ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അധികാരമുണ്ട്? സ്ത്രീശരീരം പുരുഷസുഖത്തിനുള്ള ഒരുപകരണംമാത്രമാണെന്നുള്ള മൂഢവിശ്വാസം എത്ര സ്ത്രീകളെയാണ് അപകർഷഗർത്തത്തിൽ ആപതിപ്പിച്ചിരിക്കുന്നത്?

(അന്നാ ചാണ്ടി, 'ദൗർബല്യബോധം', മലയാളമനോരമ വിശേഷാൽപ്രതി 1935)


പക്ഷേ, സ്ത്രീകൾക്കിടയിൽപ്പോലും ഇത് ഒറ്റപ്പെട്ട സ്വരമായിരുന്നു, അക്കാലത്തും.


'കുലസ്ത്രീ'കളുടെ പരിമിതികൾ

പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള ഈ വാദങ്ങൾ 1950കളാകുമ്പോഴേക്കും മെല്ലെ നിലയ്ക്കാൻ തുടങ്ങിയിരുന്നു. കെ. സരസ്വതിയമ്മയെപ്പോലുള്ള ചിലരുടെ ശബ്ദംമാത്രമേ അപ്പോഴും കേട്ടിരുന്നുള്ളു. > കാണുക പുറം 121 < ആദ്യതലമുറയിലെ സ്ത്രീപക്ഷവാദികൾ അക്കാലത്ത് സർവ്വശക്തരായിത്തീർന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളോട് ചേർന്നുനിന്നവരായിരുന്നില്ല. കൂടാതെ, ഇവരെല്ലാംതന്നെ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ ഉൾപ്പെട്ടവരായിരുന്നു. മദ്ധ്യവർഗ്ഗസദാചാരത്തെ - സ്ത്രീക്കും പുരുഷനും രണ്ട് അളവുകോലുകൾ നാട്ടുന്ന സദാചാരത്തെ - ഇവർ പലപ്പോഴും വിമർശിച്ചു. എന്നാൽ അവർ അതിനെ പൂർണ്ണമായും മറികടന്നോ? സംശയമാണ്.

'മാന്യരല്ലാത്ത' സ്ത്രീകൾ അവരുടെ ചിന്താമണ്ഡലത്തിനു പുറത്തായിരുന്നു. കേരളത്തിലെ തൊഴിലാളികളിൽ വലിയൊരുവിഭാഗം സ്ത്രീകളായിരുന്നിട്ടും അവരുടെ പ്രശ്നങ്ങളെ സമീപിക്കാൻപോലും ആദ്യകാലസ്ത്രീവാദികൾക്കു കഴിഞ്ഞില്ല. അവരെ 'ഉദ്ധരിക്കുക' എന്നതിനപ്പുറം, അവരുമായി തുല്യനിലയിൽ സംവദിക്കണമെന്ന തോന്നൽ അവർക്കുണ്ടായില്ല. എന്നാൽ മദ്ധ്യവർഗ്ഗ ഇരട്ടസദാചാരത്തിനപ്പുറത്ത് ജീവിക്കുന്ന സ്ത്രീകൾ തിരുവിതാംകൂറിലുണ്ടായിരുന്നു. അവർ പല ആവശ്യങ്ങളുമായി സർക്കാരിനെ സമീപിച്ചിരുന്നു. അവരുമായി ബന്ധപ്പെട്ട് സംഘടിക്കാൻ ഈ സ്ത്രീപക്ഷ വിമർശകസംഘത്തിന് കഴിഞ്ഞില്ല. 'കുലസ്ത്രീ'കളല്ലാത്തവരുടെ കാര്യം പറയാൻകൂടി കഴിയില്ലായിരുന്നു. 1930ൽ തെക്കൻതിരുവിതാംകൂറിലെ ദേവദാസിസമ്പ്രദായത്തെ നിരോധിച്ചപ്പോൾ ആ സ്ത്രീകൾ സർക്കാരിനൊരു സങ്കടഹർജി സമർപ്പിച്ചു:

സ്ത്രീകൾക്ക് പബ്ലിക്‌സർവ്വീസിൽ പ്രവേശനം നൽകി പ്രോത്സാഹനംകൊടുക്കുന്ന ഈ അവസരത്തിൽ തങ്ങളെ സ്ത്രീകളായിട്ട് പരിഗണിക്കാതെ പിരിച്ചുവിടുന്നത് നന്നല്ലെന്നും അപ്രകാരം പിരിച്ചുവിടുകയാണെങ്കിൽ മേലിൽ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവുണ്ടാകണമെന്നും കാണിച്ചുകൊണ്ട് [ദേവദാസികൾ] ഒരു സങ്കടഹർജി അധികാരസ്ഥാപനങ്ങളിലേക്കയച്ചിരുന്നതായി അറിയിക്കുന്നു.

