ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടന്നവ. ഇവയിലാദ്യത്തെ ഇനത്തെക്കുറിച്ച് അൽപ്പം പറഞ്ഞുകഴിഞ്ഞു. സമുദായത്തിന്റെ അകത്തളങ്ങളിൽ മാറ്റംവരാതെ സമുദായത്തെ നവീകരിക്കാനാവില്ല; അതിനാൽ സ്ത്രീകളെ പരമ്പരാഗതസമുദായവഴക്കങ്ങളെ ചെറുക്കാൻ പ്രാപ്തരാക്കിത്തീർത്തേ പറ്റൂ എന്ന ബോധം സമുദായപരിഷ്ക്കർത്താക്കൾക്കുണ്ടായിരുന്നു. നമ്പൂതിരിസ്ത്രീകളുടെ ദൈനംദിനചെറുത്തുനിൽപ്പുകൾ, തുറന്നരീതിയിലുള്ള, ഉറച്ച, സമരങ്ങളായി മാറേണ്ടത് സമുദായനവീകരണത്തിന് അനിവാര്യമാണെന്ന അഭിപ്രായമായിരുന്നു വി.ടി. ഭട്ടതിരിപ്പാടിന്റേത്. ഇഷ്ടമല്ലാത്ത കാര്യങ്ങൾക്ക് ഒരിക്കലും നിന്നുകൊടുക്കരുതെന്നും മുതിർന്നവരുടെ ആജ്ഞകൾ ലംഘിക്കേണ്ടിവന്നാൽ അതിനു തയ്യാറായിരിക്കണമെന്നും അദ്ദേഹം നമ്പൂതിരിസ്ത്രീകളെ ഉപദേശിച്ചു:

...അതുകൊണ്ട് ഞാൻ വീണ്ടുംവീണ്ടും ഊന്നിപ്പറയുന്നു, നിങ്ങൾ ഒരു ഉറച്ച വിപ്ലവത്തിനുതന്നെ ഒരുങ്ങണം. നിങ്ങൾ നല്ലവണ്ണം വായിക്കണം. ശൃംഗാരരസപ്രധാനമായാലും ശരി, നിരീശ്വരവാദകോലാഹലമായാലും വേണ്ടില്ല ഇന്നത്തെ വർത്തമാനപത്രങ്ങൾ അനുദിനം അവശ്യം വായിച്ചറിഞ്ഞേ കഴിയൂ. തൽഫലമായി നിങ്ങൾക്കു തോന്നുന്ന ചില സംഗതികൾ വെറുംനിലത്ത് ചമ്രംപടിഞ്ഞിരുന്ന് ആവണപ്പലക മേശയാക്കി... ചിലതു കുത്തിക്കുറിച്ചുനോക്കാതെ അഭിപ്രായപ്രകടനത്തിന് ഇനി തരപ്പെടുകയില്ല. ആരെന്തുപറഞ്ഞാലും സ്വതന്ത്രമായ അഭിപ്രായങ്ങളെ മുഖംനോക്കാതെ തുറന്നുപ്രകടിപ്പിക്കണം... നിങ്ങൾ വിവാഹവർത്തമാനത്തെപ്പറ്റി വല്ലതുമൊക്കെ കേട്ടാൽ പരിഭ്രമിക്കാതെ വരന്റെ ഗുണദോഷങ്ങളെപ്പറ്റി നല്ലവണ്ണം ആരാഞ്ഞറിയണം. ഇഷ്ടമായാലും അനിഷ്ടമായാലും അഭിപ്രായം വേണ്ടപ്പെട്ടവരെ അറിയിക്കണം. നിങ്ങളുടെ ഹിതവുംമതവും നോക്കാതെ വല്ലതും കടന്നുപ്രവർത്തിക്കുവാൻ ഇടവരുന്നപക്ഷം നിങ്ങളുടെ വിസമ്മതം വെളിപ്പെടുത്തി അതിനെ അനുസരിക്കാതിരിക്കതന്നെവേണം...

(വി.ടി., 'ഒരു മറുപടി', ഉണ്ണിനമ്പൂതിരി, ജനുവരി 19, 1930, വി.ടി.യുടെ സമ്പൂർണ്ണകൃതികൾ, കോട്ടയം,2006,പുറം 562-563)


