ള്ളയ്ക്കും വാശിയായി. അദ്ദേഹം അപസ്മാരം ബാധിച്ചതുപോലെ അഭിനയിച്ചു. ഭയന്നുപോയ കുടുംബക്കാർ നാട്ടുനടപ്പനുസരിച്ച് കണിയാനെ വിളിപ്പിച്ചു. കണിയാൻ കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചു; അയാൾ കവടി നിരത്തി, കുടുംബത്തിലെ സ്ത്രീകൾ വേണ്ടത്ര 'ശുദ്ധി'പാലിക്കാത്തതിലുള്ള ദേവീകോപംമൂലമാണ് കൃഷ്ണപിള്ളയ്ക്കു 'രോഗം' വന്നതെന്നു വിധിച്ചു. ഭയന്നുപോയ സ്ത്രീകൾ കാലത്തെ കുളിച്ചശേഷംമാത്രം അടുക്കളയിൽ പ്രവേശിക്കാനും തുടങ്ങി!
ആധുനികരീതിയിലുള്ള വൃത്തി അണുബാധയെ ഒഴിവാക്കുന്നതരം പ്രയോഗങ്ങളുടെ സ്വീകാരത്തെയാണ് കുറിക്കുന്നത്. എന്നാൽ 'ശുദ്ധി' പഴയ ജാതിമാമൂലിന്റെ ഭാഗമായിരുന്നു. ജാതീയമായ വിശുദ്ധിയെന്നൊന്നുണ്ടെന്നും അതിനു കളങ്കമുണ്ടാകുമെന്നും ആ കളങ്കം മാറ്റുമെന്നു കരുതപ്പെടുന്ന പ്രയോഗങ്ങൾ അനുഷ്ഠിക്കേണ്ടതാണെന്നുമാണ് 'ശുദ്ധി'യിൽ വിശ്വസിച്ചിരുന്നവർ കരുതിയത് (അതായത് മുങ്ങിക്കുളി മുതലായവയിൽ). ആധുനിക വൃത്തികൊണ്ടുണ്ടാകുമെന്നു കരുകുന്ന യാതൊരുവിധ ഗുണഫലവും ശുദ്ധിപ്രയോഗം കൊണ്ടുണ്ടാകുമെന്ന് കരുതാൻ നിർവ്വാഹമില്ല. കാരണം, രണ്ടും തമ്മിലുള്ള സാമ്യം കേവലം പുറമേയുള്ളതു മാത്രമാണ്.
സ്ത്രീകളെ 'ആധുനികവൽക്കരിക്കാൻ' പുറപ്പെട്ട സാമൂഹ്യപരിഷ്ക്കർത്താവ് അവരിൽ പരമ്പരാഗതഭീതികൾ ഉണർത്തി 'പരിഷ്ക്കരിക്കുന്ന' അസംബന്ധകാഴ്ചയാണ് ഈ കഥയിൽ! സ്ത്രീകളുടെ ചെറുത്തുനിൽപ്പ് എത്രത്തോളം ശക്തമായിരുന്നുവെന്ന സൂചനയും ഈ കഥയിലുണ്ട്. കറകളഞ്ഞ പരിഷ്ക്കരണവാദിയായിരുന്ന കൃഷ്ണപിള്ളയ്ക്കുപോലും സ്ത്രീകളുടെ സംഘടിതമായ ചെറുത്തുനിൽപ്പിനെ മറികടക്കാൻ പരമ്പരാഗതഭയങ്ങളുണർത്തുന്ന 'വേല' പ്രയോഗിക്കേണ്ടിവന്നു! തിരുവിതാംകൂറിൽ 19-ാം നൂറ്റാണ്ടിൽ പ്രവർത്തിച്ചിരുന്ന മിഷണറിമാർക്കും ഇവിടത്തെ സ്ത്രീകളുടെ 'ദുഃശാഠ്യ'ത്തെപ്പറ്റി പല കഥകളും പറയാനുണ്ടായിരുന്നു. കീഴാളസ്ത്രീകൾ മിഷണറിമാരുടെ പല നിർദ്ദേശങ്ങളും സ്വീകരിച്ചെങ്കിലും അവർ പറയുന്നതു മുഴുവനങ്ങു വിഴുങ്ങാൻ തയ്യാറായിരുന്നില്ലത്രെ! 1820കൾക്കും 1850കൾക്കുമിടയിൽ തെക്കൻതിരുവിതാംകൂറിൽനടന്ന 'ചാന്നാർലഹളകളി'ൽ 'സ്ത്രീകളുടെ ദുശ്ശാഠ്യം' ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു തോന്നുന്നു! മിഷണറിമാരുടെ കാഴ്ചപ്പാടിൽ മുലകൾ മറച്ചുകൊണ്ടുള്ള വസ്ത്രധാരണരീതി 'നല്ല സ്ത്രീകളു'ടെ ലക്ഷണങ്ങളിലൊന്നായിരുന്നു. ഇവിടെയാണെങ്കിലോ, ആ വേഷം 'ആട്ടക്കാരി'കളുടെ ലക്ഷണമായി എണ്ണിയിരുന്നു! എന്നാൽ കുപ്പായത്തിനു മുകളിലൂടെ ഒരു മേൽമുണ്ടുകൂടി ധരിക്കാനായാൽ ജാതിശ്രേണിയിൽ ഒരു കയറ്റംകിട്ടിയതുപോലെയായിരുന്നുതാനും. മതംമാറിയ ചാന്നാർ സ്ത്രീകൾ കുപ്പായം മാത്രമല്ല, മേൽമുണ്ടും ധരിച്ചു തുടങ്ങി - ഇതാണ് നായന്മാരെ പ്രകോപിപ്പിച്ചത്. നായർപുരുഷന്മാർ ചാന്നാർസ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിട്ടെങ്കിലും ക്രിസ്ത്യൻ ചാന്നാട്ടിമാർ തുടർന്നും മേൽമുണ്ട് ധരിച്ചുവെന്ന് മിഷണറി ചരിത്രകാരനായ അഗുർ (Agur) രേഖപ്പെടുത്തിയിരിക്കുന്നു. നായന്മാരുടെ അക്രമത്തിൽ പ്രതിഷേ
സ്ത്രീകളും സമരങ്ങളും