ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലവാസി സ്ത്രീകളുമായി സംബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന രീതിയിൽ ഒരു പുരുഷന് പല ഭാര്യമാരുണ്ടായിരുന്നത് സ്വാഭാവികംമാത്രം. പെൺകുട്ടിയെ ഏതുവിധേനയും വിവാഹം കഴിപ്പിക്കേണ്ടതാണെന്ന നിയമവും ഉണ്ടായിരുന്നെന്ന് കാണേണ്ടതാണ് - അവിവാഹിതയായ സ്ത്രീ മരിച്ചാൽ ശവത്തെ താലികെട്ടിച്ച്, ചിലയിടത്ത് കീഴാളപുരുഷന്മാരെ അതിനായി നിയോഗിച്ച്, സംസ്ക്കരിക്കുന്ന രീതിയുണ്ടായിരുന്നു. പ്രായമേറിയ പുരുഷന് നിരവധി ചെറുപ്പക്കാരികളെ ഭാര്യമാരാക്കാൻ കഴിയുമായിരുന്നു. സ്ത്രീധനവും നന്നായി വാങ്ങാനാവുമായിരുന്നു. വിവാഹകാര്യത്തിൽ സ്ത്രീ പുരുഷന് പരിപൂർണ്ണമായും കീഴ്പ്പെട്ടിരുന്നു.

എന്നാൽ സ്ത്രീകളിൽ ചാരിത്ര്യദോഷം ആരോപിക്കപ്പെട്ടാൽ അവരെ സമുദായത്തിനു പുറത്താക്കാനുള്ള സാദ്ധ്യത അധികവുമായിരുന്നു. 'സ്മാർത്തവിചാരം' എന്നൊരു നീണ്ട പ്രക്രിയയായിരുന്നു ഇത്. ദോഷമാരോപിക്കപ്പെട്ട സ്ത്രീയെ 'അഞ്ചാംപുര' എന്ന പ്രത്യേക മുറിയിലാക്കി (സംശയത്തിൽ കഴമ്പുണ്ടോയെന്ന് അറിയാൻ ഇല്ലത്തെ പണിക്കാരികളെ ചോദ്യംചെയ്യുന്ന 'ദാസീവിചാരം' എന്ന പരിപാടിക്കുശേഷം) അവരെ നീണ്ട ചോദ്യംചെയ്യലിനു വിധേയമാക്കി, കുറ്റസമ്മതം നടത്താതെ സ്ത്രീയെ ഭ്രഷ്ടാക്കാൻ കഴിയില്ലായിരുന്നു; സ്മാർത്തവിചാരം വലിയ ചെലവുള്ള ചടങ്ങായിരുന്നതുകൊണ്ടുതന്നെ അന്തർജനത്തെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ കടുത്ത പ്രയോഗങ്ങൾവരെ പലയിടത്തും നടത്തിയിരുന്നത്രെ. കുറ്റം സമ്മതിച്ചാൽ അവളും അവൾ പേരു വിളിച്ചുപറഞ്ഞ പുരുഷന്മാരായ കൂട്ടാളികളും സമുദായത്തിൽനിന്ന് ബഹിഷ്ക്കരിക്കപ്പെടും. ദോഷാരോപിതപുരുഷന്മാർക്ക് തങ്ങളുടെ സാധുത്വം തെളിയിക്കാൻ പല മാർഗ്ഗങ്ങളുമുണ്ടായിരുന്നു - പക്ഷേ, പുറത്തായ അന്തർജനത്തിന് നിരപരാധിത്വം തെളിയിക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. > കാണുക പുറം 213 <

രാപ്പകലുള്ള വീട്ടുവേല അന്തർജനങ്ങളുടെ ജീവിതയാഥാർത്ഥ്യമായിരുന്നു. ഇല്ലങ്ങളിൽ വലിയ സദ്യയും മറ്റും നടത്താൻ അന്തർജനങ്ങൾ പണിപ്പെടുന്നതിനെക്കുറിച്ച് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചില ലേഖകർ വിവരിച്ചിട്ടുണ്ട്. 1927ലെ നമ്പൂതിരി സ്ത്രീവിദ്യാഭ്യാസക്കമ്മിഷനു മുമ്പാകെ (നമ്പൂതിരിമാരുടെ സമുദായപ്രസ്ഥാനമായ യോഗക്ഷേമസഭയാണ് ഈ കമ്മിഷൻ സ്ഥാപിച്ചത്) തെളിവു നൽകിക്കൊണ്ട് നമ്പൂതിരിപെൺകുട്ടികളെക്കുറിച്ച് മാടമ്പ് നാരായണൻ നമ്പൂതിരി പറഞ്ഞതിങ്ങനെയാണ്:


