ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടുംബിനിയോ പൗരയോ?


'കേരളമാതൃക'യുടെ ആരാധകർ എത്രതന്നെ പാടിപ്പുകഴ്ത്തിയാലും കേരളത്തിലെ സ്ത്രീകൾക്ക് ഇന്നും പൂർണ്ണപൗരത്വം ലഭിച്ചിട്ടില്ലെന്ന സത്യം നമ്മുടെ മുമ്പിലുണ്ട്. സ്ത്രീകൾക്ക് ഐ.എ.എസ് പരീക്ഷയ്ക്ക് എഴുതാൻ തുല്യാവകാശമുണ്ട്, സ്വാതന്ത്ര്യത്തോടുകൂടി വഴിയേ നടക്കാനവകാശമില്ല എന്ന വിചിത്രമായ അവസ്ഥ കേരളത്തിൽ നിലനിൽക്കുന്നുവെന്നത് 'കേരളമാതൃക'യുടെ വക്താക്കളും മെല്ലെ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. എന്നാൽ ഇന്ന് മലയാളിസ്ത്രീകൾ അനുഭവിക്കുന്ന പരിമിതമായ പൗരാവകാശങ്ങൾപോലും വളരെ ശക്തമായ ആശയസമരങ്ങളിലൂടെയും സഹനങ്ങളിലൂടെയും നേടിയതാണെന്ന വസ്തുത നമുക്ക് അവഗണിക്കാൻ കഴിയാത്ത ഒന്നാണ്. പൗരാവകാശങ്ങൾ ആരും വച്ചുനീട്ടുന്ന സൗജന്യമല്ലെന്ന ബോധത്തെ മുറുകെപ്പിടിച്ചുകൊണ്ട് അവയ്ക്കുവേണ്ടി പോരാടിയ മലയാളിസ്ത്രീപക്ഷത്തിന്റെ ആദ്യതലമുറയുടെ ധൈര്യത്തെ തിരിച്ചറിയേണ്ടതുണ്ട്.


എന്താണീ പൗരത്വം?

പൗരത്വം (citizenship) എന്ന് കേൾക്കുമ്പോൾ നാം സാധാരണ ഓർക്കുന്നത് ഇന്ത്യൻ പൗരത്വം, അമേരിക്കൻ പൗരത്വം എന്നൊക്കെയാണ്. ഇന്ത്യൻ പൗരത്വമുണ്ടെങ്കിലേ ഇന്ത്യയിൽ വോട്ടവകാശം നേടാൻകഴിയൂ എന്നും നമുക്കറിയാം. ഏതെങ്കിലും രാജ്യത്ത് ജനിക്കുന്നതിനെയാണോ പൗരത്വമെന്നു പറയുന്നത്? ആയിക്കൊള്ളണമെന്നില്ല. ഇന്ത്യയിൽ ജനിച്ച് വിദേശത്തുപോയി അവിടങ്ങളിലെ


193


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/193&oldid=162831" എന്ന താളിൽനിന്ന് ശേഖരിച്ചത്