ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീട്ടിലെ സമ്പ്രദായം അവർക്ക് സാഹിത്യരംഗത്തിലോ മറ്റെവിടെയാണ് അവർക്കു കടന്നുചെല്ലേണ്ടതെങ്കിൽ അവിടെയോ പ്രയോഗിക്കുകയേ വേണ്ടൂ.' 'മനുസ്മൃതി കത്തിക്കണ'മെന്നു പ്രസംഗിച്ചുനടക്കുന്ന ബഹളക്കാരികളായ സ്ത്രീസമത്വവാദികളെ തെല്ലൊന്ന് ശകാരിച്ചതിനുശേഷമാണ് ഈ ഉപദേശം.

('ശ്രീമതി തരവത്ത് അമ്മാളുഅമ്മ: ഒരനുസ്മരണം' (1936), സഞ്ജയൻ 1936-ലെ ഹാസ്യലേഖനങ്ങൾ, വാള്യം 3, കോഴിക്കോട്, 1970, പുറം 164).



തരവത്ത് അമ്മാളുഅമ്മ പരിഭാഷപ്പെടുത്തിയ ഭക്തമാല (1913)യുടെ ആമുഖമെഴുതിയ പി.ജി. രാമയ്യർ അവരെ 'കപടനാട്യക്കാരി'കളിൽനിന്ന് അകറ്റി പ്രതിഷ്ഠിച്ചു:

പാശ്ചാത്യപരിഷ്ക്കാരംകൊണ്ടു വിദുഷികളും മാന്യകളും ആയിട്ടുണ്ടെന്നു നടിക്കുന്ന അനേകം സ്ത്രീകൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. എന്നാൽ അവരുടെ പരിഷ്ക്കാരവും യോഗ്യതയും നാട്യത്തിൽനിന്ന് യാഥാർത്ഥ്യത്തിലേക്കു കടന്നിട്ടില്ലെന്ന് പറയാതെ നിവൃത്തിയില്ലാ. ഈശ്വരഭക്തിവിട്ടു ഇഹലോകവ്യാപാരങ്ങൾകൊണ്ടുമാത്രം കാലംകഴിച്ചുവരുന്ന സ്ത്രീകളെപ്പറ്റി ഏറ്റവും അനുശോചിക്കേണ്ടിയിരിക്കുന്നു. സാക്ഷാൽ പരിഷ്ക്കാരം ബുദ്ധിവികാസത്തിലും മനോഗുണത്തിലുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അങ്ങിനെയുള്ള പരിഷ്ക്കാരം ഈ ഗ്രന്ഥകാരിക്കുണ്ടെന്ന് ഈ പുസ്തകം വായിക്കുന്നവർക്ക് സംശയംകൂടാതെ തോന്നുന്നതാകുന്നു...

(പുറം. 5)


തിരുവിതാംകൂർ സർക്കാരിനെ വെല്ലുവിളിച്ചതിന് നാടുകടത്തപ്പെട്ട പ്രസിദ്ധ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യയായിരുന്ന ബി. കല്യാണിയമ്മ തങ്ങളുടെ വിവാഹത്തെക്കുറിച്ച് രചിച്ച വ്യാഴവട്ടസ്മരണകൾ (1916) എന്ന കൃതി അക്കാലത്തുതന്നെ വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. > കാണുക പുറം 125 < മഹാനായ ഭർത്താവിന്റെ സുഖദുഃഖങ്ങളിൽ സ്വയം അലിഞ്ഞുചേർന്ന ത്യാഗമൂർത്തിയായ പതിവ്രതയുടെ കഥയായിട്ടാണ് നിരൂപകർ അതിനെ വായിച്ചത്. എന്നാൽ ഇങ്ങനെയല്ലാതെ, ഭർതൃവന്ദനംകൂടാതെ, ഒരു സ്ത്രീ അവളുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ചെഴുതിയത് പലർക്കും പിടിച്ചില്ല! 1930കളിൽ കോച്ചാട്ടിൽ കല്യാണിയമ്മ - അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലന്ന് അവർ പ്രശസ്തയായിരുന്നു - തന്റെ യൂറോപ്യൻ യാത്രയെപ്പറ്റി 'ഞാൻ കണ്ട യൂറോപ്പ്' എന്ന പേരിൽ ഒരു യാത്രാവിവരണം പ്രസിദ്ധീകരിച്ചു. ഇതിനെ പരിഹസിച്ചുകൊണ്ട് സഞ്ജയൻ നിർദ്ദേശിച്ചു - കൃതി വലിയ കുഴപ്പമില്ല, പേരിൽ ചെറിയൊരു മാറ്റം വേണമെന്നുമാത്രം - 'യൂറോപ്പുകണ്ട കല്യാണിക്കുട്ടിയമ്മ' എന്നാക്കിയാൽ ഭംഗിയാകും! എഴുത്തിലൂടെ സ്വന്തം വ്യക്തിത്വത്തെ ഉറപ്പിക്കാൻ സ്ത്രീകൾ ശ്രമിക്കുന്നതിനെ സംശയത്തോടെയാണ് നിരൂപകർ കണ്ടതെന്നു വ്യക്തം.