...അധികകാലം പഠിക്കുവാൻ അവർക്കു [അന്തർജനങ്ങൾക്ക്] സമയമില്ല. എട്ടുവയസ്സിൽ അടുക്കളപ്പണിയാരംഭിക്കുന്നു! അടുക്കള മെഴുകുക, പാത്രംതേക്കുക, എച്ചിലെടുക്കുക മുതലായതെല്ലാം അവരുടെ ജോലിതന്നെ. ഇതിന്നു പുറമെ അവരുടെ സഹോദരന്മാരെ 'serve' ചെയ്യേണ്ടതും ഇവരുടെ മുറതന്നെ. ഇങ്ങനെ ഒന്നുരണ്ടുകൊല്ലം കഴിയുമ്പോഴേക്കും അതാ വേറെ ജോലിയുംകൂടി അവരുടെ തലയിൽ വച്ചുകെട്ടുന്നു. അതു മറ്റൊന്നുമല്ല; അന്തർജനഭാഷയിൽ 'നേദിക്കുക'. രാവിലെ മുതൽ 10 മണിവരെ 'നേദിക്കലും' 'നമസ്ക്കാരവും' തന്നെ. കിഴക്കോട്ട്, തെക്കോട്ട്, എന്തിനേറെ എല്ലാ കോണിലേക്കും ഗുരുവായൂരപ്പനും കാവിൽ ശാസ്താവിനും വൈക്കത്തപ്പനും കോവിൽ അയ്യപ്പനും എന്നുവേണ്ട അവർക്കും ഇവർക്കും നേദിക്കൽതന്നെ. ഇതെല്ലാം ആജീവനാന്തം വേണ്ടതുമാണ്... പിന്നെ പകലെ ഉച്ചയ്ക്കുമേൽ രണ്ടുനാഴികയുള്ളതു പുരാണപാരായണത്തിനും 'ചരടുപിടിച്ചു ജപിക്കുന്ന'തിനും ആയി.

(നമ്പൂതിരി സ്ത്രീവിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ട്, 1928, പുറം 65-66)

എന്താണിതിന്റെ അർത്ഥം? സമുദായത്തിന്റെ മർദ്ദനവും ചൂഷണവുമേറ്റ് തീർത്തും നിഷ്ക്രിയരായിത്തീർന്ന ഒരു വിഭാഗമായിരുന്നു അന്തർജനങ്ങൾ എന്നാണോ? നമ്പൂതിരിസമുദായ പരിഷ്ക്കർത്താക്കളായി 20-ാം നൂറ്റാണ്ടിൽ ഉയർന്നുവന്ന പലരുടെയും രചനകളിൽനിന്ന് ആ തോന്നൽ ഉളവായേക്കാം. 'തട്ടിൽപുറത്ത് വെയിലുകാണാതെ കിടക്കുന്ന ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങൾ' പോലെയാണ് അന്തർജനങ്ങൾ എന്ന് പ്രസിദ്ധനായ ഒരു സമുദായപരിഷ്കർത്താവ് പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ, 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലെ പത്രമാസികകൾ പരിശോധിക്കുമ്പോൾ അത്തരമൊരു ചിത്രമല്ല കിട്ടുന്നത്. കടുത്ത നിയന്ത്രണങ്ങൾക്കുള്ളിലാണെങ്കിലും ഇല്ലങ്ങളിലെ സ്ത്രീകൾ ഈ നിയമങ്ങളെ പരോക്ഷമായ രീതിയിൽ ചെറുത്ത സംഭവങ്ങൾ പത്രവാർത്തയായിരുന്നു. ക്രൂരനായ ഭർത്താവിനു കൊടുത്ത വിഷംചേർത്ത പാൽ മകൾ എടുത്തു കുടിച്ചതിനെത്തുടർന്ന് കുറ്റമേറ്റുപറഞ്ഞ അന്തർജനത്തെക്കുറിച്ചും ഉത്സവങ്ങളും കാണാനായി വേഷപ്രച്ഛന്നരായി വീട്ടിൽനിന്ന് രാത്രി പുറത്തുകടക്കുന്ന അന്തർജനങ്ങളെക്കുറിച്ചും മറ്റും വാർത്തകളുണ്ടായിരുന്നു. തങ്ങളെ ബന്ധിച്ച നിയമങ്ങളോട് പൂർണ്ണവിധേയത്വം ഇക്കൂട്ടർക്കില്ലായിരുന്നുവെന്നതിന് തെളിവാണിത്. ഇല്ലങ്ങൾക്കുള്ളിൽ പ്രായക്കൂടുതലിന് കൽപ്പിച്ചിരുന്ന പ്രാധാന്യമാണ് മറ്റൊരു കാര്യം. സ്ത്രീകൾക്ക് ഔദ്യോഗികമായ അധികാരം കുറവായിരുന്നെങ്കിലും മുതിർന്ന സ്ത്രീ


37


പെണ്ണരശുനാടോ? കേരളമോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/37&oldid=162910" എന്ന താളിൽനിന്ന് ശേഖരിച്ചത്