(മലയാളമനോരമ, 8 ആഗസ്റ്റ് 1930)

ദേവദാസികൾ മദ്ധ്യവർഗ്ഗസദാചാരപ്രകാരം 'ചീത്ത'യായതുകൊണ്ട് അവർക്ക് പരിഗണനകൊടുക്കേണ്ടതായി മേലാളസ്ത്രീകൾക്ക് തോന്നാനിടയില്ലായിരുന്നു! കീഴാളസ്ത്രീകളുടെ ആവശ്യങ്ങളെ സർക്കാർതലത്തിലും മറ്റും ഇവരാരും തീരെ ഉന്നയിച്ചില്ലെന്നല്ല. ഉദാഹരണത്തിന് 1940കളിൽ കൊച്ചി നിയമനിർമ്മാണകൗൺസിലിൽ അംഗമായിരുന്ന ദാക്ഷായണി വേലായുധൻ ദളിത്‌സമുദായങ്ങളിലെ സ്ത്രീകളുടെ ആവശ്യങ്ങൾ സർക്കാരിന്റെമുന്നിൽ അവതരിപ്പിക്കുയുണ്ടായി. > കാണുക പുറം 159 < അവരുടെ ആദ്യപ്രസംഗത്തിൽത്തന്നെ (1945ൽ) കൊച്ചി പൊതുജനാരോഗ്യവകുപ്പിന്റെ മിഡ്‌വൈഫുമാർ കീഴാള കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ചെല്ലാറില്ലെന്നും അതുകൊണ്ട് കീഴാളസമുദായങ്ങളിൽനിന്നുള്ളവരെത്തന്നെ നിയമിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ദാക്ഷായണിയെപ്പോലെ വളരെപ്പേർ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 'ചീത്തസ്ത്രീകൾക്കു'വേണ്ടി വാദിക്കാൻ, പക്ഷേ, ആരും തന്നെയില്ലായിരുന്നു. മദ്ധ്യവർഗ്ഗസദാചാരത്തെ വന്ദിക്കാത്ത സ്ത്രീകൾക്ക് ഭാഗികപൗരത്വം പോലുമുണ്ടായിരുന്നില്ലെന്നർത്ഥം.

തങ്ങളുടെ പൂർണ്ണപൗരത്വകാംക്ഷ, 'അമിതസ്വാതന്ത്ര്യ'കാംക്ഷയല്ലെന്ന് തെളിയിക്കാൻ ആദ്യകാലസ്ത്രീവാദികളിൽ ബഹുഭൂരിപക്ഷത്തിനും നല്ല താൽപര്യമുണ്ടായിരുന്നു. 'മാന്യത'യ്ക്കു പുറകേപോകുമ്പോൾ പൂർണ്ണപൗരത്വം നഷ്ടമാകുമെന്ന വസ്തുത അവരിൽ പലരും കണ്ടതുപോലുമില്ല. ആധുനികവിദ്യാഭ്യാസം നേടിയ സ്ത്രീകൾ 'ആട്ടമാടാനും' 'പാശ്ചാത്യസ്ത്രീകളെപ്പോലെ' ആകാനും ശ്രമിക്കുന്നുവെന്ന ആരോപണത്തിന് അത് ആണുങ്ങളുടെ ശീലമാണെന്നും തങ്ങളിൽ അത് ആരോപിക്കേണ്ടെന്നും ചില സ്ത്രീകൾ പ്രസ്താവിച്ചു. അന്നത്തെ പ്രമുഖ ബുദ്ധിജീവിയായിരുന്ന പുത്തേഴത്ത് രാമമേനോൻ ഇങ്ങനെ ഒരരോപണം ഉന്നയിച്ചപ്പോൾ സി.പി. കല്യാണിയമ്മ അദ്ദേഹത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്:

പുരുഷന്മാർ എത്രയോപേർ ഒരു സ്കൂളിന്റെ സമീപത്തുകൂടി കടന്നുപോയിട്ടുണ്ടെന്നോ, ജ്യേഷ്ഠന്മാരോ അമ്മാവന്മാരോ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടെന്നോ വച്ച് തല ക്രോപ്പ് ചെയ്ത് ചുരുട്ടോ ബീഡിയോ വലിച്ച് ആരെയും കൂട്ടാ


203


കുടുംബിനിയോ പൗരയോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/203&oldid=162843" എന്ന താളിൽനിന്ന് ശേഖരിച്ചത്