ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്വാനത്തിൽ കഴിഞ്ഞ ജീവിതങ്ങളായിരുന്നു കീഴാള സ്ത്രീകളുടേത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവരുടെ അദ്ധ്വാനത്തെക്കുറിച്ച് ഒരു ലേഖകൻ/ലേഖിക എഴുതിയത് ഇങ്ങനെയാണ്:

ഇനി നമുക്ക് വേലക്കാരെയും കർഷകരെയുംകുറിച്ച് ചിന്തിക്കാം. അവരുടെയിടയിൽ നിലം ഉഴുതിടുക, കിളയ്ക്കുക, വിറകുവെട്ടുക, തെങ്ങിൽ കയറുക മുതലായ ജോലികൾ പുരുഷന്മാർ ചെയ്യാറുണ്ട്. സ്ത്രീകൾ ചാമ്പൽ, ചാണകം, തോല് ഇതൊക്കെ തലച്ചുമടായി ചുമന്നുവന്ന് മണ്ണിൽ വളമായി ചേർത്തിളക്കുന്നു; നിലങ്ങളിൽ മുട്ടറ്റം ചേറിലും ചെളിയിലുംനിന്ന് ഞാറുപറിക്കുകയും നടുകയും ചെയ്യുന്നു; അവർതന്നെ കള പറിക്കുന്നു; വിളവു പാകമാകുമ്പോൾ കൊയ്യുന്നു; കറ്റ ചുമന്ന്, മെതിച്ച്, പാറ്റി, ചിക്കി, നെല്ലെടുക്കുന്നു; തൊണ്ട് വെള്ളത്തിലിട്ട്, തല്ലിപ്പിരിച്ച് കയറാക്കുന്നു; തെങ്ങോല മെടഞ്ഞ് പുരമേയാനുള്ളതുണ്ടാക്കുന്നു; പലതരം പായകളും തുണിയും നെയ്തെടുക്കുന്നു; തേങ്ങ ഉടച്ചുണക്കി കൊപ്രയാക്കി ആട്ടി എണ്ണയെടുക്കുന്നു; ഇതുകൂടാതെ പലതരത്തിലുള്ള ജോലികളിലും കൈവേലകളിലും ഏർപ്പെടുന്നു. നമ്മുടെ കൈവേലകൾ അധികവും പിന്തുടരുന്നത് സ്ത്രീകളാണെന്ന് സൂക്ഷ്മചിന്തയിൽ വ്യക്തമാകും. മാത്രമല്ല, ശൂദ്രരിൽ താഴെയുള്ള ജാതികളായ മാപ്പിള, തീയ്യ, കണക്ക, ചെറു, പുലയ, നായാടി മുതലായവയിൽ സ്ത്രീകളാണ് ശരീരത്തിനും മനസ്സിനും ആയാസമുള്ള ജോലികൾ, വളരെ കൂടുതൽ സമയം, ചെയ്യുന്നത്.

(കെ.പി.എം., 'സ്ത്രീകൾ അബലകളാണോ?', ലക്ഷ്മീഭായി 2 (8), 1907)

