ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദസ്സിൽ സ്ത്രീ എന്നും പുരുഷൻ എന്നുമുള്ള വിഭിന്നത പ്രത്യക്ഷപ്പെടുത്തേണമെന്ന് പരിഷത് പ്രവർത്തകന്മാർ നിശ്ചയിച്ചതും പുരുഷസാഹിത്യസദസ്സിൽ സ്ത്രീകൾക്കു പ്രസംഗിക്കാൻ പാടില്ലെന്നു തീരുമാനിച്ചതും ആവശ്യമില്ലാത്ത സംഗതിയാണെന്നു 'മഹിളാ' പ്രസാധിക അന്നു പ്രസ്താവിക്കയുണ്ടായി...

('മഹിളാഭാഷണം', മഹിള 12 (4,5), 1932, പുറം 158)


തീയിൽ കുരുത്തവർ
മലയാളത്തിലെ ആദ്യ എഴുത്തുകാരികളിലൊരോരുത്തർക്കും പറയാൻ അഗ്നിപരീക്ഷകളുടെ കഥകളുണ്ട്. അവരിൽ ചിലരെങ്കിലും അതേപ്പറ്റി തുറന്നുപറഞ്ഞിട്ടുമുണ്ട്. സ്വന്തം പേരിൽ എഴുതി പ്രസിദ്ധീകരിച്ചതുകൊണ്ട് ജാതിവിലക്കിന്റെ ഭീഷണിയെ നേരിട്ടവർ, വീട്ടുകാരുടെ കലശലായ എതിർപ്പിനെ മറികടന്നവർ, നാട്ടുകാരുടെ കുത്തുവാക്കും പരിഹാസവും ഏറ്റവർ - എന്നിട്ടും സാഹിത്യരംഗത്ത് അവർ പതറാതെ പിടിച്ചുനിന്നു. ഇന്ന് നാമധികമൊന്നും ശ്രദ്ധിക്കാത്ത പഴയ എഴുത്തുകാരികൾക്കുപോലും വലിയ പോരാട്ടങ്ങളുടെ കഥയുണ്ട്. വേണ്ടാത്ത വിവാഹത്തിൽനിന്ന് രക്ഷപ്പെട്ട് വീടുവിട്ടോടിയ മേരിജോൺ കൂത്താട്ടുകുളം (സ്വന്തം വീട്ടുകാർപോലും തള്ളിക്കളഞ്ഞ അവർക്ക് ഒടുവിൽ ഈഴവ സാമൂഹ്യപരിഷ്ക്കർത്താവായിരുന്ന ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു. പിന്നീട് തിരുവിതാംകൂർ അഞ്ചൽ (പോസ്റ്റൽ) വകുപ്പിൽ ജോലികിട്ടി. അതിനുശേഷമാണ് അവർ സജീവമായി കവിതാരംഗത്തേക്കു കടന്നത്), വിവാഹജീവിതം വേണ്ടെന്നുവച്ച് മഠത്തിൽ ചേർന്നശേഷം അതിന്റെ പരിമിതികളോട് പടപൊരുതി കവിതയെഴുതിയ മേരിജോൺ തോട്ടം - ഇവരുടെ കൃതികൾ വീണ്ടും വായിക്കപ്പെടേണ്ടവയാണ്.
എഴുത്തുകാരിയുടെ ജീവിതം 'പരിചയക്കാർ' അസാദ്ധ്യമാക്കിത്തീർത്തതുമൂലം ആത്മഹത്യചെയ്യേണ്ടിവന്ന ഒരെഴുത്തുകാരി മലയാളത്തിലുണ്ട് - രാജലക്ഷ്മി. എഴുത്തിലേക്കുള്ള വഴിയുടെ കാഠിന്യത്തെക്കുറിച്ചെഴുതാത്ത സാഹിത്യകാരികൾ മലയാളത്തിൽ നന്നേ കുറയും. ലളിതാംബിക മുതൽ കെ.ആർ. മീര വരെയുള്ളവർ ആ വെല്ലുവിളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്.


സാഹിത്യരംഗത്തേക്കു പ്രവേശിക്കുന്നു

'സ്ത്രീഗുണ'ത്തെ കൈവിട്ട് എഴുത്തുകാരിയാവുക എന്ന ലക്ഷ്യം സ്ത്രീകൾക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. സ്ത്രീകൾ എങ്ങനെയിരിക്കണമെന്നും അവർക്കെന്തൊക്കെ ചെയ്യാമെന്നുംമറ്റും നിർണ്ണയിക്കുന്ന ശക്തികളോട് - സമുദായം, മതം, ഭരണകൂടം, രാഷ്ട്രീയശക്തികൾ - മല്ലടിക്കാതെ സ്വന്തമായ ആശയങ്ങളും ശൈലിയുമുള്ള എഴുത്തുകാരിയായിത്തീരാൻ കഴിയില്ല. അക്കാലത്താണെങ്കിൽ സ്ത്രീകൾ പൊതുരംഗത്തേക്കു കടന്നുതുടങ്ങിയിരുന്നതേയുള്ളൂ; സ്വന്തംപേരിൽ ലേഖനമെഴുതാൻപോലും സ്ത്രീകൾ ഭയപ്പെട്ടിരുന്നകാലം. അക്കാലത്താണ് ആധുനികമലയാളസാഹിത്യരംഗത്തേക്ക് ലളിതാംബിക അന്തർജനം, ബാലാമണിയമ്മ, കടത്തനാട്ടു മാധവിയമ്മ, മേരിജോൺ കൂത്താട്ടുകുളം, സിസ്റ്റർ മേരി ബെനീഞ്ഞ മുതലായവർ കടന്നുവന്നത്. ഈ കടന്നുവരവിൽ അനുഭവിച്ച സംഘർഷങ്ങളെക്കുറിച്ച് അവരിൽ പലരുമെഴുതിയിട്ടുണ്ട്. ലളിതാംബിക അന്തർജനം ഇതേക്കുറിച്ച് ഇങ്ങനെ എഴുതി:

എന്നെപ്പോലെയുള്ള ഒരു സ്ത്രീക്ക് ഒരു കലാകാരിണിയെന്ന ബിരുദം കിട്ടുക അത്ര എളുപ്പമല്ല. കിട്ടിയാൽത്തന്നെ അതു വച്ചുപുലർത്തുക അത്രയുംകൂടി എളുപ്പമല്ല. ഒരു കലാജീവിതത്തെ ചൂഴുന്ന നിരവധി സംശയ


179


പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/179&oldid=162815" എന്ന താളിൽനിന്ന് ശേഖരിച്ചത്