ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശരി, ഇതൊക്കെ വളരെ രസകരംതന്നെ. എങ്കിലും ഇങ്ങനെ ഒരു റാണിയെ കണ്ടെടുത്തതിൽനിന്ന് നമ്മൾ കൂടുതലായി എന്തെങ്കിലും പഠിക്കുന്നുണ്ടോ? ഉമയമ്മയെപ്പോലെ ശേഷിയും ശേമുഷിയും തികഞ്ഞവരായിരുന്നു അന്നത്തെ പെണ്ണുങ്ങളെല്ലാവരും എന്നു പറയാൻ പറ്റില്ലല്ലോ. എന്തിന്, അന്നത്തെ മേലാളസ്ത്രീകളെല്ലാവരും ഇതു പോലെയായിരുന്നെന്നുപോലും പറയാനൊക്കില്ല! സമീപകാലത്തും കാര്യങ്ങൾ മാറിയിട്ടില്ല. ഇന്ദിരാഗാന്ധി, സിരിമാവോ ബണ്ഡാരനായകെ, ബേനസീർ ഭൂട്ടോ, ഷേയ്ഖ് ഹസീന - ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബാംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിപദംവരെ എത്തിയ ഈ സ്ത്രീകളുണ്ടായതുകൊണ്ട് ഇവിടങ്ങളിലെ സ്ത്രീജനങ്ങൾക്ക് അധികാരവും അംഗീകാരവും ലഭിച്ചുവെന്ന് പറയാനാവില്ലല്ലോ. പക്ഷേ, ഉമാകേരളത്തിലെ റാണിയുടെ ചിത്രവും ചരിത്രരേഖകൾ വെളിപ്പെടുത്തുന്ന ചിത്രവും ഇത്രയും വ്യത്യസ്തമായതെന്തുകൊണ്ട് എന്നു ചോദിക്കുന്നതിലൂടെ നമുക്ക് കുറേക്കൂടി വലുതായ, ഇന്നത്തെ നമ്മുടെ ജീവിതത്തെ നേരിട്ടു സ്പർശിച്ച ഒരു ചരിത്രപ്രക്രിയയെപ്പറ്റി കൂടുതൽ അറിവുണ്ടാകുന്നു. അതായത് കേരളത്തിലെ സ്ത്രീകൾ - മേലാളസ്ത്രീകൾപോലും - രാഷ്ട്രീയാധികാരത്തിന്റെ ഉയർന്ന മേഖലകൾക്കു പുറത്തായ പ്രക്രിയയെപ്പറ്റി.

ഉമയമ്മറാണി എടുത്തുപയോഗിച്ച അധികാരത്തെക്കുറിച്ചുള്ള രേഖകൾ വിരൽചൂണ്ടുന്നത് അക്കാലത്ത് ഇവിടെ നടപ്പിലുണ്ടായിരുന്ന രാഷ്ട്രീയാധികാരത്തിന്റെ ഒരു പ്രത്യേകതയിലേക്കാണ്. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലധികവും സ്ത്രീകൾക്ക് കിരീടാവകാശം ഇല്ലായിരുന്നു. രാജാവ് അന്തരിച്ചാൽ കിരീടാവകാശിയായ കുമാരന് പ്രായപൂർത്തിയായിട്ടില്ലാത്ത സാഹചര്യമാണുള്ളതെങ്കിൽമാത്രം റാണി താൽക്കാലികചുമതലയേറ്റിരുന്നു. കുമാരൻ മുതിർന്നാലുടൻ ആ സ്ഥാനം അവസാനിക്കുകയും ചെയ്യും. ഇംഗ്ലീഷുകാർ ഈ സമ്പ്രദായത്തെ റീജൻസി (regency) എന്നു വിളിച്ചു. പക്ഷേ, കേരളത്തിൽ പലയിടത്തും ഇക്കാര്യത്തിൽ ചില വ്യത്യാസങ്ങൾ കണ്ടിരുന്നു.

