ക്കാനുള്ള മാനദണ്ഡങ്ങൾ മുഴുവൻ സവർണബ്രാഹ്മണ ആശയമണ്ഡലങ്ങളിൽ വേരൂന്നിയവയായിരുന്നു. അങ്ങനെ 'ഉത്തമസ്ത്രീ' ഒരർത്ഥത്തിൽ 'ബ്രാഹ്മണമൂല്യവ്യവസ്ഥയ്ക്കു കീഴ്പ്പെടുന്ന സ്ത്രീ'യായിത്തന്നെ തുടർന്നു. രാഷ്ട്രീയരംഗത്ത് സ്ത്രീകളുടെ തുല്യതയെ ഇതു ബാധിച്ചു - കാരണം, ബ്രാഹ്മണസ്ത്രീത്വാദർശപ്രകാരം സ്ത്രീയുടെ 'യഥാർത്ഥ ഇടം' കുടുംബമാണ്; ദേശസേവനംമാത്രം മതിയെന്ന് തീരുമാനിക്കുന്ന സ്ത്രീ കടുത്ത ലൈംഗികസദാചാരവിലക്കുകൾക്ക് കീഴ്പ്പെട്ടുതന്നെ നിൽക്കണം! സമുദായത്തിനുവേണ്ടിയുള്ള സമരങ്ങളിലെ സ്ത്രീപങ്കാളിത്തവും ഇതിനോടു സാമ്യമുള്ളതായിരുന്നു. സമുദായത്തിന് ആപത്തുനേരിടുന്ന അവസരങ്ങളിൽ സ്ത്രീയെ പുറത്തിറക്കുക, അതു മാറിക്കഴിഞ്ഞാൽ അവളെ വീണ്ടും അകത്താക്കുക - സമുദായസമരങ്ങളിലും ദേശീയസമരത്തിലും പങ്കെടുത്ത സ്ത്രീകളുടെ അനുഭവമിതായിരുന്നു. രണ്ടാമത്തെ രീതി, തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭനായികമാരുടേതായിരുന്നു - അവരുടെ പ്രവർത്തനം, 'സ്ത്രീഗുണ'ത്തോടോ ആധുനികകുടുംബിനിയുടെ 'സൗമ്യാധികാര'ത്തോടോ ബന്ധിക്കപ്പെട്ടിരുന്നില്ല. അവർ പുരുഷന്മാരായ നേതാക്കളെപ്പോലെ തലമൂത്തവർതന്നെയായിരുന്നു. ഇവിടെയും ലൈംഗികസദാചാരവിലക്കുകൾ ഒട്ടും കുറവായിരുന്നില്ല. പക്ഷേ, അക്കാലത്ത് ലൈംഗികസദാചാരവിലക്കുകൾ സ്ത്രീകൾക്കു മാത്രമായിരുന്നില്ല - എല്ലാ പ്രക്ഷോഭകാരികൾക്കും ബാധകമായിരുന്നു. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തെ രീതിയിൽ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം അധികാരവും നേതൃത്വവും സംഘടനാശേഷിയും പങ്കിടാൻ കൂടുതൽ സാദ്ധ്യതയുണ്ടായിരുന്നുവെന്നതാണ് വ്യത്യാസം. ഈ സാദ്ധ്യത തീരെ വികസിച്ചില്ലെന്നതാണ് ദുഃഖകരമായ സത്യം. ഇടതുപക്ഷപ്രസ്ഥാനങ്ങളിലും ഈ പോരായ്മ ഇതുപോലെത്തന്നെ നിലനിന്നു.
