പൗരാവകാശങ്ങൾക്കുവേണ്ടി
വോട്ടവകാശത്തിന്റെ കാര്യം ആദ്യമെടുക്കാം. ബ്രിട്ടിഷ് ഇന്ത്യയിലെ സ്ത്രീകൾക്ക് ലഭിക്കും മുമ്പുതന്നെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സ്ത്രീകൾക്ക് അത് ലഭിച്ചുകഴിഞ്ഞിരുന്നു. > കാണുക പുറം 63 < 1919ലെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തിന്റെ ഭാഗമായി നിശ്ചിത കരം സർക്കാരിലേക്കടയ്ക്കുന്ന സ്ത്രീ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചു. കൂടാതെ ഇവിടങ്ങളിലെ ജനപ്രതിനിധി സഭകളിൽ അംഗങ്ങളായിരിക്കാനുള്ള അവകാശം 1922ൽ സ്ത്രീകൾക്ക് ലഭിച്ചു.
തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചുകൊണ്ട് അവരെ പ്രതിനിധീകരിക്കാൻ ചില പ്രമുഖവനിതകളെ നാമനിർദ്ദേശംചെയ്യുന്ന രീതി നിലവിൽ വന്നു. തിരുവിതാംകൂറിലെ നിയമസഭാകൗൺസിലർ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മേരി പുന്നൻ ലൂക്കോസ് 1924ൽ നിയമിതയായി. ഇതേവർഷംതന്നെ കൊച്ചിയിൽ തോട്ടയ്ക്കാട്ട് മാധവിയമ്മ നിയമനിർമ്മാണ കൗൺസിൽ അംഗമായി. പിന്നീട് 1928ൽ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിലേക്ക് എലിസബത്ത് കുരുവിള നിയമിതയായി. തുടർന്നുള്ള വർഷങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിയമസഭയിൽ ശബ്ദമുയർത്തിയ നിരവധി സ്ത്രീകളുണ്ടായിരുന്നു - ടി.നാരായണിയമ്മ, ഗൗരി പവിത്രൻ, അന്നാചാണ്ടി, കെ. ദേവകി അന്തർജനം, തങ്കമ്മ മേനോൻ മുതലായവർ.
മറ്റു പ്രദേശങ്ങളെയപേക്ഷിച്ച് ഇവിടത്തെ സ്ത്രീകൾക്ക് കഴിവും വിദ്യാഭ്യാസവും അധികമാണെന്നും അവർ സ്വതന്ത്രരാണെന്നുംമറ്റും അന്നത്തെ തിരുവിതാംകൂറിലെ ഭരണാധികാരികൾ വീമ്പിളക്കിയിരുന്നു. മരുമക്കത്തായസ്ത്രീകൾ അനുഭവിച്ചിരുന്ന സ്വത്തവകാശത്തെയാണ് ഇവർ ഇങ്ങനെ ഊതിപ്പെരുപ്പിച്ചത്. പക്ഷേ, ഇവിടത്തെ വിവിധവിഭാഗക്കാരായ സ്ത്രീകളുടെനില പലവിധമായിരുന്നു. നമ്പൂതിരിസമുദായത്തിലെ സ്ത്രീകൾക്കും ക്രിസ്ത്യൻസ്ത്രീകൾക്കുംമറ്റും സ്വത്തവകാശം വളരെ കമ്മിയായിരുന്നെന്നുവേണം പറയാൻ. 1916ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശനിയമം സുറിയാനിക്രിസ്ത്യാനിസ്ത്രീകളുടെ സ്വത്തവകാശത്തിന് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. 5000 രൂപയ്ക്കപ്പുറം കുടുംബസ്വത്തിൽ സ്ത്രീക്ക് അവകാശമില്ലെന്നുവന്നു - അതിനുമീതെ കിട്ടുന്നതു മുഴുവൻ അപ്പന്റെയും ആങ്ങളമാരുടെയും ഔദാര്യം! 1980കളിൽ മേരി റോയിയും മറ്റുചില ധീരവനിതകളും ചേർന്നാണ് ഈ കടുത്ത അനീതിക്ക് പരിഹാരംകണ്ടത്.
മലയാളസ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു വീമ്പുപറഞ്ഞവർ മറച്ചുപിടിച്ച ഏറ്റവും പ്രധാനപ്പെട്ടകാര്യം മറ്റൊന്നായിരുന്നു. കഠിനമായ ജാതി മാമൂലുകൾ നിലനിന്നിരുന്ന കേരളത്തിൽ കീഴ്ജാതിക്കാർ വമ്പിച്ച പൗരാവകാശനിഷേധത്തെയാണ് നേരിടേണ്ടിവന്നത്. സ്വതന്ത്രമായി പൊതുവഴികളിലൂടെ സഞ്ചരിക്കാനോ അന്തസ്സായി വസ്ത്രംധരിക്കാനോ നല്ല വീടുകളിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാനോ കീഴാളരിലെ സ്ത്രീക്കോ പുരുഷനോ അവകാശമില്ലായിരുന്നു. ഈ അവകാശനിഷേധത്തിന്റെ - ജാതിമാമൂലിന്റെ - കാവൽക്കാരായിരുന്നു ഇവിടുത്തെ രാജാക്കന്മാരും ഭരണാധികാരികളും എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കീഴാളജനങ്ങൾ ഇതിനെതിരെ സംഘടിച്ചുതുടങ്ങി. മിഷണറിമാരുടെ മേൽക്കൈയോടെ നടന്ന മാറുമറയ്ക്കൽ കലാപത്തെപ്പറ്റി പറഞ്ഞു
കുടുംബിനിയോ പൗരയോ?