ബ്രിട്ടിഷുകാർ പത്തൊമ്പതാംനൂറ്റാണ്ടോടുകൂടി ഇവിടത്തെ നാട്ടുരാജ്യങ്ങളെ കീഴടക്കുന്നതിനു മുമ്പുള്ള കാര്യമാണ് പറയുന്നത് - ഉമയമ്മറാണിയുടെ കാലത്ത് ബ്രിട്ടിഷുകാർ ഇതിന് ശ്രമിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. നേരത്തെ പറഞ്ഞതുപോലെ പതിനേഴാംനൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇവിടെ നിരവധി ചെറുസ്വരൂപങ്ങളാണുണ്ടായിരുന്നത്. ഇവയിൽ മിക്കവയിലും അധികാരം ഏറ്റവുംമൂത്ത പുരുഷനായിരുന്നു. എന്നാൽ പല സ്വരൂപങ്ങളിലും പുരുഷസന്തതി ഇല്ലാതെവന്ന അവസരങ്ങളിൽ മൂത്ത സ്ത്രീക്ക് ലഭിച്ചിരുന്നത് പൂർണാധികാരമായിരുന്നു - അതായത് മൂപ്പെത്താത്ത പുരുഷസന്തതിയുടെ പ്രതിനിധിയായിട്ടല്ല മൂത്ത സ്ത്രീ ഭരണംനടത്തിയിരുന്നത്. സ്വന്തംനിലയിൽത്തന്നെയായിരുന്നു. 'തമ്പുരാൻ' എന്ന പദത്തെ ഇന്നു നാം പുരുഷന്മാരോടാണ് ബന്ധപ്പെടുത്താറുള്ളത്. എന്നാൽ പണ്ട് രാജകുടുംബങ്ങളിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ നാമം ബാധകമായിരുന്നു - പലപ്പോഴും മൂത്ത തമ്പുരാട്ടിയെന്നല്ല, മൂത്ത തമ്പുരാൻ എന്നാണ് ആറ്റിങ്ങൽ റാണിയെ വിശേഷിപ്പിച്ചിട്ടുളളത്. തൃപ്പാപ്പൂർ, ദേശിങ്ങനാട് എന്നീ സ്വരൂപങ്ങളുടെ മൂപ്പവകാശം ആറ്റിങ്ങൽ തമ്പുരാട്ടിമാരുടെ പുരുഷസന്തതികൾക്കായിരുന്നു. (ഇതിനെക്കുറിച്ചാണ് മുമ്പു പറഞ്ഞ യൂറോപ്യൻ സൈനികന്റെ ഉദ്ധരണി). ഇങ്ങനെ ആറ്റിങ്ങൽ തമ്പുരാട്ടിമാർക്ക് മാതൃസ്ഥാനമുണ്ടായിരുന്ന സ്വരൂപങ്ങളിൽ മൂപ്പു വാഴാൻ പുരുഷസന്താനമില്ലാതെയായാൽ, തമ്പുരാട്ടിമാർതന്നെ മൂപ്പേറിയിരുന്നതായി തെളിവുണ്ട്. ഉദാഹരണത്തിന് പതിനേഴാംനൂറ്റാണ്ടിൽ (1650കളിൽ) തൃപ്പാപ്പൂർ സ്വരൂപത്തിന്റെ മൂപ്പ് ആറ്റിങ്ങൽ മൂത്ത തമ്പുരാട്ടിയായിരുന്ന ആയില്യം തിരുനാളാണ് ഏറിയിരുന്നത്. അപ്പോൾ അവർക്കു തൊട്ടുതാഴെയുണ്ടായിരുന്ന രണ്ടാംമുറ ഇളയതമ്പുരാട്ടിയായിരുന്ന മകയിരംതിരുനാൾ ദേശിങ്ങനാട് സ്വരൂപത്തിന്റെ മൂപ്പേറിയിരുന്നു. (മുൻചൊന്ന സൈനികന്റെ ഉദ്ധരണിയിലെ മൂത്തതമ്പുരാട്ടി ഇവരായിരുന്നു). ആറ്റിങ്ങൽ റാണിമാർക്ക് പുരുഷസന്തതി ഇല്ലാതെവന്ന അവസരങ്ങളായിരുന്നു ഇവയെന്ന് കെ. ശിവശങ്കരൻ നായർ പറയുന്നു. ഇതുകൂടാതെ രണ്ടു സ്വരൂപങ്ങളിൽ - തെക്ക് ആറ്റിങ്ങലും വടക്ക് അറയ്ക്കലും - പെണ്ണുങ്ങൾ നേരിട്ട് മൂപ്പ് വാണിരുന്നു. അപ്പോൾ ഉമയമ്മയുടെ ഭരണാധികാരമോഹം നാട്ടുനടപ്പിന് അത്രയ്ക്കൊന്നും വിരുദ്ധമായിരുന്നില്ലെന്നർത്ഥം!

ഇന്നത്തെ കണ്ണൂർജില്ലയിലുണ്ടായിരുന്ന അറയ്ക്കൽസ്വരൂപം ഇസ്ലാംമത വിശ്വാസികളായിരുന്നുവെങ്കിലും മക്കത്തായ കുടുംബമായിരുന്നില്ല. ഇവിടെ കാരണവസ്ഥാനം മൂത്ത സ്ത്രീ വഹിച്ചിരുന്നു. ബ്രിട്ടിഷുകാരുടെ രേഖകളിൽ പലപ്പോഴും ഇവിടത്തെ യഥാർത്ഥ ഭരണാധികാരി മൂത്ത പുരുഷന്മരായിരുന്നുവെന്ന് പറയുന്നുമുണ്ട്. പക്ഷേ, എല്ലാ രാജകീയവിളംബരങ്ങളും ഉടമ്പടികളും ഭരണാധികാരിയായ അറയ്ക്കൽബീവിയുടെ പ്രത്യക്ഷസമ്മതത്തോടുകൂടി മാത്രമേ നടപ്പിൽവരൂ എന്ന് ഈ രേഖകൾതന്നെ പറയുന്നുണ്ട്. എന്തായാലും പതിനെട്ടാംനൂറ്റാണ്ടിൽ ഇവിടെ മൂപ്പുവാണവരുടെ


59


കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/59&oldid=162934" എന്ന താളിൽനിന്ന് ശേഖരിച്ചത്