ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഡാനിയേലിന്റെ പ്രത്യേക അപേക്ഷപ്രകാരം അവരുടെ വീട്ടിനുമുന്നിൽ പൊലീസ് കാവലേർപ്പെടുത്തി. എന്നാലിതുകൊണ്ടും കാര്യങ്ങളവസാനിച്ചില്ല. അവർ തുടർന്നും ആക്രമിക്കപ്പെട്ടു; ഒടുവിൽ കലാരംഗത്തുനിന്ന് അവർക്കു പൂർണ്ണമായും വിടവാങ്ങേണ്ടിവന്നു. 1940കളിലെയും 50കളിലെയും ഇടതുപക്ഷനാടകങ്ങളിലും സിനിമകളിലും നിരവധി കീഴാളസ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒരു കീഴാളസ്ത്രീ ആ രംഗത്തേക്കു പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഇതായിരുന്നു അനുഭവം!

പൊതുവെ പറഞ്ഞാൽ, കലാരംഗത്തു പ്രവർത്തിച്ച സ്ത്രീകൾ, അവർ എത്രതന്നെ അംഗീകാരവും രാഷ്ട്രീയമാന്യതയും ഉള്ളവരായിരുന്നെങ്കിലും, സമൂഹത്തിന്റെ ഓരങ്ങളിൽ നിൽക്കേണ്ടവരാണെന്ന ധാരണ അടുത്തകാലംവരെയും ശക്തമായിരുന്നു. ആലപ്പുഴയിൽ ഏറ്റവും ജനപ്രീതി നേടിയ കലാകാരിയെന്ന ബഹുമതിക്ക് എന്തുകൊണ്ടും അർഹയായ പി.കെ. മേദിനിയുടെ അനുഭവം നോക്കൂ.> കാണുക പുറം 232 <

സിനിമാരംഗത്തെ സ്ത്രീസാന്നിദ്ധ്യം
മലയാളസിനിമാചരിത്രത്തിലെന്നല്ല, ലോകസിനിമാചരിത്രത്തിൽത്തന്നെ സിനിമാനിർമ്മാണം, ഛായാഗ്രഹണം, സംവിധാനം, അഭിനയം തുടങ്ങിയ വിവിധമേഖലകളിലുള്ള സ്ത്രീകളുടെ ആദ്യകാലപങ്കാളിത്തത്തെക്കുറിച്ച് വളരെക്കുറച്ച് അറിവേ നമ്മുടെ പക്കലുള്ളൂ. സ്ത്രീകൾക്കുമാത്രമല്ല, സിനിമയ്ക്കും വളരെ കാര്യമായ ചരിത്രമൊന്നും ഇല്ലെന്ന തെറ്റിദ്ധാരണയായിരുന്നു ഇതിനു കാരണം. 1980കൾക്കുശേഷം സ്ത്രീപക്ഷചിന്ത ശക്തമായിട്ടും സിനിമാചരിത്രത്തോടുള്ള അവഗണന തുടർന്നതേയുള്ളു.

മലയാളത്തിലെ ആദ്യകാലനടികൾ നൃത്തം, നാടകം, ഹരികഥ, കഥാപ്രസംഗം തുടങ്ങിയ ഇതരകലകളിൽ പ്രവർത്തിച്ചവരായിരുന്നു. പത്മിനി (മാർത്താണ്ഡവർമ്മ, 1931), എം.കെ. കമലം, കൗസല്യ, ലക്ഷ്മി (ബാലൻ, 1938), സീതാലക്ഷ്മി (ജ്ഞാനാംബിക, 1942) തുടങ്ങിയ പലരും നാടകരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നവരാണ്. ആറന്മുള പൊന്നമ്മ, ബി.എസ്. സരോജ, ലളിത-പത്മിനി-രാഗിണി തുടങ്ങി പിന്നീട് സിനിമയിൽ സജീവമായി പ്രവർത്തിച്ചവരും നാടകം, നൃത്തം തുടങ്ങിയ രംഗങ്ങളിൽനിന്നെത്തിയവരാണ്. 1940കളോടെ സിനിമയുടെ നവോത്ഥാനപ്രവർത്തനങ്ങളുടെ ഭാഗമായി അഭ്യസ്തവിദ്യയായ മിസ് കുമാരിയെപ്പോലുള്ളവരും അഭിനയിച്ചുതുടങ്ങി.

