ങ്ങൾ, അസ്വാതന്ത്ര്യങ്ങൾ - പേടികൾ - പുരുഷനാണെങ്കിൽ നിസ്സംശയം ചവുട്ടിമെതിക്കാവുന്ന ആ മുൾപ്പടർപ്പുകളിലൂടെ ഞങ്ങൾ സ്ത്രീകൾ എത്ര കരുതലോടെ, ഭയാശങ്കകളോടെ, നൂഴ്ന്നുകയറിപ്പോകണം? ഒരു കലാഹൃദയത്തിന്റെ സ്വച്ഛന്ദവികാസത്തിന് ഏറ്റവും വലിയ ശത്രുവാണീ ഭയം.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ആധുനികസാഹിത്യരചനയ്ക്ക് ആവശ്യമെന്ന് കുഞ്ഞുലക്ഷ്മി കെട്ടിലമ്മ ചൂണ്ടിക്കാട്ടിയ 'സാമുദായികസ്വാതന്ത്ര്യം' എഴുത്തുകാരികൾക്ക് അധികമൊന്നും ഇല്ലായിരുന്നു. ആധുനികസാഹിത്യരംഗം ഏതാണ്ടു മുഴുവൻ പുരുഷന്മാരുടെ കുത്തകയായിരുന്നു - കെ. സരസ്വതിയമ്മയുടെ സഹപാഠിയായിരുന്ന എസ്. ഗുപ്തൻ നായർ അവരെക്കുറിച്ചോർക്കുന്നുണ്ട്, 1940കളിൽ കോളേജിലെ സാഹിത്യസമാജത്തിന്റെ ചർച്ചയിലേക്ക് കൂസലില്ലാതെ കയറിച്ചെന്ന പെൺകുട്ടിയായി. താനും കഥയെഴുതാറുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നത്രെ അത്. എന്നാൽ സാഹിത്യചർച്ചയിൽ തനിക്കർഹതപ്പെട്ട പങ്കാളിത്തം ആവശ്യപ്പെട്ട സ്വതന്ത്രവ്യക്തിയായിട്ടല്ല ഗുപ്തൻനായർ അവരെ ഓർമ്മിക്കുന്നത് - തന്റെ തുറന്ന പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരെന്തു കരുതുമെന്ന ചിന്തയില്ലാത്ത ശുദ്ധഗതിക്കാരിയായിട്ടാണ് അദ്ദേഹം അവരെ കണ്ടത്. ബാലാമണിയമ്മയെയോ അന്തർജനത്തെയോ ഇങ്ങനെ ശുദ്ധഗതിക്കാരാക്കാൻ എളുപ്പമായിരുന്നില്ല. അവരുടെ സാംസ്കാരികപശ്ചാത്തലവും കുടുംബനിലയുംമറ്റും കണക്കിലെടുക്കേണ്ടിവന്നേനെ. എന്നിട്ടുപോലും എതിർപ്പും വിമർശനവും ധാരാളമേൽക്കേണ്ടിവന്നു; പ്രത്യേകിച്ച് അന്തർജനത്തിന്.
എന്നാൽ ഇരുവർക്കും 'എഴുത്തുകാരി' എന്ന അംഗീകാരം സുലഭമായിക്കിട്ടിയിരുന്നു. പരിമിതമായ വായനയിലൂടെ 'സ്ത്രീഗുണങ്ങളു'ടെ വക്താക്കളായി ബാലാമണിയമ്മയെയും അന്തർജനത്തെയും 'ഒതുക്കുന്ന' രീതിയാണ് നടപ്പിൽവന്നത്. അന്തർജനം 'നമ്പൂതിരിസ്ത്രീകളുടെ കണ്ണീരൊപ്പിയ കഥാകാരി'യാണെന്നും 'മാതൃമഹിമയുടെ കഥാകാരി'യാണെന്നുംമറ്റുമുള്ള പരാമർശങ്ങൾ നമുക്ക് പരിചിതങ്ങളാണ്. ബാലാമണിയമ്മയെയും 'മാതൃത്വ'ത്തിന്റെ കവി എന്നൊക്കെയാണ് സാധാരണഗതിയിൽ വിശേഷിപ്പിക്കാറ്. എന്നാൽ അന്തർജനത്തിന്റെയോ ബാലാമണിയമ്മയുടേയോ ചിന്താപ്രപഞ്ചം ഒരിക്കലും വെറും മാതൃത്വവാഴ്ത്തായിരുന്നില്ല; നിലവിലുണ്ടായിരുന്ന മാതൃത്വദർശനങ്ങളുമായി 'പാടിപ്പുകഴ്ത്തലി'ന്റെ ബന്ധമായിരുന്നില്ല അവരുടെ എഴുത്തിന്. മറിച്ച് അക്കാലത്തുയർന്നുവന്ന മാതൃത്വദർശനങ്ങളെ വിമർശനപരമായി പരിശോധിക്കുന്ന, അല്ലെങ്കിൽ അവയുടെ സങ്കീർണ്ണതകളെയും വിഹ്വലതകളെയും അനാവരണംചെയ്യുന്ന, എഴുത്തായിരുന്നു അവരുടേത്. > കാണുക പുറം 120 <
ബാലാമണിയമ്മ മാതൃത്വത്തെ വാഴ്ത്തി കവിതകളെഴുതിയിരുന്നു; ആ കവിതയിൽ പുതിയ മാതൃത്വത്തിൽനിന്നുള്ള ആനന്ദം മാത്രമല്ല, ആശങ്കകളും വൈരുദ്ധ്യങ്ങളും തെളിയുന്നുണ്ട്. മലയാളബ്രാഹ്മണരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ നരകജീവിതത്തെ വർണ്ണിച്ച നിരവധി കഥകൾ അന്തർജനം 1930കളിലും 40കളിലുമെഴുതിയിട്ടുണ്ട്;
180