ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിമോചനസമരത്തിലെ സ്ത്രീപങ്കാളിത്തം
കേരളം ഒരു ലിംഗവിപ്ലവത്തിന്റെ വക്കിലാണെന്ന പ്രതീതി ഉളവാക്കുന്ന രംഗങ്ങളാണ് വിമോചനസമരക്കാലത്തു കാണാനുണ്ടായിരുന്നത്. ചെറിയതുറവെടിവെപ്പിൽ ഫ്ളോറിയെന്ന ഗർഭിണിയായ യുവതി മരിക്കാനിടയായതിനെത്തുടർന്ന് സമരം ശക്തമായി.

1959 ജൂലൈമാസത്തിൽ കേരളത്തിന്റെ പല ഭാഗത്തുമായി സ്ത്രീകളുടെ വലിയ പ്രകടനങ്ങളും പിക്കറ്റിങ്ങും നടന്നു. അംഗമാലിയിൽ സർക്കാർ ഓഫീസുകൾക്കു മുന്നിലായി നടന്ന പിക്കറ്റിങ്ങിൽ 1564 സ്ത്രീകൾ അറസ്റ്റു വരിച്ചെന്ന് ദീപിക കണക്കെടുത്തു.തൃശൂരിലും പാലായിലും കോട്ടയത്തും തിരുവനന്തപുരത്തും എരുമേലിയിലും കാഞ്ഞൂരും മറ്റു പല സ്ഥലങ്ങളിലും ഇതുപോലുള്ള പരിപാടികൾ നടന്നു. അവിടെയും ഇതേ തോതിലുള്ള അറസ്റ്റുകൾ ഉണ്ടായി. കോട്ടയത്ത് സ്ത്രീകൾ കുറ്റിച്ചൂലുമേന്തി നടത്തിയ പ്രകടനം ഒരുപാടു ശ്രദ്ധപിടിച്ചുപറ്റി. അവിടെ 125 സ്ത്രീകൾ അറസ്റ്റിലായിയെന്ന് ദീപിക പറഞ്ഞു. തിരുവനന്തപുരത്ത് സ്ത്രീകൾ യോഗംചേർന്ന് സർക്കാരിനെ പുറത്താക്കണമെന്ന് അവശ്യമുന്നയിച്ചു. സമരാനുകൂലികളുടെ കണക്കുപ്രകാരം സമരത്തിൽ പങ്കെടുത്ത് ജയിലിൽ പോയ സ്ത്രീകളുടെ എണ്ണംമാത്രം 40000 വരുമെന്ന് ഈ സമരത്തെക്കുറിച്ചു പഠിച്ച കെ.ജി. ഗോപാലകൃഷ്ണൻ പറയുന്നു (വിമോചനസമരം ഒരു പഠനം, തിരുവനന്തപുരം, 1994).ശരിക്കും അക്രമാസക്തമായ തെരുവുസമരംതന്നെയായിരുന്നു ഇവരുടേതെന്ന് സമരനേതാക്കളിൽ പ്രമുഖനായിരുന്ന ഫാദർ വടക്കനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വാദിക്കുന്നു. തൃശൂരിൽ നടന്ന പ്രകടനത്തിൽ സ്ത്രീകൾ ഇരച്ചുകയറി പോലീസിന്റെ ബെൽറ്റിൽ പിടിച്ചുതള്ളിയതും മറ്റും വടക്കൻ വിവരിക്കുന്നുണ്ട്.

സമരത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് പരക്കെ അംഗീകരിക്കപ്പെട്ടു —രാഷ്ട്രീയരംഗത്തു ചുവടുറപ്പിക്കാൻ ഒരു സുവർണ്ണാവസരമാണിതെന്നു പല വനിതകളും കരുതിയെന്നു തോന്നുന്നു. തുടർന്നു നടക്കാനിരുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുകൊണ്ട് എറണാകുളത്ത് ഡോ. ഒ.കെ. മാധവിയമ്മയുടെ അദ്ധ്യക്ഷതയിൽ സ്ത്രീകൾ യോഗം ചേർന്ന് 'അഖിലകേരളവനിതാസംഘം' എന്നൊരു സംഘടന രൂപീകരിച്ചതായി ദീപിക റിപ്പോർട്ടുചെയ്തു (22 ഓഗസ്റ്റ് 1959). സെപ്തംബറിൽ ഈ സംഘടന കോഴിക്കോട്ട് ശാഖ ആരംഭിച്ചു. ഈ യോഗത്തിൽ വനിതകൾ സാമൂഹ്യരാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമായി പങ്കുവഹിക്കാൻ തീരുമാനിക്കുകയും കേരളത്തിൽ ആസന്നമായ പൊതുതെരെഞ്ഞെടുപ്പിൽ സമിതി സ്വീകരിക്കേണ്ട പരിപാടികൾ ചർച്ച ചെയ്തുവെന്നും ദീപികയുടെ പത്രക്കുറിപ്പിൽ പറയുന്നു.

എന്തായാലും ഈ ശ്രമത്തിന് ഫലം വലുതായൊന്നുമുണ്ടായില്ലെന്ന് വ്യക്തമാണ്.ഈ യോഗങ്ങൾ കഴിഞ്ഞുടനെയാണ് സ്ത്രീകളെ വീട്ടിലേക്കുതന്നെ ആനയിച്ച ആ പത്രാധിപക്കുറിപ്പ് ('സ്ത്രീകളുടെ സാമൂഹ്യദൗത്യം') പ്രത്യക്ഷപ്പെട്ടതെന്ന വസ്തുത യാദൃച്ഛികമല്ലായിരുന്നിതിക്കാം. വിമോചനസമരത്തിന്റെ മുൻനിരപ്രവർത്തകരായ സ്ത്രീകളായിരുന്നു ആ യോഗങ്ങളിൽ പങ്കെടുത്തവർ. ഒടുവിൽ മൊത്തം 312 സ്ഥാനാർത്ഥികളിൽ വെറും ആകെ 13 പേർ മാത്രമാണ് സ്ത്രീകളായുണ്ടായിരുന്നത്. അതിൽ 7 പേർ മാത്രമേ ജയിച്ചുള്ളൂ.


221


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/221&oldid=162863" എന്ന താളിൽനിന്ന് ശേഖരിച്ചത്