരദ (അപൂർണ്ണം). നോവലുകളുണ്ടായ മറ്റൊരു മാർഗ്ഗം മിഷണറിരചനയായിരുന്നു. കേരളത്തിലെ അതിക്രൂരമായ ജാതിവ്യവസ്ഥയുടെ അനീതി വെളിപ്പെടുത്താനും മിഷണറിപ്രവർത്തനം തുറന്നുവച്ച രക്ഷാമാർഗ്ഗത്തെക്കുറിച്ചു പറയാനും പലരും നോവൽ എന്ന സാഹിത്യരൂപം പ്രയോജനപ്പെടുത്തി - കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ജോസഫ് മൂളിയിൽ രചിച്ച സുകുമാരി (1897), പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം (1892) എന്നിവയാണ് മിഷണറിനോവലുകളിൽ പ്രധാനപ്പെട്ടവ. കിഴക്കേപ്പാട്ടു രാമൻകുട്ടിമേനോന്റെ പറങ്ങോടീപരിണയം (1892) ഇക്കാലത്തിറങ്ങിയ നോവലുകളുടെ 'പരിഷ്ക്കാരഭ്രമ'ത്തെ കണക്കിനു പരിഹസിച്ച കൃതിയായിരുന്നു. എങ്കിലും പരിഷ്ക്കരണവാദത്തിന്റെ വിശാലചക്രവാളംതന്നെയായിരുന്നു അതിന്റേതും.
സാഹിത്യവും കലയുമടക്കമുള്ള ബുദ്ധിപരമായ പ്രവർത്തനരംഗങ്ങളിൽ സ്ത്രീകൾ രണ്ടാംകിടക്കാർ ആയിരിക്കുമെന്നുറപ്പാക്കിയ തീർപ്പുകളാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലുണ്ടായത്. ഗൃഹമാണ് സ്ത്രീയുടെ 'സ്വാഭാവിക'വും പ്രകൃതിനിർമ്മിതവുമായ ഇടമെന്ന വാദത്തിലൂന്നിയ തീർപ്പുകളായിരുന്നു ഇവ. കലാ-സാഹിത്യപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏകാഗ്രത കുടുംബ ഉത്തരവാദിത്വങ്ങൾ പേറേണ്ടവളായ സ്ത്രീക്ക് നേടാൻകഴിയില്ല; പിന്നെയോ, ഇത്തരം പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കുന്ന ഭർത്താവിനെ പ്രീതിപ്പെടുത്താനോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിനുമാത്രം ആനന്ദം നൽകാനോമാത്രം ഉപകരിക്കുന്ന കലാപ്രവർത്തനമേ ഉത്തമകുടുംബിനിക്ക് ആവശ്യമുള്ളൂ എന്നും പലവിധത്തിൽ സ്ഥാപിക്കപ്പെട്ടു. എന്നിട്ടും കലാസാഹിത്യാദിപ്രവർത്തനങ്ങളി