ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പൊയ്കയിൽ അപ്പച്ചൻ
ഇരുപതാംനൂറ്റാണ്ടിൽ കേരളത്തിലെ കീഴാളജനങ്ങളുടെ രോദനത്തെയും രോഷത്തെയും ഗാനമായും കവിതയായും പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച കീഴാളനേതാവും ഗുരുവുമായിരുന്നു പൊയ്കയിൽ അപ്പച്ചൻ. പൊയ്കയിൽ യോഹന്നാൻ, ശ്രീ കുമാര ഗുരുദേവൻ എന്നീ പേരുകളിൽ അദ്ദേഹത്തെ ജനങ്ങൾ ഇന്നും ആരാധിക്കുന്നു. തിരുവല്ലയ്ക്കടുത്തുള്ള ഇരവിപേരൂരിൽ 1879ൽ പൊയ്കയിൽവീട്ടിൽ കുഞ്ഞുളേച്ചിയുടെയും മല്ലപ്പള്ളി പുതുപറമ്പിൽ കണ്ടന്റെയും മകനായി അദ്ദേഹം ജനിച്ചു. സ്ഥലത്തെ പ്രധാനപ്പെട്ട ഒരു സുറിയാനി ക്രിസ്ത്യാനിക്കുടുംബത്തിന്റെ അടിയാളരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. കീഴാളജനങ്ങളുടെ ജീവിതത്തിന്റെ കയ്പുമുഴുവൻ കുടിച്ചുകൊണ്ടായിരുന്നു ബാല്യകാലം. സുവിശേഷപ്രചരണത്തിലൂടെ മതപരിവർത്തനം നടത്താൻ ഇംഗ്ലണ്ടിൽനിന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലേക്കു വന്ന സി.എം.എസ്. മിഷണറിമാരുടെ സ്വാധീനം അവിടങ്ങളിൽ ശക്തമായിരുന്നു. അങ്ങനെ ബാല്യകാലത്തുതന്നെ മിഷണറിപ്പള്ളിക്കൂടത്തിൽ അദ്ദേഹം എഴുത്തുപഠിച്ചു. 'കുമാരൻ' എന്ന പേര് 1891ൽ മതംമാറിയതോടെ 'യോഹന്നാൻ' എന്നാക്കി. അസാമാന്യ വാഗ്പാടവമുണ്ടായിരുന്ന യോഹന്നാൻ സുവിശേഷപ്രചാരകനായി വളരെക്കാലം ശോഭിച്ചു - പക്ഷേ, അദ്ദേഹം ബൈബിളിനെക്കുറിച്ചു മാത്രമായിരുന്നില്ല പറഞ്ഞിരുന്നത് - അടിമസന്തതികളുടെ അവസ്ഥയെക്കുറിച്ചും ഉദ്ബോധനം നടത്തിക്കൊണ്ടിരുന്നു. ക്രിസ്തീയസമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ അദ്ദേഹത്തെ അലട്ടി. ഒടുവിൽ മാർത്തോമാസഭ വിട്ടുപോകാൻതന്നെ അദ്ദേഹം തീരുമാനിച്ചു; മിഷണറിസഭകളുമായുള്ള ബന്ധവും വിച്ഛേദിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ശത്രുക്കൾ പെരുകി; ജീവനുതന്നെ ഭീഷണിയുയർന്നു. എല്ലാത്തിനെയും മറികടന്ന് അദ്ദേഹം പ്രവർത്തനം തുടർന്നു. ക്രമേണ 'പ്രത്യക്ഷരക്ഷാദൈവസഭ' എന്ന പുതിയ വിശ്വാസസഭയ്ക്ക് 1910ൽ രൂപംകൊടുത്തു. തിരുവിതാംകൂർ ഭരണാധികാരികൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അനുഭാവപൂർവ്വം വീക്ഷിച്ചു. 1921ലും 1931ലും അദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു - അടിമസന്തതികളുടെ മുഴുവൻ പ്രതിനിധിയായി. അവിടെ കീഴാളർക്കു വിദ്യാഭ്യാസസൗകര്യങ്ങൾ നേടിയെടുക്കാനും അവർക്ക് ഭൂമി ലഭ്യമാക്കാനും അദ്ദേഹം പ്രവർത്തിച്ചു. 1939ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ ഇന്നും പ്രസക്തമായിത്തന്നെ തുടരുന്നു. അപ്പച്ചന്റെ ഗാനങ്ങളിൽനിന്ന്:

