ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവേശനം എന്തുകൊണ്ടു കിട്ടിയില്ല? ജാതിചിന്തയ്ക്കെതിരെ വെല്ലുവിളികളുയർന്ന 'നവോത്ഥാനകാല'ത്തിൽ നാം ഇത്തരമൊരു പ്രവേശനം എന്തുകൊണ്ടു കാണുന്നില്ല?

ആലോചിക്കേണ്ട കാര്യമാണിത്. ജാതിവിരോധത്തിന്റെ വേരുകൾ എത്രത്തോളം ആഴത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് നാം പലപ്പോഴും ഓർക്കാറില്ല - കലാരംഗത്ത് അതെത്രത്തോളം ആണ്ടുകിടക്കുന്നുവെന്നും. ആധുനികസാഹിത്യരംഗത്തേക്ക് കീഴാളസ്ത്രീകൾക്ക് പ്രവേശനം ലഭിച്ചിരുന്നില്ല; അക്കാലത്ത് എഴുത്തും വായനയുംപോലും അവർക്കധീനമായിരുന്നില്ല. ആധുനിക നാടകരംഗത്തും അവരുടെ പ്രവേശനം എളുപ്പമായിരുന്നില്ല. വരേണ്യഭാഷ അവർക്ക് എളുപ്പത്തിൽ വഴങ്ങില്ലായിരുന്നു എന്നുവേണമെങ്കിൽ വാദിക്കാം. എന്നാൽ ജാതീയമായ അടിച്ചമർത്തലിൽനിന്ന് വലിയൊരളവുവരെ രക്ഷപ്പെട്ട കീഴാളർ കേരളത്തിലുണ്ടായിരുന്നു - മിഷണറിസഭകളിലൂടെ ക്രിസ്തുമതം സ്വീകരിച്ചവർ. തെക്കൻതിരുവിതാംകൂറിൽ ഇവരുടെ എണ്ണം കുറവായിരുന്നില്ല. ഇക്കൂട്ടരിൽനിന്നും ദൃശ്യകലാരംഗത്തേക്കെത്തിയ ഒരു കീഴാളസ്ത്രീയുടെ - മലയാളസിനിമയുടെ ആദ്യനായികയായ റോസിയുടെ - ഭീകരാനുഭവം ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.

ഇരുപത്തിയഞ്ചുകാരിയായ റോസമ്മ തിരുവനന്തപുരത്തിനടുത്തു ജനിച്ച ഒരു കീഴാളസ്ത്രീയായിരുന്നു. കാക്കാരിശ്ശിനാടകങ്ങളിൽ അഭിനയിച്ചിരുന്ന റോസിക്കുവേണ്ടി കാക്കാരിശ്ശിനാടകസംഘങ്ങൾ തമ്മിൽ പിടിവലി നടന്നിരുന്നത്രേ - ആ രംഗത്ത് അവർ നല്ല കലാകാരിയായി അറിയപ്പെട്ടിരുന്നു എന്നർത്ഥം. ക്രിസ്തുമതത്തിലേക്കു മാറിയ ഒരു പുലയകുടുംബാംഗമായിരുന്ന അവർ കർഷകത്തൊഴിലാളിയുംകൂടിയായിരുന്നു. തിരുവിതാംകൂറിൽ ആദ്യം നിർമ്മിച്ച ചിത്രമായ വിഗതകുമാരനിലെ നായികയാവാൻ നറുക്കുവീണത് അവർക്കാണ്. ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ ജെ.സി. ഡാനിയേൽ ക്രിസ്തുമതം സ്വീകരിച്ച നാടാർസമുദായാംഗമായിരുന്നു - സ്വത്തും കൊട്ടാരത്തിൽ സ്വാധീനവുമുണ്ടായിരുന്ന വ്യക്തി. ഏതുവിധത്തിൽ നോക്കിയാലും അന്നത്തെ തിരുവിതാംകൂറിലെ നായന്മാർ കൈവശംവച്ചിരുന്ന ജാത്യാധികാരത്തെ വെല്ലുവിളിച്ച ഒരുദ്യമമായിരുന്നു വിഗതകുമാരൻ. 1928ൽ തിരുവനന്തപുരത്തുവച്ച് ഈ സിനിമ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. റോസിയുടെ രൂപം വെള്ളിത്തിരയിൽ തെളിഞ്ഞപ്പോഴൊക്കെ സദസ്സ് അക്രമാസക്തമായെന്നും സിനിമാകൊട്ടകയ്ക്കകത്തെ മുതൽ നശിപ്പിച്ചുവെന്നും അന്നത്തെ പത്രവാർത്തകൾ പറയുന്നു. ജെ.സി. ഡാനിയേലും സിനിമകാണാനെത്തിയ ചില മാന്യന്മാരും പ്രൊജക്ടർമുറിയിൽ കയറിയാണത്രെ രക്ഷപ്പെട്ടത്. പിറ്റേദിവസംതന്നെ സിനിമാപ്രദർശനം നിർത്താൻ സർക്കാരുത്തരവിട്ടു. പക്ഷേ, അക്രമികൾ റോസിയെ പിൻതുടർന്നുകൊണ്ടേയിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/186&oldid=162823" എന്ന താളിൽനിന്ന് ശേഖരിച്ചത്