എന്നാൽ, നമ്പൂതിരിയില്ലങ്ങളും മറക്കുടയുംമറ്റും ഇല്ലാതായിക്കഴിഞ്ഞ ഇക്കാലത്തും ഇത്തരം 'മഹാനരകങ്ങ'ളിൽ നാട്ടുകാരോ വീട്ടുകാരോ അറിയാതെ മർദ്ദനം സഹിച്ചു കഴിയുന്ന എത്രയോ സ്ത്രീകളുണ്ട് കേരളത്തിൽ! 'കുടുംബമാന്യത'യെന്ന പുതിയ മറക്കുടയാണ് അവർ ചൂടുന്നത്.
'ഗാർഹികപീഡനങ്ങളിൽനിന്നും സ്ത്രീകൾക്കുള്ള സംരക്ഷണനിയമം' (Protection of Women from Domestic Violence Act - 2005) നിലവിൽവന്നത് ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ്. 'ഗാർഹികപീഡന'ത്തെ വെറും ശാരീരികമായ ദ്രോഹം മാത്രമായിട്ടല്ല ഈ നിയമം കാണുന്നത്. ഒരു വീട്ടിൽ താമസിക്കുന്ന രക്തബന്ധത്തിൽപ്പെട്ടതോ വിവാഹബന്ധത്തിൽപ്പെട്ടതോ അല്ലെങ്കിൽ വിവാഹംമൂലമുള്ള ബന്ധത്തിൽപ്പെട്ടതോ ആയ സ്ത്രീക്ക് ഗൃഹാന്തരീക്ഷത്തിൽ ആ ഗൃഹാന്തരീക്ഷത്തിലെ പ്രായപൂർത്തിയായ ഏതെങ്കിലും പുരുഷനിൽനിന്നുണ്ടാകുന്ന പീഡനത്തെയാണ് ഈ നിയമം 'ഗാർഹികപീഡന'മായി കരുതുന്നത്. ശാരീരികവും ലൈംഗികവും മാനസികവുമായ ഗാർഹികപീഡനത്തെ ഈ നിയമംവഴി നേരിടാനാകും. അതുപോലെ, സ്ത്രീയുടെ തൊഴിലിൽ തടസ്സമുണ്ടാക്കുക, തൊഴിലുപകരണങ്ങൾ നശിപ്പിക്കുക മുതലായ പ്രവൃത്തികളെ 'സാമ്പത്തികപീഡന'മായി കണക്കാക്കുന്ന ഉത്തരവുകളും ഈ നിയമപ്രകാരം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. കുടുംബത്തിൽപ്പെട്ട സ്ത്രീകളെ നിരാലംബരാക്കി വഴിയിൽ ഇറക്കിവിടുന്നതും ഈ നിയമം വിലക്കുന്നു - അത്തരം സന്ദർഭങ്ങളിൽ താമസിക്കുന്നതിനുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനാവശ്യമായ ഉത്തരവു പുറപ്പെടുവിക്കാൻ മജിസ്ട്രറ്റുമാരെ നിയമം അധികാരപ്പെടുത്തുന്നു.
പരാതിക്കാരി താമസിക്കുന്ന സ്ഥലം, പരാതിക്കു കാരണമായ സംഭവം നടന്ന സ്ഥലം അല്ലെങ്കിൽ എതിർകക്ഷി (പീഡനം നടത്തിയ വ്യക്തി) താമസിക്കുന്ന സ്ഥലം - ഇവയിലേതെങ്കിലുമൊരു സ്ഥലത്തുള്ള ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രറ്റ് കോടതിയിലാണ് പരാതിപ്പെടേണ്ടത്. ഈ നിയമത്തിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം മജിസ്ട്രറ്റിനുണ്ട്. മജിസ്ട്രറ്റിന്റെ ഉത്തരവു ലംഘിക്കുന്നയാൾക്ക് ഒരു വർഷംവരെ തടവ് അല്ലെങ്കിൽ ഇരുപതിനായിരം രൂപവരെ പിഴ അല്ലെങ്കിൽ രണ്ടുംകൂടി നൽകുവാൻ ഈ നിയമം അനുശാസിക്കുന്നു. ഈ നിയമത്തിനുകീഴിൽ ഏറ്റവും മുഖ്യമായ ചുമതലവഹിക്കുന്നയാളാണ് പ്രൊട്ടക്ഷൻ (സംരക്ഷണ) ഓഫീസർ (Protection Officer). ഈ ഓഫീസറാണ് ബന്ധപ്പെട്ട മജിസ്ട്രറ്റിനെ ഗാർഹികപീഡനം നടന്നതോ നടക്കുവാൻ സാദ്ധ്യതയുള്ളതോ തടയാൻ ആവശ്യമുള്ളതോ ആയ കാര്യങ്ങളറിയിക്കേണ്ടത്. പരാതിക്കാരിക്ക് നീതി ഉറപ്പുവരുത്തേണ്ട ചുമതല ഇവർക്കാണ്. ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന പ്രോട്ടക്ഷൻ ഓഫീസർമാരെ ശിക്ഷിക്കാനും നിയമത്തിൽ വകുപ്പുണ്ട് - ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. പരാതികൾ വിചാരണയ്ക്കുവരുമ്പോൾ രഹസ്യമായ വിചാരണ (in camera) നടത്തുവാനും വ്യവസ്ഥയുണ്ട്.
പെണ്ണരശുനാടോ? കേരളമോ?