പൗരത്വം സ്വീകരിച്ചുകഴിയുന്ന എത്രയോ ഇന്ത്യക്കാരുണ്ട്!
പിന്നെ നമുക്കറിയാം, പൗരത്വമില്ലാത്തവർക്ക് വോട്ടവകാശമില്ല. പക്ഷേ വോട്ടവകാശംമാത്രമല്ല പൗരത്വം. ഏതെങ്കിലും രാജ്യത്തെ പൗരത്വം നമുക്കുണ്ടെങ്കിൽ ആ രാജ്യത്തെ സർക്കാരിൽനിന്നുള്ള സംരക്ഷണത്തിനു നാം അർഹരാകുന്നു. ജനാധിപത്യരാജ്യമാണെങ്കിൽ സർക്കാരിനെ തെരഞ്ഞെടുക്കാനും അതിൽ പങ്കുചേരാനും അവകാശമുണ്ടാകും. ആ നാട്ടിൽ സ്ഥിരമായി പാർക്കാനും ന്യായമായ ഏതു ജോലിയുംചെയ്ത് ജീവിക്കാനും അവകാശമുണ്ടാകും. അവിടത്തെ പൊതുസൗകര്യങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളാകാനും അവിടുത്തെ കോടതികളിൽനിന്നും നീതി ലഭിക്കാനും പൂർണ്ണമായ അവകാശമുണ്ടാകും. അതായത് അന്തസ്സോടുകൂടി ജീവിക്കാനുള്ള അവകാശം - പൗരാവകാശം (citizenship rights).
എന്നാൽ ഇന്ത്യൻഭരണഘടന വാഗ്ദാനംചെയ്യുന്ന അന്തസ്സുറ്റ പൗരത്വം എല്ലാ പൗരജനങ്ങൾക്കും ലഭിക്കുന്നുണ്ടോ? ദിവസവും പത്രമെടുത്തു നോക്കിയാൽമതി, എത്രയെത്ര പൗരാവാകാശലംഘനങ്ങളാണ് നാട്ടിൽ നടക്കുന്നത്? സ്ത്രീപുരുഷന്മാർക്ക് തുല്യപൗരത്വമാണ് ഇന്ത്യൻഭരണഘടന വാഗ്ദാനംചെയ്തിട്ടുള്ളത്. എന്നിട്ടോ? കേരളത്തിന്റെ കാര്യംതന്നെയെടുക്കുക. കേരളത്തിലെ പൊതുസ്ഥലങ്ങളിൽ - അതായത് റോഡുകളിൽ, പൊതുപാർക്കുകളിൽ, വായനശാലകളിൽ, ഉത്സവപ്പറമ്പുകളിൽ - സ്ത്രീകൾക്ക് പൂർണ്ണമായ ഇടമുണ്ടോ? ഇല്ലെന്ന സങ്കടകരമായസത്യം നമുക്കേവർക്കുമറിയാം. ഇത് സ്ത്രീകളുടെ പൗരാവകാശലംഘനമാണ്. 'വേണ്ടാത്തിടത്ത്, വേണ്ടാത്ത സമയത്ത് പെണ്ണുങ്ങൾക്ക് പോകാൻ എന്താണിത്ര കൊതി? ആവശ്യമുള്ള സ്ഥലങ്ങളിൽ നല്ലസമയത്ത് പോയാൽപ്പോരേ?'- ചിലരൊക്കെ ചോദിക്കാറുണ്ട്. സ്ത്രീകൾക്ക് ആവശ്യമുണ്ടോ അസമയമാണോ എന്നതൊന്നുമല്ല പ്രശ്നം - ഇതൊന്നും ആണുങ്ങളുടെ കാര്യത്തിൽ ആരും തിരക്കാറില്ലെന്നത് വേറെ കാര്യം. സ്ത്രീകളെ പൗരജനങ്ങളായി അംഗീകരിക്കുന്നുണ്ടോ? ഇല്ലെന്നതാണിവിടെ പ്രശ്നം. പൗരജനങ്ങൾക്ക് അവരുടെ നാട്ടിൽ പൊതുസ്ഥലങ്ങളിൽ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പോകാനുള്ള അവകാശമുണ്ട്. അത് സ്ത്രീകളുടെ കാര്യത്തിൽ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം.
കേരളത്തിൽ ഈ അംഗീകാരം അത്ര കാര്യമായിട്ടൊന്നുമില്ല. എന്നാൽ, പൗരാവകാശങ്ങൾക്കുവേണ്ടി ഇവിടത്തെ സ്ത്രീകൾ ശബ്ദമുയർത്താഞ്ഞിട്ടല്ല കാര്യങ്ങൾ ഈ വിധത്തിലായത്. ഇരുപതാം നൂറ്റാണ്ടിനു മുമ്പുതന്നെ ഈ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇന്ന് കേരളത്തിലെ സ്ത്രീകൾ പുരുഷന്മാർക്കൊപ്പം വിദ്യാഭ്യാസംചെയ്യുന്നു. പലയിടത്തും ജോലിനോക്കുന്നു. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കുറച്ചെങ്കിലും സ്ത്രീകളുണ്ട്. പരിമിതങ്ങളായ ഈ അവകാശങ്ങൾപോലും വെറുതേ കൈയിൽക്കിട്ടിയതല്ല. ഇവയ്ക്കുവേണ്ടി ദീർഘകാലം വാദിച്ച സ്ത്രീകളുടെ ഒരു മുൻതലമുറ നമുക്കുണ്ടായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന അവരുടെ പോരാട്ടങ്ങളെക്കുറിച്ചാണ് ഈ അദ്ധ്യായം.
194