ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത് 'വളരെ വളരെ നന്നായിരുന്നു' എന്നായിരുന്നു ലേഖകന്റെ അഭിപ്രായം. എന്നാൽ ഉപസംഹാരത്തിൽ ഈ പ്രസംഗത്തെ മറ്റൊരു പ്രാസംഗിക കഠിനമായി എതിർത്തത്രെ: 'ആദ്യം പ്രസംഗകർത്രിയായ മിസ് മേരിയുടെ ഭാര്യമാർ ഭർത്താക്കന്മാരെ ശുശ്രൂഷിക്കണമെന്നും അവർ പല സന്ദർഭങ്ങളിലും മൗനം അവലംബിക്കണമെന്നും മറ്റുമുള്ള പ്രസ്താവനകൾ അസംബന്ധമാണെന്നും ഭാര്യമാർ അബലകാളാകയാൽ അവരെവേണം ഭർത്താക്കന്മാർ ശുശ്രൂഷിക്കേണ്ടതെന്നും ഭാര്യമാരെ ഭർത്താക്കന്മാർ മദ്യപാനംചെയ്തുകൊണ്ടുവന്നും മറ്റും പ്രഹരിച്ചാൽ സിവിൽവ്യവഹാരം കൊടുപ്പാൻ വകുപ്പുണ്ടാകണമെന്നുംമറ്റും (അവർ) എതിർത്തുസംസാരിച്ചുവെന്നതും പ്രത്യേകം പ്രസ്താവയോഗ്യമാണ്.' (മലയാള മനോരമ, 7 മെയ് 1927)

ഈ ചെറുത്തുനിൽപ്പിന്റെ സാദ്ധ്യതയാണ് സ്ത്രീകൾ സമുദായത്തിനുവേണ്ടിയോ മാതൃരാജ്യത്തിനുവേണ്ടിയോ 'ത്യാഗമനുഷ്ഠിച്ച'പ്പോൾ നഷ്ടമായത്. 'സ്വന്തം കാര്യങ്ങളെല്ലാം' മാറ്റിവച്ചുവേണം സമുദായത്തിനും രാജ്യത്തിനുംവേണ്ടി സമരം ചെയ്യാനെന്ന തത്വം പുരുഷന്മാർക്കും ബാധകമായിരുന്നെങ്കിലും, സമൂഹത്തിന്റെ മിക്ക തലങ്ങളിലേക്കും പ്രവേശനം ലഭിച്ചുകഴിഞ്ഞിരുന്ന വരേണ്യപുരുഷന്മാർക്ക് (ദരിദ്രരായ പുരുഷന്മാരുടെ അല്ലെങ്കിൽ കീഴ്ജാതിക്കാരായ പുരുഷന്മാരുടെ നില ഇതിനൊപ്പമായിരുന്നില്ല) ധാരാളം മെച്ചങ്ങൾ അപ്പോൾത്തന്നെ കൈവശമുണ്ടായിരുന്നു. കുടുംബത്തിലോ സമുദായത്തിലോ തുല്യനിലയും വിലയും ലഭിക്കാത്ത സ്ത്രീയോട് ആ ആവശ്യങ്ങൾ മാറ്റിവച്ച് ദേശീയസമരത്തിൽ, അല്ലെങ്കിൽ സമുദായസമരത്തിൽ, ചേരാൻ പറഞ്ഞതിൽ ഉണ്ടായിരുന്ന പൊരുത്തക്കേട് പിൻദൃഷ്ടിയിൽ വ്യക്തമായിത്തന്നെ കാണാം. അന്നത് അത്ര ദൃശ്യമായിരുന്നിരിക്കില്ല. മലബാറിലെ ദേശീയസ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സ്ത്രീകളിലൊരാളായിരുന്ന ഇ. നാരായണിക്കുട്ടിയമ്മ ഇത്തരമൊരു 'ത്യാഗ'മാണ് സ്ത്രീകളിൽനിന്നു പ്രതീക്ഷിച്ചത്:

സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റിയോ, സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയോ പറയേണ്ടുന്ന ഒരു കാലം ഏതാണ്ടു കഴിഞ്ഞുപോയിരിക്കുന്നു. വിദ്യാഭ്യാസം - വെറും ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല, സ്വധർമ്മം ശരിയായി നിർവ്വഹിക്കുവാൻ സഹായിക്കുന്ന ആ വിദ്യാഭ്യാസം - സിദ്ധിച്ച സ്ത്രീകളുടെ ഇന്നത്തെ കടമ എന്താണ്? സ്വഗൃഹത്തിലുള്ളതുപോലെത്തന്നെ, ഒരുപക്ഷേ, അതിലും വലുതായ ഒരു കടമയാണ് അവർക്കു സ്വരാജ്യത്തോടുള്ളത്. വെറും രാഷ്ട്രീയമോ സാമുദായികമോ അവരെക്കൊണ്ടു വളരെയൊന്നും ഇന്നത്തെ സ്ഥിതിക്കു ചെയ്വാൻ സാധിക്കയില്ലെന്നുവരികിലും സാമ്പത്തികമായി അവർക്കാണ് മാതൃഭൂമിയെ അധികം സഹായിക്കുവാൻ സാധിക്കുന്നത്...


