തെളിവില്ലാതെ നല്ല ചരിത്ര രചന നടക്കില്ല. ഇടുങ്ങിയ സ്ഥാപിതതാൽപര്യങ്ങളെ താങ്ങിനിർത്താൻവേണ്ടി എഴുതപ്പെടുന്ന ചരിത്രങ്ങളുടെ ചെമ്പ് പെട്ടെന്നുതന്നെ തെളിയുന്നത് ഇതിനാലാണ്.
അത്തരം അവകാശവാദങ്ങൾ മിക്കപ്പോഴും മതിയായ തെളിവിനെ ആസ്പദമാക്കുന്നവയല്ല. നിലവിൽ അംഗീകരിക്കപ്പെട്ട തെളിവുകളെയും അനുമാനരീതികളെയും അവ കണക്കാക്കുകയുമില്ല. അതുപോലെ, 'പല ചരിത്രകാരന്മാരും പലതും പറയുന്നു, ആരു പറയുന്നത് വിശ്വസിക്കും' എന്ന ചോദ്യവും കേൾക്കാറുണ്ട്. നേരത്തേ പറഞ്ഞതുപോലെ, സമൂഹത്തിലെ മനുഷ്യർക്കു മുഴുവൻ ഒരൊറ്റ ചരിത്രമല്ല ഉള്ളത്. (സാധാരണഗതിയിൽ, ആ പേരിൽ വാഴിക്കപ്പെടുന്നത് മേലാള ചരിത്രമാണെന്ന് പറഞ്ഞല്ലോ) ചരിത്രമെന്നാൽ പല ജനവിഭാഗങ്ങളുടെ പ്രത്യേകമായ ഭൂതകാലങ്ങളെക്കുറിച്ചുള്ള അറിവിന്റെ മേഖലയാണെന്നും ഇന്നു നമുക്കറിയാം. അങ്ങനെയാണെങ്കിൽ ആരു പറയുന്നതു വിശ്വസിക്കുമെന്ന പ്രശ്നം അത്ര ഗുരുതരമാകില്ല. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ചരിത്രത്തിൽ ഭൂതകാലത്തെക്കുറിച്ചുള്ള മുഴുവൻ സത്യവുമുണ്ടെന്ന ധാരണ ശരിയല്ലെന്നു സാരം. ചരിത്രത്തിലെ ശരിയേത്, തെറ്റേത് എന്നും മറ്റുമുള്ള ധാരണകൾ ഓരോ ജനവിഭാഗത്തിലും വ്യത്യസ്തമാവുമെന്നത് സ്വാഭാവികംമാത്രം. രാജാക്കന്മാരുടെ ചരിത്രത്തിലെ ശരിതെറ്റുകൾ പ്രജകളുടെ ചരിത്രത്തിലെ ശരിതെറ്റുകളിൽനിന്നും വിഭിന്നമായിരിക്കും. ഏതെങ്കിലുമൊരു രാജവംശത്തിന്റെ അധികാരമുറപ്പിക്കുന്ന 'മഹത്തായ' യുദ്ധവിജയങ്ങളെ, ആ യുദ്ധത്തിൽ ആളും അർത്ഥവും നഷ്ടപ്പെട്ടു നരകിച്ച ജനങ്ങളുടെ കണ്ണിലൂടെ വിലയിരുത്തിയാൽ തീർത്തും വിഭിന്നമായ കാഴ്ചയാവും നാം കാണുക.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ചരിത്രരചനാസമ്പ്രദായങ്ങളിലുണ്ടായ ഗുണകരമായ മാറ്റങ്ങളുടെ അലയൊലികൾ ഇവിടെയും എത്തിയിരിക്കുന്നതിനെപ്പറ്റി പറഞ്ഞല്ലോ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ലോകമെമ്പാടുമുളള കീഴാളർക്കുണ്ടായ രാഷ്ട്രീയ ഉണർവിന്റെ ഭാഗമായിരുന്നു ഇത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ കാലം നിർണ്ണായകമായിരുന്നു. അതുവരെ മേലാളചരിത്രങ്ങളിലും കർഷക-തൊഴിലാളി ചരിത്രങ്ങളിലും പരിമിതമായ സാന്നിദ്ധ്യംമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. സ്ത്രീകളുടെ ചരിത്ര
20