ഇതു സൂചിപ്പിക്കുന്നത്. മരുമക്കത്തായ കുടുംബവ്യവസ്ഥയിൽ ചില ഘടകങ്ങൾ സ്ത്രീകൾക്കനുകൂലമായിരുന്നുവെന്ന വസ്തുത ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നുവച്ച് മരുമക്കത്തായികളായ സ്ത്രീകൾ 'സർവ്വസ്വതന്ത്രകൾ' ആയിരുന്നില്ലെന്നു നമുക്കറിയാം. മരുമക്കത്തായത്തിൽ - അതായത് സ്വത്തവകാശം ഒരു തലമുറയിൽനിന്ന് അടുത്തതലമുറയിലേക്ക് നീങ്ങുന്നത് പെൺവഴിക്കായിരുന്ന രീതിയിൽ - സ്ത്രീകൾക്ക് കൂടുതൽ നിലയും വിലയുമുണ്ടായത് സ്വാഭാവികംമാത്രം. കാരണം, കുടുംബം തുടരുന്നത് പെണ്മക്കളുടെ മക്കളിലൂടെയാകുമ്പോൾ മകൾക്ക് ഒരുവിധം നല്ല പരിഗണന കൊടുത്തല്ലേ പറ്റൂ?
മലയാളികൾ എല്ലാവരും മരുമക്കത്തായികളായിരുന്നില്ലെന്ന് ഓർക്കേണ്ടതുണ്ട്. കുടുംബത്തിന്റെ പിന്തുടർച്ച ആൺമക്കളിലൂടെ കണക്കാക്കിയിരുന്ന മക്കത്തായവ്യവസ്ഥ പിന്തുടർന്നവരും (ഉദാഹരണത്തിന്, സുറിയാനി ക്രിസ്ത്യാനികൾ, നമ്പൂതിരിമാർ) മക്കത്തായ-മരുമക്കത്തായവ്യവസ്ഥകളെ കൂട്ടിയിണക്കി 'മിശ്രദായം' അംഗീകരിച്ചിരുന്നവരും (ഉദാഹരണത്തിന് ഈഴവരിൽ ചില വിഭാഗക്കാർ) ഇവിടെയുണ്ടായിരുന്നു. ഇക്കൂട്ടർക്കിടയിൽ സ്ത്രീകൾക്ക് ഔപചാരികനിലയിൽ ഒരുപാട് അധികാരമുണ്ടായിരുന്നുവെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് കേരളത്തെ ഒന്നടങ്കം 'പെണ്ണരശുനാടെ'ന്ന് വിശേഷിപ്പിച്ചത് ശരിതന്നെയോ എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിലെ എല്ലാ സ്ത്രീകൾക്കും ഒരുപോലെ ബാധകമായ ഒരു സ്ത്രീസങ്കല്പം, അല്ലെങ്കിൽ സ്ത്രീത്വാദർശം, പരമ്പരാഗത മലയാളിസമൂഹത്തിൽ ഉണ്ടായിരുന്നില്ലെന്നു പറയാം. പരമ്പരാഗത കേരളീയ സമൂഹത്തെ 'ജന്മഭേദവ്യവസ്ഥ' എന്നു നമുക്കു വിളിക്കാം. ഒരു വ്യക്തി ഏതു ജാതിവിഭാഗത്തിൽ ജനിക്കുന്നുവോ, ആ വിഭാഗത്തിന്റെ പൊതുനിയമങ്ങൾക്ക് അടിപ്പെട്ട് ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിക്കൊള്ളണമെന്ന നിബന്ധന ഇതിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായിരുന്നു.
ഒരു ജാതിയിൽ ജനിച്ചാൽ മറ്റൊരു ജാതിയിലേക്കു മാറാൻ മിക്കപ്പോഴും കഴിയില്ലായിരുന്നു; ജനിക്കുന്ന ജാതിയുടെ നിയമങ്ങൾ തെറ്റി നടന്നാൽ ജാതിയിൽനിന്ന് പുറന്തള്ളൽ അഥവാ ഭ്രഷ്ട് എന്ന ശിക്ഷ ലഭിക്കാൻ സാദ്ധ്യതയുമുണ്ടായിരുന്നു. ജാതിവ്യവസ്ഥ ഒരു ഉച്ചനീചത്വശ്രണിയായിരുന്നതുകൊണ്ടുതന്നെ, 'മുകളിലെ' ജാതിക്കാർക്ക് കീഴ്‌വഴങ്ങി 'കീഴിലു'ള്ളവർ കഴിഞ്ഞുകൊള്ളണമെന്നായിരുന്നു നിയമം. കീഴ്ജാതിക്കാരുടെ അധമനില സൂചിപ്പിക്കാനുള്ള ചിഹ്നങ്ങൾ ദൈനംദിനജീവിതത്തിലും ഭാഷയിലും ജീവിതത്തിന്റെ സമസ്തമേഖലകളിലും നിറഞ്ഞുനിന്നിരുന്നു.
32