(ഇ. നാരായണിക്കുട്ടിയമ്മ, 'സ്ത്രീകളും ഖദറും', മലയാള മാസിക 1(1), 1931)


തന്നോട് ലേഖനമാവശ്യപ്പെടുകയും എന്നാൽ രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചാവരുതെന്ന് നിഷ്ക്കർഷിക്കുകയുംചെയ്ത പ്രസാധകരോട് 'രാജ്യത്തെയോ രാജ്യകാര്യങ്ങളെയോ സംബന്ധിക്കാത്തതായ യാതൊരു കാര്യവും ഇന്നു ഭാരതത്തിൽ കാണുവാൻ സാദ്ധ്യമല്ലല്ലോ' എന്നു പറഞ്ഞുകൊണ്ടാണ് അവർ ലേഖനം തുടങ്ങിയത്. സ്ത്രീയുടെ 'ഗാർഹികനില'യ്ക്ക് ഇളക്കമുണ്ടാക്കാതെതന്നെ അവളെ ഗൃഹത്തിനു പുറത്തിറക്കി സമരങ്ങളിൽ ഭാഗഭാക്കാകാമെന്ന സൂചനയാണിതിൽ. സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ചിടത്തോളം ഈ തന്ത്രം ഫലപ്രദമായിരുന്നു, വലിയ ഒരളവുവരെ - പക്ഷേ സ്ത്രീകളുടെ അധമനിലയെ പരിഹരിക്കാൻ ഇതെത്രത്തോളം ഉതകിയെന്ന ചോദ്യം അവശേഷിക്കുന്നു. അസ്ഥിരമായ 'സൗമ്യാധികാര'ത്തിനപ്പുറം അവർക്കെന്തെങ്കിലും കിട്ടിയോ എന്നു സംശയമാണ്! ഈ തിരിച്ചറിവ് അന്നത്തെ കടുത്ത ദേശീയവാദികളായ സ്ത്രീകൾക്കുപോലുമുണ്ടായിരുന്നുവെന്ന വസ്തുതയും നാം കാണേണ്ടതുണ്ട്. 1930കളിലെ സിവിൽനിയമലംഘനപ്രക്ഷോഭകാലത്ത് മലബാറിൽ ഉയർന്നുവന്ന അനേകം സ്ത്രീസംഘടനകൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1930ൽ നടന്ന വടകരസമ്മേളനത്തിൽ ദേശീയവാദപരമായ പ്രമേയങ്ങൾക്കൊപ്പം (ഖദർ, ഹിന്ദി മുതലായവയുടെ പ്രചരണം, ഗാന്ധിയൻ ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങൾ) സ്ത്രീകൾക്ക് സർക്കാർജോലിയിൽ സംവരണമുണ്ടായിരിക്കണമെന്ന പ്രമേയവും പാസായി.

എന്നാൽ ക്രമേണ ഈ ബോധം സ്ത്രീപ്രവർത്തകരിൽനിന്ന് അപ്രത്യക്ഷമായി. 1950കൾക്കുശേഷം 'സമുദായത്തിനുവേണ്ടി' നടന്ന സമരങ്ങളിൽ വൻതോതിലുള്ള സ്ത്രീപങ്കാളിത്തമുണ്ടായിരുന്നു - പ്രത്യേകിച്ച് ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭയ്ക്കെതിരെ 1959ൽ പൊട്ടിപ്പുറപ്പെട്ട 'വിമോചനസമര'ത്തിൽ ധനാഢ്യകളായ സുറിയാനി ക്രിസ്ത്യാനിസ്ത്രീകളും തീരദേശങ്ങളിൽനിന്നുള്ള പരമദരിദ്രകളും പെരുവഴിയിൽ പ്രകടനവും പ്രതിഷേധവുമായി ഇറങ്ങി. ആയിരക്കണക്കിനു സ്ത്രീകൾ അറസ്റ്റുവരിച്ചു. പലരും കൈക്കുഞ്ഞുങ്ങളെയുംകൊണ്ട് ജയിലിൽപ്പോയി. കേരളത്തിലെ കത്തോലിക്കാസഭയുടെ ആഹ്വാനപ്രകാരമാണ് ഇത്രയധികം സ്ത്രീകൾ വീടുവിട്ടിറങ്ങി സമരത്തിനു തയ്യാറായത്. 'കമ്യൂണിസ്റ്റുകാരെ താഴെയിറക്കുക' എന്ന ലക്ഷ്യം

220

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/220&oldid=162862" എന്ന താളിൽനിന്ന് ശേഖരിച്ചത്