ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണെന്നും അതിനാൽ സ്ത്രീത്തൊഴിലാളികളേക്കാൾ അധികമായ കുടുംബവേതനം (family wage) അവർക്കു ലഭിക്കണമെന്നുമുള്ള പൊതുധാരണ തൊഴിലാളിനേതാക്കന്മാരും ഉദ്യോഗസ്ഥരും ഫാക്ടറിയുടമകളും പങ്കുവെച്ചുതുടങ്ങിയെന്ന് ലിന്റ്ബർഗ് പറയുന്നു. 1950കളിലെ കൂലി തീരുമാനിക്കാനുള്ള കമ്മിറ്റികളുടെ പ്രവർത്തനത്തെ അപഗ്രഥിച്ചുകൊണ്ടാണ് അവരിതു പറയുന്നത്. ഇതോടെ സ്ത്രീത്തൊഴിലാളി വീട്ടിലേക്ക് രണ്ടാംവരുമാനം (secondary earning) മാത്രം കൊണ്ടുവരുന്നവളാണെന്നു വന്നു. തുല്യകൂലിക്ക് തുല്യവേതനമെന്ന ലക്ഷ്യം പൊള്ളയായ മുദ്രാവാക്യംമാത്രമായിത്തീർന്നു. എന്നാൽ, 1970കളിൽപ്പോലും ബ്രാഹ്മണമൂല്യങ്ങൾ പൂർണ്ണമായും പിടിമുറുക്കിയിരുന്നില്ലെന്ന് തെളിവുണ്ട് - അക്കാലത്ത് ലൈംഗികപീഡനങ്ങൾക്കെതിരെ നടന്നിരുന്ന 'ഗർഭസത്യാഗ്രഹങ്ങൾ'തന്നെ!

ദേശീയപ്രസ്ഥാനം സ്വീകരിച്ച ഒരു തന്ത്രമെങ്കിലും തൊഴിലാളിപ്രസ്ഥാനവും സ്വീകരിച്ചിരുന്നു. സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ സമരംചെയ്യുന്ന തൊഴിലാളികളെന്നതിനേക്കാൾ കുടുംബത്തിന്റെ പട്ടിണിമാറ്റാൻ തെരുവിലിറങ്ങി സമരത്തിൽചേർന്ന അമ്മമാരെന്നനിലയ്ക്ക് തൊഴിലാളിസ്ത്രീകളെ ചിത്രീകരിക്കുന്ന രീതി 1950കളിലെ ജനയുഗത്തിൽ ധാരാളമുണ്ട്. എന്നാൽ 'സ്ത്രീത്വ'ത്തെ മറ്റൊരുവിധത്തിൽ സമരരംഗത്തു പ്രയോഗിച്ച ഒരു തൊഴിലാളിയുവതിയെക്കുറിച്ച് കശുവണ്ടിമേഖലയിലെ സമരങ്ങളെക്കുറിച്ചെഴുതിയ കേശവൻനായർ പറയുന്നുണ്ട്. കൊല്ലത്തിനടുത്തു പ്രവർത്തിച്ചിരുന്ന ഒരു അണ്ടിഫാക്ടറി തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളത്രയും മുന്നറിയിപ്പുകൂടാതെ പിൻവലിച്ചതിനെത്തുടർന്ന് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചു. പോലീസ് രംഗത്തെത്തി സമരക്കാരെ പിരിച്ചുവിടാൻ ശ്രമം തുടങ്ങി. പെട്ടെന്ന് ആയുധമേന്തിയ പോലീസുകാരുടെ മുന്നിലേക്ക് ഒരു തൊഴിലാളിസ്ത്രീ താൻ ധരിച്ചിരുന്ന കുപ്പായം വലിച്ചൂരിക്കളഞ്ഞുകൊണ്ട് ചാടിവീണത്രെ. തന്റെ നെഞ്ചിലൂടെ വെടിയുണ്ട കടത്താൻ ധൈര്യമുള്ള പോലീസുകാരൻ അതുചെയ്യട്ടെ എന്ന് അവർ വെല്ലുവിളിച്ചു. (സി.ഐ.ടി.യു സന്ദേശം, 18(11), 1995, പുറം 13-14). ഈ സംഭവം തീർച്ചയായും അധികം പാടിപ്പുകഴ്ത്തപ്പെട്ടിട്ടില്ലാത്ത ഒന്നാണ്. എങ്കിലും 'സ്ത്രീത്വ'ത്തെ സമരരംഗത്ത് എങ്ങനെ പ്രയോഗിക്കാമെന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങൾ തൊഴിലാളിപ്രസ്ഥാനത്തിനുള്ളിൽത്തന്നെ ഉണ്ടായിരുന്നുവെന്ന വസ്തുതയിലേക്കാണ് ഈ സംഭവം വെളിച്ചംവീശുന്നത്.

1960കളിൽ കേരളത്തിൽ രൂപമെടുത്ത നക്സലൈറ്റ് പ്രസ്ഥാനത്തിൽ ഏറെ ദൃശ്യത നേടിയ സ്ത്രീകളുണ്ടായിരുന്നു - അജിത, മന്ദാകിനി നാരായണൻ. എന്നാൽ ആ പ്രസ്ഥാനത്തിനുള്ളിൽ അവർ സ്ത്രീപക്ഷസ്വാധീനം ചെലുത്തിയെന്ന് പറ


233


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/233&oldid=162876" എന്ന താളിൽനിന്ന് ശേഖരിച്ചത്