അവൾ മറിയത്തിന്റെ അടിക്കാതിൽ വിരലിട്ടുകൊണ്ട് അരികെ നിന്നിരുന്ന അവളുടെ അമ്മയോടു പറഞ്ഞു - "ഇതു കൊച്ചായിപ്പോയി..." ഇത്രയും പറഞ്ഞത് ഒരു ഉറച്ച വല്ലാത്ത ശബ്ദത്തോടുകൂടിയായിരുന്നു... ഇതിന്റെശേഷം അവൾ തലക്കെട്ടേൽ പിടിച്ചു പറഞ്ഞു, ഹൊ ഇതും തുലോം ചെറുതായിപ്പോയി.... വായും നല്ലകണക്കല്ല...
(ഘാതകവധം, കോട്ടയം (1877), 1996, പുറം. 108)
ഈ സ്ത്രീ അമ്മായിയമ്മയായാൽ തന്റെ ഗതി എന്താകും എന്നോർത്ത് മറിയം ദുഃഖിച്ചു.
ആ സ്ത്രീ എന്നെക്കൊണ്ടു ചെയ്യിക്കുന്ന വേലകൾ ഒന്നുകിൽ വൈകുന്നതുവരെ നെല്ലുകുത്ത്, അല്ലെങ്കിൽ പറമ്പിൽ അടിച്ചുവാരുകയും വെള്ളംകോരുകയും ചട്ടിയും കലവും തേച്ചുമെഴക്കുകയും ആയിരിക്കും. ഞാൻ വച്ചാൽ വിശേഷമെന്ന് എന്റെ അമ്മ സമ്മതിക്കുന്ന ആ നല്ല കറികൾ അവരെന്നെക്കൊണ്ടു വയ്പിക്കയില്ല. ഞാൻ മോരുകാച്ചിയാൽ എന്റെ അപ്പനു പെരുത്ത് ഇഷ്ടംതന്നെയെങ്കിലും അതും എന്നെക്കൊണ്ട് ചെയ്യിക്കുവാൻ അവർക്കു വിശ്വാസമില്ലായിരിക്കും... (പുറം. 109)
സാഹിത്യകൃതിയിലെ ഈ പരാമർശത്തെ സ്ഥിരീകരിക്കുന്ന നരവംശശാസ്ത്ര പഠനം 20-ാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. അമ്മായിയമ്മ എല്ലായ്പ്പോഴും ദുഷ്ടകഥാപാത്രമൊന്നുമല്ലെങ്കിലും മരുമകളുടെമേൽ അവർക്കു സമ്പൂർണ്ണാധികാരമുണ്ടായിരുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ അധികാരം അടുത്തകാലത്തും നിലനിന്നുവെന്നാണ് സമീപകാലത്തുണ്ടായ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാമൂഹ്യശാസ്ത്രജ്ഞയും സാഹിത്യകാരിയുമായ സൂസൻ വിശ്വനാഥൻ യാക്കോബാ സമുദായത്തെക്കുറിച്ചു നടത്തിയ പഠനത്തിൽ ചേർത്തിട്ടുള്ള ഒരു അഭിമുഖത്തിൽ ഒരാൾ ഇതേക്കുറിച്ചു പറയുന്നുണ്ട്:
പഴയകാലത്തെ പ്രശ്നം ശണ്ഠക്കാരിയായ അമ്മായിയമ്മയല്ല, ശണ്ഠക്കാരിയായ മരുമകളായിരുന്നു. അനുസരണയും കണ്ടുപഠിക്കാനുള്ള മനസ്സുമുള്ള ഒരു ചെറുപ്പക്കാരിയാന്നെങ്കിൽ, [വിവാഹത്തിന്റെ] ആദ്യത്തെ 3-4 വർഷം വളരെ വിലപ്പെട്ട വിദ്യാഭ്യാസം ആർജ്ജിക്കേണ്ട കാലമാണ്. പക്ഷേ, ഈ സമയത്ത് യാതൊരു സ്വാതന്ത്ര്യവും കാണില്ല; അതു പ്രതീക്ഷിക്കാനും വയ്യായിരുന്നു. പറഞ്ഞതുപോലെ ചെയ്തേ പറ്റൂ; സ്വന്തമിഷ്ടത്തിനൊന്നും സ്ഥാനമില്ല. അക്കാലത്തു കുടുംബം വലുതായിരുന്നു; ഒരുപാടു പണിക്കാരുണ്ടാവും; ഒരുപാട് വിരുന്നുകാർ വരും. എല്ലാവർക്കും ആഹാരം കൊടുത്തശേഷമേ പെണ്ണുങ്ങൾ ഉണ്ണാനിരിക്കൂ. ജോലിക്കൂടുതൽകൊണ്ട് ഊണുകഴിക്കാതെ കഴിച്ചുകൂട്ടേണ്ടിവരുന്ന ദിവസങ്ങളുമുണ്ടായിരുന്നു. അമ്മായിയമ്മ ചോറുതന്നില്ല എന്നൊന്നും പരാതിപ്പെട്ടിട്ടു കാര്യമൊന്നുമുണ്ടാവില്ല! ഇതൊക്കെ കുടുംബജീവിതത്തിൽ പ്രതീക്ഷിക്കേണ്ട കാര്യങ്ങൾ മാത്രമായിരുന്നു.
