ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
1915ൽ മലപ്പുറംജില്ലയിലെ തിരുനാവായയ്ക്കടുത്ത് ഒരു യാഥാസ്ഥിതിക നായർതറവാട്ടിൽ ജനിച്ചു. ചെറുപ്പത്തിൽ കായികവിനോദങ്ങളിൽ വലിയ താൽപര്യമായിരുന്നു; ഇതിനുപുറമെ സംസ്കൃത കാവ്യനാടകാദികളും പരിചയിച്ചു. എന്നാൽ നൃത്തം ഒരു വിദൂരസ്വപ്നംപോലുമായിരുന്നില്ല. 1937ൽ, ഇരുപത്തിരണ്ടാംവയസ്സിൽ സംസ്കൃതഗ്രന്ഥങ്ങളെക്കുറിച്ച് വിവരങ്ങൾ തിരക്കിയാണ് അവർ കലാമണ്ഡലത്തിലെത്തിയത്; അദ്ധ്യാപികയാകാനുള്ള പരീക്ഷയ്ക്കിരിക്കാൻവേണ്ടി. ആ സമയത്ത് മോഹിനിയാട്ടം വിദ്യാർത്ഥിനികളിലൊരാൾ വിവാഹംകഴിക്കാനായി പരിശീലനം ഉപേക്ഷിച്ചിരുന്നു. കുടുംബസുഹൃത്തുകൂടിയായിരുന്ന മഹാകവി വള്ളത്തോളിന്റെ പ്രേരണയിൽ കല്യാണിക്കുട്ടിയമ്മ നൃത്തപരിശീലനത്തിനു തയ്യാറായി. കഠിനമായ പരിശീലനത്തിനൊടുവിൽ 1939ൽ അരങ്ങേറ്റം നടത്തി. ഇതിനിടെ കുടുംബത്തിൽനിന്നും അതിശക്തമായ എതിർപ്പുണ്ടായതിനെ അവർ ധൈര്യമായിത്തന്നെ നേരിട്ടു. കലാമണ്ഡലം കൃഷ്ണൻനായരുമായുള്ള പ്രണയം പ്രശ്നമായി മാറി - കാരണം കലാമണ്ഡലത്തിലെ അംഗങ്ങൾതമ്മിലുള്ള അടുപ്പങ്ങളെ വള്ളത്തോൾ തീരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. 1940ൽ വിവാഹംകഴിച്ച അവർ ഒരുവർഷത്തോളം ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചശേഷം, കലാമണ്ഡലം വിട്ടു. 1950കളുടെ അവസാനംവരെയും പല സ്ഥലങ്ങളിലായി അവർ നൃത്തപരിശീലനം നൽകി ജീവിച്ചു. മോഹിനിയാട്ടത്തിന്റെ സമുദ്ധാരകൻ എന്ന ബിരുദം വള്ളത്തോളിനാണ് നാം നൽകാറുള്ളതെങ്കിലും ഇന്നത്തെ മോഹിനിയാട്ടത്തെ ഈ രൂപത്തിലാക്കിത്തീർത്തതിന്റെ മുഴുവൻ അഭിനന്ദനവും കല്യാണിക്കുട്ടിയമ്മയ്ക്കാണ്. ഭരതനാട്യത്തിൽ രുഗ്മിണീദേവിക്കു കൽപ്പിക്കപ്പെടുന്ന സ്ഥാനം കല്യാണിക്കുട്ടിയമ്മയ്ക്ക് മോഹിനിയാട്ടത്തിലുണ്ട്. ഇക്കാലത്തെ നവീനസ്ത്രീത്വത്തിന്റെ ശക്തമായ സ്വാധീനം അവരുടെ മോഹിനിയാട്ട പുനർനിർമ്മാണത്തിൽ കാണാനുമുണ്ട്. എങ്കിലും ശുഷ്കമായ നമ്മുടെ സാമൂഹ്യചരിത്രത്തിനു പുറത്താണ് അവരിന്നും! അതിനേക്കാൾ അദൃശ്യരായ മറ്റൊരു കൂട്ടരുണ്ട് - കല്യാണിക്കുട്ടിയമ്മയ്ക്ക് മോഹിനിയാട്ടത്തെക്കുറിച്ച് അറിവുനൽകിയ ശുചീന്ദ്രം, പത്മനാഭപുരം ക്ഷേത്രത്തിലെ ദേവദാസികൾ! 'ചീത്തസ്ത്രീകളാ'യി മുദ്രകുത്തപ്പെട്ട അവരുടെ കലാശേഷിയും കലാപരിചയവും ഊറ്റിയെടുത്തശേഷം, അവരെ ചരിത്രത്തിന്റെ ഇരുട്ടിലേക്കു തള്ളാനാണ് 'പരിഷ്കൃത'വും 'മാന്യ'വുമായ നവവരേണ്യസമൂഹം - നവവരേണ്യസ്ത്രീത്വവും - മുതിർന്നത്.
183
പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം