ഡൽഹിയിലെ തൂപ്പുവേലയെടുക്കുന്ന സ്ത്രീകൾക്കിടയിൽ അവർ പണിയെടുത്തിരുന്നു; അഭ്യസ്തവിദ്യരായ ദലിത്‌സ്ത്രീകളുടെ ദേശീയ കൂട്ടായ്മയിൽ അംഗമായിരുന്നു. മരണത്തിന് അൽപ്പകാലംമുമ്പ് അവർ ഈ കൂട്ടായ്മയ്ക്കൊപ്പം (1970കളുടെ ഒടുക്കം) ദലിത്‌സ്ത്രീകളുടെ ദേശീയസമ്മേളനം ഡൽഹിയിൽ നടത്തി. ഞാൻ കൂടെപ്പോയിരുന്നു - അമ്മ ഇതിനായി വീടുവീടാന്തരം കയറിയിറങ്ങി ദലിത്‌ഭവനങ്ങളിൽനിന്ന് ധനശേഖരണം നടത്തിയപ്പോൾ. ഒടുവിൽ 'മഹിളാജാഗൃതീ പരിഷത്ത്' എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്‌സംഘടയ്ക്ക് അവർ ജന്മംകൊടുത്തു. ഈ പ്രവർത്തനകാലംമുഴുവൻ അവർ എൽ.ഐ.സിയിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥയായി ജോലിനോക്കിയിരുന്നു. മിക്ക സ്ത്രീകളെയുംപോലെ, കുടുംബം പുലർത്തിയിരുന്നു. ഞാൻ 1990കളുടെ മദ്ധ്യത്തിൽ രൂപീകൃതമായ ദലിത്‌സ്ത്രീ ദേശീയ ഫെഡറേഷന്റെ ഭാഗമായിത്തീർന്നത് യാദൃശ്ചികമായല്ല; ആ ബന്ധം പണ്ടേയുണ്ടായിരുന്നു.
എന്റെ അച്ഛൻ പഴയ ജന്മിത്ത തിരുവിതാംകൂറിലെ ഉഴവൂർ പ്രദേശത്തുള്ള ഒരു പരവകുടുംബത്തിൽനിന്നാണ്. അദ്ദേഹത്തിന്റെ അച്ഛൻ ആയുർവ്വേദ വൈദ്യനായിരുന്നതുകൊണ്ട് അവരുടെ ജന്മി മക്കളെ പള്ളിക്കൂടത്തിലയയ്ക്കാനനുവദിച്ചു. അദ്ദേഹത്തിന്റെ സഹോദരന്മാർ ജനസമ്മതിയാർജ്ജിച്ച കർഷകനേതാക്കളായിരുന്നു, കേരളത്തിന്റെ കാർഷികചരിത്രത്തിൽ അവർ അദൃശ്യരാണെങ്കിലും. ഗാന്ധിജിയാണ് എന്റെ അച്ഛനെ കണ്ടെടുത്തത്, കോളജിൽ നടന്ന ഒരു പ്രതിഷേധസമരത്തിനിടയിൽനിന്ന്. ബോംബെയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സാമൂഹ്യശാസ്ത്രം പഠിച്ചിറങ്ങിയ ആദ്യ വിദ്യാർത്ഥികളിലൊരാളായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോടടുത്തശേഷം രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിജയിച്ചു - അന്ന് സംവരണമണ്ഡലമല്ലായിരുന്ന കൊല്ലത്തുനിന്ന്. രണ്ടാമത്തെ തവണ ഇടതുസ്വതന്ത്രനായാണ് മത്സരിച്ചത്. ഡൽഹിയിൽ പലവിധത്തിലുള്ള ഇടതുരാഷ്ട്രീയപ്രവർത്തനങ്ങളിലും ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. അദ്ദേഹം നടത്തിയിരുന്ന നിരവധി യാത്രകളിലൂടെ കുട്ടികളായ ഞങ്ങൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധമുണ്ടായി. അവസാനനാളുകളിൽ ബുദ്ധമതത്തോട് അദ്ദേഹം പ്രതിപത്തികാട്ടിയിരുന്നു.
വീട്ടിൽ ഞങ്ങൾ മലയാളം സംസാരിച്ചിരുന്നെങ്കിലും വടക്കേയിന്ത്യയിൽ ജനിച്ചുവളർന്നതുകൊണ്ട് ഹിന്ദിയാണ് മാതൃഭാഷയായി എനിക്ക് അനുഭവപ്പെട്ടിരുന്നത്. എങ്കിലും പലയിടങ്ങളിലും വേരുകളുണ്ടെന്ന തോന്നൽ എപ്പോഴും എനിക്കുണ്ടായിരുന്നു. ബിരുദാനന്തരപഠനത്തിനുശേഷം ഞാൻ നടത്തിയ ഗവേഷണമധികവും കേരളത്തിലായിരുന്നു. കേരളത്തിനു പുറത്തു ജീവിക്കേണ്ടിവന്നതിൽ എന്റെ അമ്മ അനുഭവിച്ച നഷ്ടബോധത്തെ ഏതോ വിധത്തിൽ പരിഹരിക്കാനുള്ള എന്റെ ശ്രമമായിരുന്നിരിക്കാം, ഒരുപക്ഷേ, ഇത്!
അഞ്ചുമക്കളിൽ ഏകമകളായിരുന്നു ഞാൻ എന്നതുകൊണ്ട് അച്ഛനമ്മമാരുടെയും ആങ്ങളമാരുടെയും പ്രത്യേക പരിഗണന എനിക്കുണ്ടായിരുന്നു. തുടർച്ചയുള്ള വിദ്യാഭ്യാസം എനിക്കു ലഭിക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. പലപ്പോഴും ഫീസിനുംമറ്റും ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ, വിദ്യാലയകാലത്തുതന്നെ എന്റെ ജീവിതം ഞാൻതന്നെ കെട്ടിപ്പടുക്കുമെന്ന തീരുമാനത്തിൽ ഞാൻ എത്തിക്കഴിഞ്ഞിരുന്നു. ഒരു 'രാഷ്ട്രീയവ്യക്തി'യാണ് ഞാനെന്ന് തികഞ്ഞ അഭിമാനബോധത്തോടെ പ്രഖ്യാപിക്കാൻ എനിക്ക് അച്ഛന്റെ പ്രരണയുമുണ്ടായിരുന്നു. 1980കളുടെ സവിശേഷസാഹചര്യങ്ങളിലാണ് എന്റെ ബുദ്ധിപരവും രാഷ്ട്രീയവുമായ ബോധം രൂപമെടുത്തത്. പ്രത്യേകിച്ച്, ഞാൻ സ്ത്രീപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നത്. എല്ലായ്പ്പോഴും ഞാൻ തെരഞ്ഞെടുപ്പുകൾ നടത്തിയത് നീതിബോധത്തോടുകൂടിയാണ് - എന്റെ അച്ഛനമ്മമാരെപ്പോലെ തന്നെ. ⚫