(Susan Viswanathan, The Christians of Kerala: History, Belief, and Ritual among the Yakoba, New Delhi, 2003, പുറം.115)
കഠിനാദ്ധ്വാനത്തിനുപുറമെ ആചാരാനുഷ്ഠാനങ്ങളിലുള്ള നിഷ്ഠയും യാഥാസ്ഥിതിക സുറിയാനി കുടുംബങ്ങളിൽ കാണാനുണ്ടായിരുന്നെന്നും അതു പാലിക്കുന്നത് സ്ത്രീകളുടെ ഉത്തരവാദിത്വമായിരുന്നെന്നും സൂചനയുണ്ട്. 1922ൽ പി.കെ. കൊച്ചീപ്പൻ തരകൻ പ്രസിദ്ധീകരിച്ച ബാലികാസദനം എന്ന നോവൽ കുടുംബപാരമ്പര്യത്തെ മുറുക്കിപ്പിടിച്ച 'നല്ല സ്ത്രീ'യായ അന്നമ്മയുടെ കുടുംബഭരണത്തെ ഇങ്ങനെ വർണ്ണിക്കുന്നു:
അതിരാവിലെ നനച്ചുകുളി, ആഴ്ചയിൽ രണ്ടു തേച്ചുകുളി, ചാണകംതളി, 'കോലമിടീൽ' മുതലായ പലതും സൂര്യന്റെ ഗതിക്കു ഭേദമുണ്ടായാൽ മാത്രമെ ആലുംമൂട്ടിലും ഭേദപ്പെടുകയുള്ളൂ. അടുക്കളയിൽ താനല്ലാതെ മറ്റാരും പ്രവേശിച്ചുകൂടാ. അടുക്കള സാമാനങ്ങളിൽ 'അജ്ഞാനികളും' അടുത്തകാലത്തു മാർഗ്ഗംകൂടിയ ക്രിസ്ത്യാനികളും തൊട്ടുകൂടാ. മുറ്റത്താരും തുപ്പിക്കൂടാ. മണ്ണെണ്ണവിളക്കു കൊളുത്തുകയില്ല. നമസ്ക്കാരവും, നോമ്പും കുമ്പസാരങ്ങളും മുടങ്ങുകയില്ല.
മരുമക്കത്തായമായാലും മക്കത്തായമായാലും പൊതുവിൽ ചില കാര്യങ്ങളുണ്ടെന്ന് ഇതുവരെയുള്ള ചർച്ചകളിൽനിന്ന് വ്യക്തമാകുന്നു. ഒന്ന്, വരേണ്യസമുദായങ്ങളിലെ കൂട്ടുകുടുംബങ്ങളിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന 'അനൗപചാരിക അധികാര'ത്തെക്കുറിച്ചാണ്. ഔപചാരിക അധികാരം സ്ത്രീകൾക്ക് കൽപ്പിക്കാത്ത സമുദായങ്ങളിലും സ്ത്രീകൾക്ക് 'അനൗപചാരിക അധികാരം' ഉണ്ടായിരുന്നു. എന്നാൽ ഈ അധികാരത്തിന് ഉറപ്പില്ലായിരുന്നു - അതുകൊണ്ട് വരേണ്യകുടുംബത്തിലെ വൃദ്ധസ്ത്രീകളെ 'ശക്തിസ്വരൂപിണികളാ'യോ 'ഗൃഹചക്രവർത്തിനിമാരാ'യോ ചിത്രീകരിക്കുന്ന രീതി പുനഃപരിശോധിക്കേണ്ടതാണ്. പ്രായവും സ്ഥാനവും അധികാരവും തമ്മിലുള്ള ബന്ധമാണ് രണ്ടാമത്തെ കാര്യം. പ്രായക്കൂടുതലുള്ള സ്ത്രീക്ക് കൂടുതൽ 'നിലയും വിലയും' രണ്ടു വ്യവസ്ഥകളിലുമുണ്ടായിരുന്നു. സ്ഥാനത്തിനും അത്രതന്നെ പ്രാധാന്യമുണ്ടായിരുന്നു. മൂന്നാമത്തെ കാര്യം, അദ്ധ്വാനത്തെക്കുറിച്ചാണ്. ഉന്നതജാതിക്കാരായ സ്ത്രീകൾ - വലിയ പ്രഭുകുടുംബത്തിൽ പിറക്കാത്തവർ - വീട്ടിനുള്ളിലും വീടിനുചുറ്റും
പെണ്ണരശുനാടോ? കേരളമോ?