'തലച്ചോറില്ലാത്ത സ്ത്രീകൾ'
മലയാളത്തിൽ സ്ത്രീകളെഴുതിയ ആദ്യചെറുകഥകളിൽ ഒന്നിന്റെ തലക്കെട്ടാണിത് - 'തലച്ചോറില്ലാത്ത സ്ത്രീകൾ'. ഭാഷാപോഷിണിയിൽ എം. സരസ്വതി ഭായിയുടെ പേരിൽ 1911ലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. സ്ത്രീകൾക്ക് ബുദ്ധിശക്തിയും സർഗ്ഗശേഷിയുമില്ലെന്നു പറഞ്ഞ് ഭാര്യയെ നിരന്തരം പരിഹസിക്കുന്ന 'ബുദ്ധിജീവി'യായ ഭർത്താവിനെ ആ ഭാര്യ നല്ലൊരു പാഠംപഠിപ്പിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. അയാൾ എഴുത്തുകാരനാണ്. അയാളുടെ എഴുത്തിനെ വീട്ടിലെല്ലാവരും മാനിച്ചുകൊള്ളണമെന്നും കുടുംബ ഉത്തരവാദിത്തമടക്കമുള്ള ലൗകികകാര്യങ്ങൾ പറഞ്ഞ് അയാളെ ആരും ശല്യപ്പെടുത്തരുതെന്നും വാശിയുള്ളൊരു സർവ്വാധിപതി. ഭാര്യയെ ജോലിക്കയയ്ക്കാൻ അയാളിഷ്ടപ്പെടുന്നില്ല; കാരണം ഭാര്യയുടെ ചെലവിൽ കഴിയാൻ അയാളുടെ അഭിമാനം സമ്മതിക്കുന്നില്ല. ഇങ്ങനെയുള്ള ഭർത്താവിനെ സ്നേഹപൂർവ്വം സേവിക്കുകയും എന്നാൽ ഒടുക്കം അയാളേക്കാൾ സാഹിത്യവാസന തനിക്കുണ്ടെന്നു തെളിയിക്കുകയും ചെയ്യുന്നു, സമർത്ഥയായ കല്യാണിയമ്മ. ലളിതാംബിക അന്തർജനം പിൽക്കാലത്തെഴുതിയ 'ഇത് ആശാസ്യമാണോ?' എന്ന കഥയ്ക്ക് 'തലച്ചോറില്ലാത്ത സ്ത്രീകളു'ടെ ഇതിവൃത്തത്തോട് സാമ്യമുണ്ട്.
എം.എം. ബഷീർ (സമ്പാ.) ആദ്യകാല സ്ത്രീകഥകൾ (കോഴിക്കോട്, 2004) എന്ന പുസ്തകത്തിൽ ഈ കഥ ചേർത്തിട്ടുണ്ട്.


ഇക്കാലത്ത് ചെറുകഥപോലുള്ള പുതിയ സാഹിത്യരൂപങ്ങളിലെഴുതാൻ സ്ത്രീകൾ ശ്രമിച്ചുതുടങ്ങിയിരുന്നു. ബി. കല്യാണിയമ്മ, ടി.സി. കല്യാണിയമ്മ, അമ്പാടി കാർത്യായനിയമ്മ തുടങ്ങിയവരുടെ ചെറുകഥകൾ ആനുകാലികങ്ങളിൽ (സ്ത്രീമാസികകളിൽ വിശേഷിച്ചും) പ്രസിദ്ധീകരിച്ചിരുന്നു. 'ഉത്തമസ്ത്രീത്വ'ത്തെ വാഴ്ത്തുന്നവയായിരുന്നു ഇവയിലധികവും. അക്കാലത്തെ പുതിയ സ്ത്രീത്വത്തിന്


177


പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/177&oldid=162813" എന്ന താളിൽനിന്ന് ശേഖരിച്ചത്