ഇടതുപക്ഷത്തും തൊഴിലാളിസമരങ്ങളിലും സ്ത്രീകൾ
സമുദായപ്രസ്ഥാനങ്ങളിലും ദേശീയപ്രസ്ഥാനത്തിലും ഉന്നതജാതിക്കാരും വിദ്യാഭ്യാസമുള്ളവരും സാമാന്യം ധനസ്ഥിതിയുള്ളവരുമായ സ്ത്രീകളാണ് പങ്കെടുത്തിരുന്നത്; തൊഴിലാളിസ്ത്രീകളെ സമരരംഗത്ത് എത്തിച്ചതിനുള്ള അഭിനന്ദനം ഇടതുപ്രസ്ഥാനങ്ങളാണർഹിക്കുന്നത്. 1930കളിൽത്തന്നെ ആലപ്പുഴജില്ലയിൽ സജീവമായ തൊഴിലാളിസംഘടനാപ്രവർത്തനം തൊഴിലാളിസ്ത്രീകളേയും ഉന്നംവച്ചിരുന്നു. കെ. മീനാക്ഷിയെപ്പോലുള്ള നേതാക്കളുടെ മേൽക്കൈയിൽ ആലപ്പുഴയിലെ കർഷകത്തൊഴിലാളിസ്ത്രീകൾ പണിമുടക്കുനടത്തി; കയർത്തൊഴിലാളികളായ സ്ത്രീകൾ അമ്പലപ്പുഴ കയറുപിരിത്തൊഴിലാളിസംഘം രൂപീകരിച്ചു. കയർ-കശുവണ്ടിമേഖലകളിലെ തൊഴിലാളികൾ ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നതുകൊണ്ട് അവരുടെ സമരങ്ങളിൽ വലിയതോതിൽ സ്ത്രീകളുണ്ടായിരുന്നു. യൂണിയനുകൾ വ്യക്തമായി രൂപംകൊണ്ടതിനുമുമ്പുതന്നെ സമരങ്ങൾ നടന്നിരുന്നു; അവയുടെ മുൻനിരയിൽ തൊഴിലാളിസ്ത്രീകൾ നിരന്നിരുന്നു. 1935ൽ കൊല്ലത്തെ ഇന്ത്യാ നട്ട് ഫാക്ടറി (കശുവണ്ടി ഫാക്ടറി)യിൽ നടന്ന ആദ്യസമരത്തിൽ പങ്കെടുത്ത തേയി എന്ന തൊഴിലാളിസ്ത്രീ ഓർക്കുന്നു:
...ഞാൻ ആ സമരം ഓർക്കുന്നു; അന്ന് യൂണിയനില്ലായിരുന്നു. അന്ന് അണ്ടിപൊളിച്ചുകഴിഞ്ഞിട്ടും മുതലാളി സ്വാമിനാഥനു നിർബന്ധം, പൊട്ടിയ അണ്ടിയെ മുഴുവനായ അണ്ടിയിൽനിന്ന് തെരഞ്ഞുപെറുക്കിക്കൊള്ളണമെന്ന്. നേരമപ്പോഴേക്കും ഇരുട്ടി; ഞങ്ങൾക്ക് വീട്ടിൽ പോകണമായിരുന്നു. ഫാക്ടറിയിലെ രീതി ഞങ്ങൾക്കൊക്കെ മടുത്തിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ - ലക്ഷ്മിയാണെന്നു തോന്നുന്നു - അലറി: "ഞങ്ങളെ ഇതിനു കിട്ടില്ല. ഞങ്ങൾ വീട്ടിൽ പോകുന്നു. കുറേക്കൂടി നന്നായി പെരുമാറിയാലേ തിരിച്ചിങ്ങോട്ടുള്ളൂ." ആദ്യമായിയാണ് ഞങ്ങൾ മുതലാളിയോട് എതിർത്തു പറഞ്ഞത്. എല്ലാവരും വീട്ടിൽപോയി. ഒത്തിരിനാൾ പോയുമില്ല. പിന്നെ മുതലാളി ആളെവിട്ടപ്പോൾ ഞങ്ങൾ മടങ്ങി - ഞങ്ങളുടെ വീട്ടിൽ അരിയുണ്ടായിരുന്നില്ല... നേതാക്കളായി പല സ്ത്രീകളുണ്ടായിരുന്നു - ലക്ഷ്മി, ചെല്ലമ്മ, ഭാർഗ്ഗവി - അവരെല്ലാം മരിച്ചുപോയിരിക്കുന്നു. ഞങ്ങൾ സ്വാമിനാഥനെക്കണ്ട് ആവശ്യങ്ങൾ പറഞ്ഞു. ഞങ്ങളോട് മര്യാദയായി പെരുമാറണം; പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികളോട്, ഒരുതെറ്റും ചെയ്യാതെതന്നെ ഞങ്ങൾ അനുഭവിച്ചിരുന്ന കടുത്ത, അപമാനിക്കുന്നവിധത്തിലുള്ള ശിക്ഷകൾ അരുത്; ചെയ്യുന്ന ജോലികൾക്കെല്ലാം കൂലി... ഞങ്ങളുടെ സമരം വൻവിജയമായിരുന്നുവെന്ന് പറയാൻകഴിയില്ലായിരുന്നുവെങ്കിലും ഞങ്ങൾ അത്ഭുതപ്പെട്ടുപോയി, ഇങ്ങനെ ചെയ്യാൻ ഞങ്ങൾക്ക് ധൈര്യംവന്നല്ലോ എന്നോർത്തപ്പോൾ. കുറച്ചു ശക്തികൂടിയതുപോലെ. ഞങ്ങൾക്കും കുറച്ചധികാരമുണ്ടെന്ന് മനസ്സിലായി. അല്ലെങ്കിൽ ഞങ്ങളെ അയാൾ ആളയച്ചു വിളിപ്പിച്ചതെന്തിന്?
മറ്റു ജാതിക്കാർ ഉണ്ടായിരുന്നെങ്കിലും തൊഴിലാളിസ്ത്രീകൾ അധികവും കീഴാളജാതിക്കാരായിരുന്നു - തേയി കുറവസമുദായാംഗമായിരുന്നു.
സ്ത്രീകളും സമരങ്ങളും