വിപ്ലവകരം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ നിർദ്ദേശങ്ങളുടെ ആത്യന്തികലക്ഷ്യം നമ്പൂതിരിസമുദായത്തിന്റെ ഉടച്ചുവാർക്കലായിരുന്നു - അതായിരുന്നു അവയുടെ പരിമിതിയും. സമുദായത്തിന്റെ പഴകിയനിയമങ്ങളെ ത്യജിച്ചുകൊണ്ടുവേണം സമുദായത്തെ സേവിക്കാൻ - 'ആ ചേലപ്പുതപ്പുതന്നെ ചീന്തേണ്ടിവരും, സമുദായമാതാവിന്റെ കപോലങ്ങളിൽക്കൂടി കിനിഞ്ഞിറങ്ങുന്ന കണ്ണീർ തുടയ്ക്കാൻ'- എന്ന് വി.ടി. പ്രഖ്യാപിക്കുന്നു. എന്നാൽ ഈ ഉടച്ചുവാർക്കൽ സ്ത്രീകളുടെ അവകാശങ്ങളോട്, ആവശ്യങ്ങളോട്, പൂർണ്ണമായ നീതികാട്ടുമോയെന്ന ആശങ്ക നമ്പൂതിരിസമുദായപ്രസ്ഥാനത്തിലെ സ്ത്രീകൾ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. പാരമ്പര്യത്തെ എതിർക്കാൻ സ്ത്രീ കളെ പ്രേരിപ്പിച്ച ആധുനികചിന്താഗതിക്കാരായ പുരുഷന്മാർ പുതിയതരം നിയന്ത്രണങ്ങൾ സ്ത്രീകളുടെമേൽ നടപ്പിൽവരുത്തുന്നതിന്റെ ചില ചിത്രങ്ങൾ ലളിതാംബിക അന്തർജനത്തിന്റെ കഥകളിലുണ്ട്. ('ഇത് ആശാസ്യമാണോ?', 'പ്രസാദം' തുടങ്ങിയവയിൽ). > കാണുക പുറം 87 <

രണ്ടാമതു സൂചിപ്പിച്ചതരം സമരങ്ങളിൽ അതായത്, സമുദായത്തിനുവേണ്ടി നടത്തിയ സമരങ്ങളിൽ, പങ്കെടുക്കാൻ സ്ത്രീകൾക്ക് നല്ല പ്രോത്സാഹനം ലഭിച്ചിരുന്നു. സമുദായത്തിനുള്ളിൽ സ്ത്രീകൾ നടത്തിയ സമരങ്ങളിൽ സ്ത്രീകൾ പലപ്പോഴും പുരുഷന്മാരായ സമുദായപരിഷ്ക്കർത്താക്കളുടെ മേൽക്കൈയെ നിശിതമായി വിമർശിച്ചെങ്കിലും, സമുദായത്തിനുവേണ്ടിയുള്ള സമരത്തിൽ ഈ 'അപകട'സാദ്ധ്യത താരതമ്യേന കുറവായിരുന്നു. തീവ്രമായ ചെറുത്തുനിൽപ്പ്' ഇവിടെ താത്കാലികംമാത്രമായിരുന്നു. സമുദായം നേരിട്ട വിപത്തുകളെ ചെറുക്കാൻ സ്ത്രീകളെ രംഗത്തിറക്കുകയും അവ അകന്നുകഴിഞ്ഞാൽ അവരെ വീണ്ടും കുടുംബത്തിന്റെ അതിരുകൾക്കുള്ളിൽ തളയ്ക്കുകയുംചെയ്യുന്ന രീതി ഒരു അലിഖിതനിയമംപോലെ പ്രവർത്തിച്ചു. ആധുനികഗൃഹനായിക എന്ന പദവിയിലേക്കു മടങ്ങുക എന്നത് സ്ത്രീയുടെ 'സ്വാഭാവികകടമ'യാണെന്ന പരോക്ഷധാരണ ഇതിനുപിന്നിൽ പ്രവർത്തിച്ചു. മാത്രമല്ല, ഇത്തരം സമരങ്ങളിൽ സ്ത്രീപങ്കാളിത്തം എപ്പോഴും പൊതുരംഗത്തുതന്നെയുണ്ടാവണമെന്ന് (പുരുഷ) സംഘാടകർക്കുതന്നെ നിർബന്ധമുണ്ടായിരുന്നില്ല! 'കുടുംബിനി' എന്ന 'സ്വാഭാവികനില'യിൽനിന്ന് അണുവിട നീങ്ങാതെതന്നെ സ്ത്രീയെ സമരത്തിലുൾപ്പെടുത്താമായിരുന്നുവെന്നർത്ഥം.

1930കളിൽ തിരുവിതാംകൂറിനെ പ്രകമ്പനംകൊള്ളിച്ച അവശസമുദായങ്ങളുടെ അവകാശപ്പോരാട്ടത്തിൽ - നിവർത്തനപ്രക്ഷോഭത്തിൽ - പങ്കാളികളാകാൻ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് കെ.ഗോമതി മലയാള മനോരമയിൽ എഴുതിയ ലേഖനം - ഈ വീക്ഷണം മുന്നോട്ടുവച്ചു.

സ്ത്രീകൾ സമുദായകാര്യങ്ങളിൽ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതിപറയുന്ന ഗോമതി തങ്ങളുടെ ഇടുങ്ങിയ കർമ്മരംഗത്തുനിന്നുകൊണ്ടുതന്നെ സ്ത്രീകൾക്ക് സമുദായസേവനം നടത്താമെന്ന് അഭിപ്രായപ്പെടുന്നു:

തിരുവിതാംകൂറിൽ സ്ത്രീസമുദായത്തിൽ... പഠിച്ചവർ കുറെയൊക്കെ ഇന്നുണ്ടെങ്കിലും അവരുടെ രാഷ്ട്രീയ

218

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/218&oldid=162859" എന്ന താളിൽനിന്ന് ശേഖരിച്ചത്