ആദ്യകാല സ്ത്രീപ്രേക്ഷകരെയും അവരുടെ സിനിമാസമീപനത്തെയുംകുറിച്ചുള്ള വിവരങ്ങൾ വേണ്ടത്ര ലഭ്യമല്ല. 1926ൽ കൊല്ലംപട്ടണത്തിലെ സിനിമാശാലകളുടെ പ്രവർത്തനം തങ്ങളുടെകൂടെ സൗകര്യത്തിനാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാക്ടറിത്തൊഴിലാളികളായ സ്ത്രീകൾ സമരംചെയ്തതായി മലയാള മനോരമ റിപ്പോർട്ടുചെയ്തിട്ടുണ്ട്. 1940കളോടെ സ്ത്രീകളെഴുതിയ സിനിമാനിരൂപണങ്ങൾ വിരളമായെങ്കിലും ആനുകാലികങ്ങളിൽ കണ്ടുതുടങ്ങി. സിനിമയെ ആദ്യംമുതൽക്കുതന്നെ സ്ത്രീകളെ ദോഷകരമായി ബാധിക്കുന്ന കലാരൂപമായി വിമർശകർ, സിനിമാനിർമ്മാതാക്കൾ മുതലായവർ കണക്കാക്കുന്നതായിക്കാണാം. മറുവശത്ത് സ്ത്രീകളെ യുക്തിചിന്തയ്ക്കു കഴിവില്ലാത്ത, വികാരജീവികളായ പ്രക്ഷകരായി കണക്കാക്കുന്നതും കാണാം.

നിർമ്മാണം, വിതരണം, ഛായാഗ്രഹണം തുടങ്ങിയ ക്യാമറയ്ക്കുപിന്നിലെ പ്രവർത്തനങ്ങളിൽ സ്ത്രീപങ്കാളിത്തം നന്നേ കുറവായിരുന്നു. ബാലൻമുതൽ പല ആദ്യകാലസിനിമകളിലും എഡിറ്ററായിരുന്ന പി.പി. വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ ആദ്യം അസിസ്റ്റന്റ് എഡിറ്ററായും പിന്നീട് വിശപ്പിന്റെ വിളിയിൽ എഡിറ്ററായും പ്രവർത്തിച്ചു.


[ഈ കുറിപ്പ് സ്ത്രീപക്ഷസിനിമാഗവേഷണം നടത്തുന്ന ബിന്ദു മേനോൻ എഴുതിയതാണ്. 'Malayalam Cinema and The Invention of Modern Life in Keralam' എന്ന ഗവേഷണപ്രബന്ധം ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ സമർപ്പിക്കാൻ അവർ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.]


ആശാവഹമായ വളർച്ച

ഇന്ന് മലയാളസാഹിത്യരംഗത്തും സിനിമാ-നാടകവേദികളിലും സ്ത്രീകൾക്ക് മോശമല്ലാത്ത ദൃശ്യതയുണ്ട്. എന്നാൽ ഈ ദൃശ്യത, സ്വന്തമായ തീരുമാനങ്ങളെടുക്കാനും നടപ്പിൽവരുത്താനുമുള്ള സ്വാതന്ത്ര്യമാണെന്ന് കരുതാൻ കഴിയില്ല. ഈ രംഗങ്ങളിൽത്തന്നെ ചില പ്രത്യേക നിലകളിൽമാത്രമാണ് സ്ത്രീകളെ കൂടുതൽ കാണാൻ കഴിയുന്നത്. ചില നിലകളിൽ സ്ത്രീകൾ പുറകോട്ടുപോയി എന്നുതന്നെ പറയാം - ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ പ്രസിദ്ധീകരിച്ച നിരവധി ആനുകാലികപ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. പുതിയ സ്ത്രീത്വത്തെക്കുറിച്ച് സ്ത്രീകളെ പഠിപ്പിക്കുക എന്ന ധർമ്മം മാത്രമായിരുന്നില്ല ഇവ നിർവ്വഹിച്ചിരുന്നത് - സ്ത്രീകളുടെ പൗരാവകാശങ്ങളെക്കുറിച്ചും സമൂഹത്തിൽ അവർക്ക് പൂർണ്ണ അംഗത്വം ലഭിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുംമറ്റും ധാരാളം ചർച്ചകൾ അവയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.


187


പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/187&oldid=162824" എന്ന താളിൽനിന്ന് ശേഖരിച്ചത്