താതനെ ഒരിടത്തും
മാതാവെ വേറിടത്തും
കുട്ടികളനാഥരായതും
മറപ്പതാമോ
അടിമ മറപ്പതാമോ...
...അപ്പനെയൊരിടത്തും
അമ്മയെ വേറിടത്തും
സന്താനങ്ങളങ്ങുമിങ്ങും
അലഞ്ഞു വിളിച്ചു
മാനത്തു പറക്കുന്ന
എന്റെ ചക്കിപ്പരുന്തേ
നീ പോകും ദിക്കു ദേശത്തെ
ഞങ്ങളുടെ അമ്മയെക്കണ്ടോ?
ഒരു വാമൊഴി ചൊല്ലിപ്പോയ
അപ്പനെക്കണ്ടോ?

(പി.പി സ്വാമി, ഇ.വി. അനിൽ (സമ്പാദകർ), പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ 1905-1939, 2006, പുറം 20)
അടിമത്തത്തിൽ എന്തു സ്വാതന്ത്ര്യം?
അടിമയായ കീഴാളസ്ത്രീയുടെ 'സ്വാതന്ത്ര്യം' നമ്മെ പരിഹസിച്ചു പല്ലിളിക്കുന്ന കാഴ്ചയാണ് പൊയ്കയിൽ അപ്പച്ചന്റെ ഗാനങ്ങളിൽ കാണുന്നത്. അടിമത്ത നിരോധനം യാഥാർത്ഥ്യമായപ്പോൾമാത്രമാണ് ആ സ്വാതന്ത്ര്യത്തിന് അല്പമെങ്കിലും അർത്ഥമുണ്ടായത്. എന്നിട്ടും തമ്പുരാക്കന്മാരുടെ ക്രൂരതകൾക്കു വിധേയരായ അവരുടെ സ്വാതന്ത്ര്യം അധികവും നിരർത്ഥകമായിരുന്നു. അപ്പച്ചന്റെ ഒരു ഗാനത്തിൽ ഒരു അടിമസ്ത്രീയുടെ വിലാപം:


... ഞാനുമെന്റെ കണവനും
ഏറെനാൾ താമസം ചെയ്തു
ഏഴുകുട്ടി ജനിച്ചതും മറപ്പതല്ല
മൂത്തജാതൻ പിറന്നോരു
സമയം നാമിരുവരും
ആർത്തിപൂണ്ടങ്ങിരുന്നല്ലോ എൻ കണവനേ
കാലമേറെ ചെല്ലും മുമ്പേ
മീനമാസം കിളച്ചപ്പോൾ
ജാതനാം മൂത്തകുട്ടിയെ ഉറുമ്പരിച്ചു
അടി ഇടി ഏറ്റുപിന്നെ
ഹേമദണ്ഡം ഏറ്റു പിന്നെ
രണ്ടാം കുട്ടി ജനിച്ചപ്പോൾ സങ്കടം മാറി
ഇരുവരും വേല ചെയ്താൽ
അഷ്ടിക്കണ്ടില്ലാത്ത നേരം
പാടത്തിൽപോയി ഭക്ഷണങ്ങൾ തിരക്കിയല്ലോ
ഒരുനേരം വേല ചെയ്വാൻ
കഴിവില്ലാതിരുന്നപ്പോൾ
ഉടനേ തമ്പുരാൻ കൊല ചെയ്‌വാനായി വന്നു
അരുകിൽ നിദ്രയാലെ
ഉറങ്ങിക്കിടന്ന മകളെ
മറന്നെൻ ജീവനെതേടിപോയ മകളേ
നിന്റെ തള്ള എവിടെപ്പോയ്
എന്നു ചൊല്ലി അടിച്ചതാൽ
പൊടിമണ്ണിനോടു ചേർന്നു മരിച്ചോ മകളെ
ആരോടു ഞാൻ പറയേണ്ടു
എങ്ങോട്ടു ഞാൻ പോയിടേണ്ടു
ഒട്ടുമേ സഹിപ്പതല്ല മൽപ്രിയ സഖിയേ
....
പിന്നീടിരു കുട്ടികളോ ഞാൻ


42

പെണ്ണരശുനാടോ? കേരളമോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/42&oldid=162916" എന്ന താളിൽനിന്ന് ശേഖരിച്ചത്