പലതരം അദ്ധ്വാനമായിരുന്നു കീഴാളസ്ത്രീകളുടേത്. മേലാളന്മാർക്കുവേണ്ടി ഉത്പാദനപരമായ അദ്ധ്വാനം മാത്രമല്ല അവർ ചെയ്തിരുന്നത് - പാടത്തു പണിയെടുക്കുന്നതിനു പുറമെ മേലാളരുടെ വീടുകൾക്കു ചുറ്റുമുള്ള പല പണികളും അവർ ചെയ്തുവന്നു. മേലാളപുരുഷന്മാരെ ലൈംഗികമായി സന്തോഷിപ്പിക്കുന്നതിനും അവർ നിയോഗിക്കപ്പെട്ടു. കേരളത്തിലെ ജാതിവ്യവസ്ഥയുടെ പ്രത്യേകത 'തീണ്ടൽ' ആയിരുന്നുവെന്നകാര്യം പ്രസിദ്ധമാണല്ലോ. കീഴ്ജാതിക്കാരെ തൊട്ടുകൂടെന്നു മാത്രമല്ല, അവരെ സമീപത്തു കണ്ടാൽപോലും 'അശുദ്ധ'മാകുമെന്ന വിശ്വാസമാണ് 'തീണ്ടൽ'. പക്ഷേ, ഇക്കാര്യത്തിന് 'തീണ്ടലൊ'ന്നും ബാധകമായിരുന്നില്ല - അതു കുളിച്ചാൽ പോകുമെന്നായിരുന്നു വിശ്വാസം! കൃഷിയിടങ്ങളിൽനിന്ന് പണിശാലകളിലേക്ക് - ഫാക്ടറികളിലേക്ക് - കീഴാളർ 20-ാം നൂറ്റാണ്ടിൽ നീങ്ങിത്തുടങ്ങിയപ്പോൾ > കാണുക പുറം 227 < ഈ കഠിനവ്യവസ്ഥ അവരെ പിന്തുടർന്നു. കശുവണ്ടിത്തൊഴിലാളികളായി മാറിയവരുമായി അന്നാ ലിന്റ്ബർഗ് (Anna Lindberg) നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ ഇതു തെളിയുന്നുണ്ട് (കാർഷികരംഗത്ത് വളരെക്കാലം ഇതു തുടർന്നുവെന്നു സൂചിപ്പിക്കുന്ന പഠനങ്ങൾ വേറെയുണ്ട്).

തിരുവിതാംകൂർ പ്രദേശത്തുനിന്ന് മലബാർഭാഗത്തേക്ക് കൃഷിഭൂമിതേടിയുള്ള കർഷകരുടെ കുടിയേറ്റം ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയോടെ ശക്തിപ്രാപിച്ചു തുടങ്ങിയിരുന്നു. അങ്ങനെ സ്ഥലംമാറി കാടുകൾ വെട്ടിത്തെളിക്കാൻ പുറപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ അതികഠിനമായ അദ്ധ്വാനത്തെക്കുറിച്ച് നിരവധി കഥകൾ - സാഹിത്യരൂപത്തിലും അല്ലാതെയും - ഇന്നു നാം കേൾക്കുന്നുണ്ട്. മലമ്പനിയെയും കാട്ടുമൃഗങ്ങളെയും ഭയന്ന്, രാപ്പകൽ കൃഷിഭൂമിയിൽ അദ്ധ്വാനിച്ചുകൊണ്ട് സ്വന്തം കുടുംബങ്ങളുടെ നില ഭദ്രമാക്കാൻ അവർ തീവ്രമായി പരിശ്രമിച്ചു. പുരുഷൻ ചെയ്ത എല്ലാ ജോലികളും ചെയ്തു, കൊടും തണുപ്പിലും. തുല്യമായി പണിയെടുക്കുകയെന്നത് പിടിച്ചുനിൽക്കാനുള്ള ഏകമാർഗ്ഗമായിരുന്നതുകൊണ്ട് 'സ്ത്രീക്ക് വീട്ടുപണി, പുരുഷന് കൂലിപ്പണി' മുതലായ ഇന്നത്തെ സാമാന്യബോധമൊന്നും അവിടെ അന്നു ചെലവാകുകയില്ലായിരുന്നു! ഒരേ പണി ചെയ്തതുപോലെ സ്ത്രീപുരുഷന്മാർ ഒന്നിച്ചിരുന്നു പുകവലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നത് ആദ്യകാലങ്ങളിലൊന്നും വലിയ ഞെട്ടലുളവാക്കിയിരുന്നില്ലെന്നു പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.

ഫാക്ടറികളിലെ കീഴാളരായ സ്ത്രീത്തൊഴിലാളികളിൽനിന്ന് ലൈംഗികമായ വിധേയത്വം പ്രതീ


47


പെണ്ണരശുനാടോ? കേരളമോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/47&oldid=162921" എന്ന താളിൽനിന്ന് ശേഖരിച്ചത്